ഉമ്മന്‍ ചാണ്ടിയുടെ സംഭവന സ്മരിച്ച് വി.ഡി സതീശൻ; ഉമ്മൻ ചാണ്ടിയെ ഹൃദയപൂർവം സ്മരിച്ച് അഹമ്മദ് ദേവർ കോവിൽ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ആദ്യകപ്പലിനെ സ്വീകരിച്ചുകൊണ്ടുള്ള വേദി ഏറെ വേറിട്ടതായി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിന്റെ വേദിയിൽ എൽഡിഎഫിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കടൽക്കൊള്ളയെന്നും ആറായിരം കോടിയുടെ അഴിമതിയെന്നും ആരോപണങ്ങള്‍ നെഞ്ചിൽ തറച്ചിട്ടും മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തളര്‍ന്നില്ല. വിഴിഞ്ഞത്തിനായി ഉറച്ചു നിന്നു. പ്രദേശവാസികളെ ചേരികളിലേക്കും സിമന്‍റ് ഗോഡൗണുകളിലേക്കും തള്ളിവിടുന്നതാകരുത് വികസനമെന്നും സതീശൻ പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സംഭാവന സ്മരിച്ച് കൊണ്ടായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ ആശംസ പ്രസംഗം.

വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ഉമ്മാന് ചാണ്ടിയെ വിസ്മരിക്കാനാകില്ല. ഉമ്മന്‍ചാണ്ടി തുറമുഖത്തിന് വേണ്ട മുഴുവൻ അനുമതിയും വാങ്ങിയെടുത്തുവെന്ന് വി ഡി സതീശന്‍ ആശംസ പ്രസംഗത്തില്‍ പറഞ്ഞു. തുടർ സർക്കാർ ബാക്കി നടപടികൾ പൂർത്തിയാക്കി. വികസനത്തിന്റെ ഇരകൾക്ക് പുനരധിവാസം നീക്കി വച്ചത് ഉമ്മൻ ചാണ്ടിയാണെന്നും കപ്പൽ സ്വീകരണ ചടങ്ങിൽ വി ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമർശനം. കുന്തമുന നെഞ്ചില്‍ തറച്ചപ്പോഴും പതറാതെ, പിന്തിരിഞ്ഞോടാതെ, തളര്‍ന്നു പോകാതെ വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാക്കുമെന്ന ധീരമായ തീരുമാനം എടുത്തയാളാണ് ഉമ്മന്‍ ചാണ്ടി.

1995 മുതലുള്ള എല്ലാ സർക്കാറുകളും വിഴിഞ്ഞം തുറമുഖത്തിനായി പരിശ്രമിച്ചതായി മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. മുൻമുഖ്യമന്ത്രിമാരായ ഇ.കെ. നായനാർ, കെ. കരുണാകരൻ, ഉമ്മൻ ചാണ്ടി, വി.എസ്.അച്ചുതാനന്ദൻ എന്നിവരെ ഹൃദയപൂർവം ഓർമ്മിക്കുന്നതായി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു.