തെലങ്കാന തിരഞ്ഞെടുപ്പ്: മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ പൊന്നല ലക്ഷ്മയ്യ കോൺഗ്രസ് വിട്ടു. വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടിയും-കോണ്‍ഗ്രസും ലയിക്കാനുള്ള സാധ്യതമങ്ങി

നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ കൊഴിഞ്ഞുപോക്കുകള്‍ ഉണ്ടായേക്കുമെന്ന സൂചന നൽകി തെലങ്കാന രാഷ്ട്രീയം. തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി മുൻ അദ്ധ്യക്ഷനും – മുൻ മന്ത്രിയുമായ പൊന്നല ലക്ഷ്മയ്യ കോൺഗ്രസ് വിട്ടു. സ്ഥാനാർത്ഥി നിർണയത്തിൽ മുതിർന്ന നേതാക്കളെ തഴയുന്നു എന്ന് ആരോപിച്ചാണ് ലക്ഷമയ്യയുടെ പടിയിറക്കം. കോൺഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയ്ക്ക് പൊന്നല ലക്ഷ്മയ്യ രാജിക്കത്ത് നൽകി.

തിരഞ്ഞെടുപ്പ് വിദഗ്ധനും കോൺഗ്രസ് ടാസ്ക് ഫോഴ്സ് അംഗവുമായ സുനിൽ കനുഗോലു നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ ചില മുതിർന്ന നേതാക്കളുടെ പേരുകൾ തടഞ്ഞുവെച്ചത് അനിഷ്ടത്തിന് കാരണമായിട്ടുണ്ട്. സീറ്റ് നൽകുന്നതിലുളള തർക്കമാണ് രാജിയിൽ കലാശിച്ചതെന്നും സൂചനയുണ്ട്. ജങ്കാവ് ഡിസിസി അദ്ധ്യക്ഷൻ കൊമ്മൂരി പ്രതാപ് റെഡ്ഡിയുടെ സ്ഥാനാർത്ഥിത്വത്തിനായി പാർട്ടിയിലെ ഒരു വിഭാഗം മുതിർന്നവർ ശ്രമിക്കുന്നത് ജങ്കാവ് അസംബ്ലി ടിക്കറ്റ് പ്രതീക്ഷിച്ചിരുന്ന പൊന്നല ലക്ഷ്മയ്യയെ അസ്വസ്ഥനാക്കിയതായി പറയപ്പെടുന്നു.

അതിനിടെ, തെലങ്കാനയില്‍ വൈ എസ് ശര്‍മ്മിള നേതൃത്വം നല്‍കുന്ന വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ ലയിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് അന്ത്യമായി. വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി ഒറ്റക്ക് മത്സരിച്ചേക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണിത്. അവിഭക്ത ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അന്തരിച്ച വൈ എസ് രാജശേഖര റെഡ്ഡിയുടെ മകളും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരിയുമായ ശര്‍മ്മിള, മാതാവ് വൈ എസ് വിജയമ്മ, ഭര്‍ത്താവ് അനില്‍ കുമാര്‍ എന്നിവരെല്ലാം സ്ഥാനാര്‍ത്ഥികളാവും.
കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. പക്ഷെ താന്‍ മുന്നോട്ടുവെച്ചിരുന്ന നിര്‍ദേശങ്ങളില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ നിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ലെന്ന് ഷര്‍മ്മിള പറഞ്ഞു. താന്‍ പാലൈര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് മത്സരിക്കും. സംസ്ഥാനത്തെ 119 സീറ്റുകളിലും പാർട്ടി ഒറ്റക്ക് മത്സരിക്കുമെന്നും ശർമ്മിള പറഞ്ഞു