‘വിരല്‍ത്തുമ്പില്‍ എം.എല്‍.എ’ തുണയായി; സോഹയും സനിന്‍ അഹമ്മദും ഇനി വൈദ്യുതി വെളിച്ചത്തില്‍ പഠിക്കും

മലപ്പുറം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി സോഹക്കും സഹോദരനായ ഒമ്പതാം ക്ലാസുകാരന്‍ സനിന്‍ അഹമ്മദിനും ഇനി വൈദ്യുതി വെളിച്ചത്തില്‍ പഠിക്കാം. വീട്ടില്‍ വൈദ്യുതി കണക്ഷന്‍ ഇല്ലാത്തതിനാല്‍ മെഴുകുതിരി വെളിച്ചത്തില്‍ പഠിക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് നജീബ് കാന്തപുരം എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്ന് വൈദ്യുതി വെളിച്ചത്തില്‍ പഠിക്കാനുള്ള സൗകര്യമൊരുങ്ങിയത്.

മലപ്പുറം ജില്ലയിലെ ഏലംകുളം കുന്നക്കാവ് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണിവര്‍. നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന വിരല്‍ത്തുമ്പില്‍ എം.എല്‍.എ എന്ന പദ്ധതിയില്‍ ലഭിച്ച പരാതിയെത്തുടര്‍ന്നാണ് നജീബ് കാന്തപുരം എം.എല്‍.എ വിഷയത്തില്‍ ഇടപെട്ടത്. വൈദ്യുതി ഇല്ലാത്തത് മൂലം ഇവര്‍ നേരിടുന്ന ദുരിതം സംബന്ധിച്ച് സ്‌കൂളിലെ അധ്യാപകന്‍ സുബൈറാണ് വിരല്‍ത്തുമ്പില്‍ എം.എല്‍.എ എന്ന പദ്ധതിയുടെ വാട്ട്‌സാപ്പ് നമ്പറിലേക്ക് പരാതി അയച്ചത്. വിഷയം ശ്രദ്ധയില്‍പ്പെട്ടതോടെ എം.എല്‍.എ വിഷയത്തില്‍ ഇടപെടുകയായിരുന്നു.

എസ്.എസ്.എല്‍.സിക്ക് പഠിക്കുന്ന സോഹയും സഹോദരന്‍ സനില്‍ അഹമ്മദും മെഴുകുതിരി വെട്ടത്തില്‍ കഷ്ടപ്പെട്ടാണ് പഠിക്കുന്നതെന്ന് മനസ്സിലാക്കിയ എം.എല്‍.എ വിഷയത്തില്‍ നേരിട്ട് ഇടപെടുകയായിരുന്നു. വിരല്‍ത്തുമ്പില്‍ എം.എല്‍.എ പദ്ധതിയുടെ വളണ്ടിയര്‍മാര്‍ ഇവരുടെ വീട് സന്ദര്‍ശിച്ച് രേഖകള്‍ ശരിയാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ഏറ്റെടുത്തു. കെ.എസ്.ഇ.ബി പുലാമന്തോള്‍ സെക്ഷനിലെ ഉദ്യോഗസ്ഥരും കെ.എസ്.ഇ.ബി. കരാറുകാരന്‍ നൗഫലും നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിന് എം.എല്‍.എ ഓഫീസിനെ സഹായിച്ചു. എം.എല്‍.എക്കൊപ്പം ഉദ്യോഗസ്ഥരും കരാറുകാരും ഒരുമിച്ചു നിന്നതോടെയാണ് ഈ വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ വേഗത്തില്‍ വെളിച്ചമെത്തിക്കാനായത്.

ഏലംകുളം ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ പുളിങ്കാവ് ചീരട്ടാമല കോട്ടപ്പറമ്പ് പള്ളിത്തൊടി ഷമീറയുടെയും ഖുര്‍റമിന്റയും മക്കളാണ് സോഹയും സനിന്‍ അഹമ്മദും. ഇരുവരും പഠനത്തില്‍ മിടുക്കരാണ്. ഒരു വര്‍ഷം മുമ്പാണ് ഈ കുടുംബം ഇവിടെ വീട് വെച്ച് താമസമാരംഭിച്ചത്. വീട് വെക്കുന്നതിന് വാഴത്തൊടി ഇബ്രാഹിം ഹാജിയാണ് ഇവര്‍ക്ക് നാലര സെന്റ് സ്ഥലം സൗജന്യമായി നല്‍കിയത്. ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏലംകുളം ഗ്രാമ പഞ്ചായത്ത് വീട് നിര്‍മ്മിച്ചു നല്‍കുകയും ചെയ്തു.

മെഴുകുതിരി വെളിച്ചത്തില്‍ പഠിച്ചാണ് സോഹ ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ 9 വിഷയങ്ങളില്‍ എ.പ്ലസ് നേടിയത്. പഠനത്തില്‍ മാത്രമല്ല കലാരംഗത്തും മികവ് പുലര്‍ത്തുന്ന കുട്ടിയാണ് സോഹ. വിവിധ കലോത്സവങ്ങളില്‍ ക്ലേ മോഡലിംഗില്‍ മികച്ച പ്രകടനം നടത്തിയ വിദ്യാര്‍ത്ഥിനി കൂടിയാണ് സോഹ. ഇവര്‍ പഠിക്കുന്ന സ്‌കൂളിലെ ഉറുദു അധ്യാപകന്‍ സുബൈറാണ് ഇവരുടെ വീട്ടില്‍ വൈദ്യുതിയെത്തിക്കുന്നതിന് ഇടപെടണമെന്നാവശ്യപ്പെട്ട് വിരല്‍ത്തുമ്പില്‍ എം.എല്‍.എ എന്ന പദ്ധതി വഴി നജീബ് കാന്തപുരം എം.എല്‍.എക്ക് പരാതിയയച്ചത്.

ഇവരുടെ വീട്ടിലേക്ക് വൈദ്യുതി ലൈന്‍ വലിക്കുന്നതിന് 2 ഇലക്ട്രിക് തൂണുകളായിരുന്നു വേണ്ടിയിരുന്നത്. എം.എല്‍.എ ഇടപെട്ടതോടെ സാങ്കേതിക സങ്കീര്‍ണ്ണതകള്‍ നീക്കി വൈദ്യുതി തൂണുകള്‍ സൗജന്യമാക്കി നല്‍കുന്നതിന് കെ.എസ്.ഇ.ബി തയ്യാറായി. സ്വകാര്യ ഭൂമിയിലൂടെ ലൈന്‍ വലിക്കുന്നതിനുള്ള തടസ്സങ്ങളും എം.എല്‍.എ ഓഫീസിന്റെ ഇടപെടലിലൂടെ നീങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് സോഹയുടെ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ ലഭിച്ചത്. വിരല്‍ത്തുമ്പില്‍ എം.എല്‍.എ പദ്ധതിക്ക് പരാതി ലഭിച്ച് രണ്ടു മാസത്തിനുള്ളില്‍ തന്നെ അവരുടെ വീട്ടില്‍ വൈദ്യുതിയെത്തിക്കാനായി. ഇത്രയും വേഗത്തില്‍ വീട്ടില്‍ വൈദ്യുതിയെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും വൈദ്യുതി ലഭിച്ചത് ഏറെ സന്തോഷം നല്‍കുന്നതായും സോഹയും സനിനും പറഞ്ഞു. വീട്ടില്‍ വൈദ്യുതി എത്തിക്കുന്നതിന് നേതൃത്വം നല്‍കിയ നജീബ് കാന്തപുരം എം.എല്‍.എക്ക് വിദ്യാര്‍ത്ഥികളും കുടുംബവും നന്ദി പറഞ്ഞു.

വീട്ടില്‍ വൈദ്യുതിയെത്തിയതിന്റെ സന്തോഷം വീട്ടിലെത്തിയ എം.എല്‍.എക്ക് മധുരം നല്‍കിയാണ് കുട്ടികള്‍ പങ്കുവെച്ചത്. സ്വിച്ചോണ്‍ നിര്‍വഹിക്കുന്നതിനായി നജീബ് കാന്തപുരം എം.എല്‍.എ എത്തിയിരുന്നു. എം.എല്‍.എ ഇരുവര്‍ക്കും സമ്മാനങ്ങളും കൈമാറി. സ്വിച്ചോണ്‍ ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി. സുകുമാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പൊതുജനങ്ങളുടെ പരാതികളും നിര്‍ദേശങ്ങളും കേള്‍ക്കുന്നതിനായി നജീബ് കാന്തപുരം എം.എല്‍.എ നടപ്പാക്കുന്ന പദ്ധതിയാണ് വിരല്‍ത്തുമ്പില്‍ എം.എല്‍.എ. 9847305060 എന്ന വാട്ട്‌സാപ്പ് നമ്പറിലേക്കാണ് പരാതികളും നിര്‍ദേശങ്ങളും അയക്കേണ്ടത്. പൊതുജനങ്ങളുടെ പരാതി ഒരേ സമയം എം.എല്‍.എക്കും എം.എല്‍.എ ഓഫീസിലെ പ്രത്യേക ഡെസ്‌കിലേക്കും ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥ മേധാവികള്‍ക്കും ലഭിക്കും. അതാത് വകുപ്പുകള്‍ ഈ പരാതികള്‍ പരിശോധിച്ച് നടപടി സ്വീകരിക്കും. വിവിധ ഓഫീസുകളുമായി ബന്ധപ്പെടേണ്ട ഘട്ടങ്ങളില്‍ എം.എല്‍.എ ഓഫീസിലെ ജീവനക്കാര്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടും. ഓഫീസുകള്‍ കയറിറങ്ങാതെ പൊതുജനങ്ങളുടെ പരാതികള്‍ക്ക് പരിഹാരം കാണുകയാണ് വിരല്‍ത്തുമ്പില്‍ എം.എല്‍.എ എന്ന പദ്ധതിയുടെ ലക്ഷ്യം.