മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മാർഗ്ഗതടസ്സം; കേൾവി പരിമിതിയുളള അന്യസംസ്ഥാന വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു

കൊല്ലം: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മാർഗ്ഗതടസ്സം സൃഷ്ടിച്ചെന്ന് ആരോപിച്ച് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേൾവി പരിമിതിയുളളതും സംസാര ശേഷിയില്ലാത്തവരുമായ നാല് യുവാക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വാഹനവ്യൂഹം ഫോൺ മുഴക്കിയിട്ടും വഴിമാറാത്തതിനെ തുടർന്നാണ് ചടയമംഗലം പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.

ചടയമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് വിദ്യാർത്ഥികളുടെ വാഹനം മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മാർഗ്ഗതടസ്സം സൃഷ്ടിക്കുകയായിരുന്നു. നാലുപേരും അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ്. ഇവർ കേരളത്തിലേക്ക് വിനോദ സഞ്ചാരത്തിനായി എത്തിയതായാണ് പ്രാഥമിക വിവരം. ശക്തമായ മഴയെ തുടർന്ന് ഒന്നും കാണാൻ സാധിച്ചില്ല എന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. എന്നാൽ ഇവരെ തുടർന്നുള്ള യാത്രയ്ക്ക് അനുവദിക്കുന്നത് വലിയ അപകടം സൃഷ്ടിക്കുമെന്നും അതിനാൽ അധ്യാപകർ വന്ന ശേഷം മാത്രമേ വിടുകയുള്ളു എന്നും പൊലീസ് അറിയിച്ചു.