യുദ്ധം എട്ടാം ദിവസത്തിലേക്ക്; പലായനം ചെയ്യുന്നവരുടെ നേർക്കും ഇസ്രയേലിന്റെ ആക്രമണമെന്ന് ഹമാസ്; ഇന്നലെ ഒരു മാധ്യമ പ്രവർത്തകൻ കൂടി കൊല്ലപ്പെട്ടു; ഉടൻ കരയുദ്ധത്തിന് നീക്കം

ഇസ്രയേലിന്റെ അന്ത്യശാസനത്തെതുടര്‍ന്ന് വടക്കന്‍ ഗാസയില്‍ നിന്ന് പതിനായിരങ്ങള്‍ പലായനം ചെയ്യുന്നത് തുടരുകയാണ്. യുദ്ധം എട്ടാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ജീവന്‍ നഷ്ടപ്പെട്ടത് 2000 പലസ്തീനികള്‍ക്കും 1300 ഇസ്രയേല്‍ പൗരന്മാര്‍ക്കുമാണ്. ഗാസയില്‍ നടത്തിയ വ്യോമാക്രമണം തുടക്കം മാത്രമാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറയുന്നു.

ഇസ്രയേലിന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്നലെ ഒരു മാധ്യമപ്രവര്‍ത്തകന്‍ കൂടി കൊല്ലപ്പെട്ടിരുന്നു. തെക്കന്‍ ലെബനന്‍ അതിര്‍ത്തിയിലുണ്ടായ വ്യോമാക്രമണത്തില്‍ റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകന്‍ ഇസാം അബ്ദുള്ളയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ അല്‍ ജസീറ മാധ്യമപ്രവര്‍ത്തകനും ക്യാമറാമാനും പരുക്കേറ്റു.

ഗാസയില്‍ നിന്നും പലായനം ചെയ്യുകയായിരുന്ന സംഘത്തിന് നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇസ്രയേലിന്‍റെ മുന്നറിയിപ്പിന് പിന്നാലെ പതിനായിരക്കണക്കിന് ആളുകളാണ് ഗാസയില്‍ നിന്നും പലായനം ചെയ്യുന്നത്.

ഒഴിഞ്ഞ് പോകുന്നവര്‍ക്ക് മേലും ഇസ്രയേല്‍ ആക്രമണം നടത്തുകയാണെന്നും ഇസ്രയേലിന്‍റെ വ്യോമാക്രമണത്തിലാണ് 70 പേരും കൊല്ലപ്പെട്ടതെന്നും ഹമാസ് കുറ്റപ്പെടുത്തി. ഇതിനിടയില്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. തെക്കന്‍ ലബാനോനില്‍ ജോലി ചെയ്യുകയായിരുന്ന ന്യൂസ് വീഡിയോഗ്രാഫര്‍ ഇസ്സാം അബ്ദുല്ലയാണ് മരിച്ചത്. ഈ പ്രദേശത്ത് ലൈവ് ന്യൂസ് കവറേജിനായി പോയ റോയിട്ടേഴ്‌സ് സംഘത്തിലെ അംഗമായിരുന്നു ഇസ്സാം.

ഹമാസ് നിയന്ത്രണത്തിലുള്ള ഗാസയില്‍ കരയുദ്ധത്തിന് സന്നാഹവുമായി ഇസ്രയേല്‍. ഹമാസ് മേഖലയില്‍ ഇസ്രയേല്‍ റെയ്ഡ് തുടങ്ങിയത് കരയുദ്ധം ഉടനെന്ന സൂചന നല്‍കുന്നതാണെന്നാണ് വിലയിരുത്തല്‍. ബന്ദികളെ തിരയുകയും മേഖലയുടെ നിരായുധീകരണവുമാണ് റെയ്ഡ് വഴി ലക്ഷ്യം വയ്ക്കുന്നതെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ വിശദീകരണം. ബന്ദികളെ കണ്ടെത്താന്‍ സഹായിക്കുന്ന തെളിവുകള്‍ ലഭിച്ചെന്ന് ഇസ്രയേല്‍ സൈന്യം പറയുന്നു. വടക്കന്‍ ഗാസയിലെ 11 ലക്ഷം ജനങ്ങളോട് തെക്കന്‍ മേഖലയിലേക്ക് മാറാന്‍ ഇസ്രയേല്‍ അന്ത്യശാസനവും നല്‍കിയിരിക്കുകയാണ്.