വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് തീരമണഞ്ഞ ആദ്യ കപ്പലിനെ സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തുറമുഖത്തെത്തിയ ചൈനീസ് കപ്പലായ ഷെൻഹുവ 15നെ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്‌താണ് സ്വീകരിച്ചത്. വാട്ടർ സല്യൂട്ട് നല്‍കി കൊണ്ടാണ് കപ്പൽ ബർത്തിലേക്ക് അടുപ്പിച്ചത്. മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും ചടങ്ങിലെത്തി.
കേരളത്തിന് അസാധ്യം എന്നൊരു വാക്കില്ലെന്ന് വിഴിഞ്ഞത്ത് ആദ്യമെത്തിയ കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതുപോലെ ഒരു തുറമുഖം ലോകത്ത് അപൂര്‍വ്വമാണ്. വരാന്‍ പോകുന്ന വികസനങ്ങള്‍ ഭാവനക്കപ്പുറമാണ്. എട്ട് കപ്പല്‍ കൂടി വരും ദിവസങ്ങളില്‍ വിഴിഞ്ഞത്ത് വരുമെന്ന് അദാനി കമ്പനി പറഞ്ഞുവെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
നമ്മുടെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം പോര്‍ട്ട് യാഥാര്‍ത്ഥ്യമാകുന്നു എന്നതിന്റെ ഉറപ്പാണ് ഈ കപ്പല്‍. പദ്ധതി നടപ്പിലാവാന്‍ താമസം വന്നു എന്നത് വസ്തുതയാണ്. പദ്ധതി യാഥാര്‍ത്ഥ്യമാകണമെന്ന് ജനങ്ങള്‍ ആഗ്രഹിച്ചിരുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, ശശി തരൂര്‍ എംപി എന്നിവര്‍ ചടങ്ങിനെത്തി. മന്ത്രിമാര്‍ ഉള്‍പ്പെടെ ഭരണ പ്രതിപക്ഷ ജനപ്രതിനിധികള്‍ പങ്കെടുത്തു.