തലസ്ഥാനതത് പ്രളയം; താലൂക്ക് അടിസ്ഥാനത്തിൽ കൺട്രോൾറൂമുകൾ; കൊച്ചുവേളിയിൽ ട്രാക്കിൽ വെള്ളംകയറി; കേരള എക്സ്പ്രസ് ഏഴ് മണിക്കൂർ വൈകും

തിരുവനന്തപുരം: രാത്രി മുഴുവൻ തുടർച്ചയായി പെയ്ത കനത്ത മഴയിൽ തിരുവനന്തപുരം നഗരത്തിലും സമീപപ്രദേശങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട്. തേക്കുമൂട് ബണ്ട് കോളനിയിലെ 106 വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് കുടുംബാംഗങ്ങളെ സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറ്റി. കണ്ണൻമൂല പുത്തൻപാലത്ത് വെള്ളം കയറിയതിനെ തുടർന്ന് 45 പേരെ ക്യാംപുകളിലേക്ക് മാറ്റി. പോത്തൻകോട് കരൂർ, ടെക്നോപാർക്ക് എന്നിവിടങ്ങളിലും വെള്ളംകയറി.

ചരിത്രത്തിൽ ആദ്യമായാണ് ടെക്നോപാർക്കിൽ വെള്ളം കയറുന്നത്. യത്രി ബില്‍ഡിംഗിലേക്ക് വെള്ളം കയറി. ഇവിടെ നിരവധി വാഹനങ്ങളും വെള്ളത്തിനടിയിലായെന്നാണ് റിപ്പോര്‍ട്ട്. പ്രളയ ബാധിത പ്രദേശങ്ങൾ റവന്യൂ മന്ത്രി കെ രാജൻ സന്ദർശിച്ചു. കണ്ണംമൂല, നെല്ലിക്കുഴി, ഗൗരീശപട്ടം, കല്ലിയൂർ വില്ലേജ് പൂങ്കുളം സ്ക്കൂൾ എന്നിവിടങ്ങളിലാണ് മന്ത്രി സന്ദർശനം നടത്തിയത്.ശ്രീകാര്യത്ത് കനത്ത മഴയില്‍ സംരക്ഷണഭിത്തി തകര്‍ന്നു വീടിനു മുകളില്‍ പതിച്ചു. ഗുലാത്തി ഇന്‍സ്റ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്റെ പിന്‍ഭാഗത്തെ മതിലാണ് സമീപത്തെ നാല് വീടുകളുടെ മുകളിലേക്ക് ഇടിഞ്ഞുവീണത്. അപകടത്തിൽ ആര്‍ക്കും പരിക്കില്ല.

തലസ്ഥാന നഗരത്തില്‍ പലയിടത്തും രൂക്ഷമായ വെള്ളക്കെട്ടാണ്. നഗരം അടുത്തൊന്നും കാണാത്ത വെള്ളപ്പൊക്കമാണിതെന്ന് പ്രദേശവാസികൾ പറഞ്ഞു. കഴക്കൂട്ടം പോണ്ടുകടവ്, ചാക്ക, ഗൗരീശപട്ടം, വെള്ളായണി, പാറ്റൂര്‍, കണ്ണമ്മൂല തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമായി. മണക്കാട്, ഉള്ളൂര്‍, വെള്ളായണി, പാറ്റൂര്‍ ഭാഗങ്ങളിലെ വീടുകളിലാണ് വെള്ളം കയറിയത്.

തിരുവനന്തപുരം ജില്ലയില്‍ മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ താലൂക്കുകൾ കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം തുറന്നു. മഴക്കെടുതി ഉണ്ടായിട്ടുള്ള സ്ഥലങ്ങളിൽ വേണ്ട സഹായങ്ങൾ എത്തിക്കുവാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും തഹസീൽദാർമാർക്ക് ജില്ലാ കളക്ടർ നിർദേശം നൽകി. തിരുവനന്തപുരം ജില്ലയിലെ അടിയന്തിര സാഹചര്യം പരിഗണിച്ച് എല്ലാ റവന്യു ഉദ്യോഗസ്ഥരോടും ഓഫീസിൽ പ്രവേശിക്കുവാനും ജില്ലാ കളക്ടർ നിർദേശിച്ചു. താലൂക്ക് കൺട്രോൾ റൂമുകൾ പൂർണ്ണ സജ്ജമാണെന്നും 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നും പൊതു ജനങ്ങൾക്ക് അടിയന്തിര സാഹചര്യമുള്ള പക്ഷം താലൂക്ക് കൺട്രോൾ റൂമുകളിൽ ബന്ധപ്പെടാവുന്നതാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.

മഴയെ തുടർന്ന് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. കൊച്ചുവേളിയിലെ പിറ്റ്ലൈൻ ട്രാക്കിൽ വെള്ളം കയറിയതിനെ തുടർന്ന് ട്രെയിന്‍ നമ്പര്‍ തിരുവനന്തപുരം – ന്യൂഡല്‍ഹി കേരള എക്‌സ്പ്രസിന്റെ സമയത്തില്‍ മാറ്റം വരുത്തി. ദക്ഷിണ റെയിൽവേ അറിയിച്ചതാണ് ഇക്കാര്യം. ഞായറാഴ്ച ഉച്ചയ്ക്ക് 12.30ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം – ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ് ഏഴ് മണിക്കൂറും അഞ്ച് മിനിറ്റും വൈകുമെന്നാണ് അറിയിപ്പ്. റെയില്‍വെ നല്‍കിയ വിവരമനുസരിച്ച്‌ വൈകുന്നേരം 7.35ന് ആയിരിക്കും കേരള എക്‌സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുക