ഗാസയിൽ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 400 പലസ്തീനികൾ; ത്രിതല ആക്രമണം പ്രഖ്യാപിച്ച് ഇസ്രയേൽ; ഒരാഴ്ചക്കിടെ ഗാസയില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 2215; 8714 പേര്‍ക്ക് പരിക്കേറ്റു; കൊല്ലപ്പെട്ടവരില്‍ 700 കുട്ടികളും

കര-നാവിക വ്യോമാക്രമണത്തിനൊരുങ്ങി ഇസ്രയേൽ
ഇതോടെ ഒരാഴ്ച പിന്നിട്ട യുദ്ധത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 2215ആയി. 8714 പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ 700 കുട്ടികളുമുണ്ട്. ഗാസക്കെതിരെ ഇസ്രയേൽ ത്രിതല ആക്രമണം പ്രഖ്യാപിച്ചിരിക്കുകയാണ്. കരയിലൂടെയും കടലിലൂടെയും വ്യോമ മാർഗവും ഗാസയെ ആക്രമിക്കുമെന്നാണ് ഇസ്രയേൽ അറിയിച്ചിരിക്കുന്നത്.

ആക്രമണം നടത്തുമെന്നും വടക്കൻ ഗാസയിലെ ജനങ്ങൾ ഒഴിയണമെന്ന് ആവർത്തിച്ചു മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇസ്രയേലിപ്പോൾ. ആയിരക്കണക്കിന് ഇസ്രയേൽ സൈന്യം ഗാസ അതിർത്ഥിയിൽ കഴിഞ്ഞ നാലു ദിവസമായി തമ്പടിച്ചിരിക്കുകയാണ്. അതേസമയം, ഗാസ അതിർത്തിയിലെ ഇസ്രയേൽ സൈനികരെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സന്ദർശിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടത് 400 പലസ്തീനികള്‍. 1500ഓളം പേര്‍ക്ക് പരിക്കേറ്റു. ഗാസ സിറ്റിയില്‍ 260 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ മധ്യഗാസയിലെ ഡയര്‍ എല്‍-ബലാഹില്‍ 80 പേരാണ് കൊല്ലപ്പെട്ടത്. ജബലിയ അഭയാര്‍ത്ഥി ക്യാമ്പില്‍ 40 പേര്‍ കൊല്ലപ്പെട്ടു. ബയ്ത് ലഹിയ നഗരത്തില്‍ 10 പേരും തെക്കന്‍ ഖാന്‍ യൂനിസില്‍ 20 പേരും കൊല്ലപ്പെട്ടിട്ടുണ്ട്.

ഇതോടെ ഒരാഴ്ച പിന്നിട്ട യുദ്ധത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 2215ആയി. 8714 പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ 700 കുട്ടികളുമുണ്ട്. അധിനിവേശ വെസ്റ്റ് ബാങ്കില്‍ 50ലേറെ ആളുകളാണ് ഇതുവരെ കൊല്ലപ്പെട്ടത്. ഇസ്രയേല്‍ പക്ഷത്ത് 1300 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ 3400ലേറെ പേര്‍ക്ക് പരിക്കേറ്റു. ഇതിനിടെ വടക്കന്‍ ഗാസയിലെ ജനങ്ങളോട് ഒഴിഞ്ഞുപോകല്‍ വേഗത്തിലാക്കാന്‍ ഇസ്രയേല്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കര-കടല്‍-വ്യോമ മാര്‍ഗ്ഗത്തിലൂടെ ത്രിതല ആക്രമണം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് ഇസ്രയേല്‍.

പലസ്തീനിലെ ശുദ്ധജല ലഭ്യതയില്‍ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്ര സഭയുടെ പലസ്തീനിലെ അഭയാര്‍ത്ഥി ഏജന്‍സി രംഗത്ത് വന്നിട്ടുണ്ട്. ഗാസയിലേക്കുള്ള ജലവിതരണം ഇസ്രയേല്‍ മുടക്കിയതോടെ ശുദ്ധജലം ഇപ്പോള്‍ മരണത്തിന്റെയും ജീവിതത്തിന്റെയും വിഷയമായി മാറിയിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ത്ഥി ഏജന്‍സി പറയുന്നത്. ജലക്ഷാമം രൂക്ഷമാകുന്നത് 20 ലക്ഷത്തോളം ആളുകളുടെ ജീവിതം ദുരിതത്തിലാക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഗാസയിലേയ്ക്ക് അവശ്യവസ്തുക്കളുടെ വിതരണം നടക്കുന്നില്ലെന്നും ഐക്യരാഷ്ട്ര സഭയുടെ ഏജന്‍സി ചൂണ്ടിക്കാണിക്കുന്നു.

വാട്ടര്‍ പ്ലാന്റുകളും, പൊതുജല വിതരണസംവിധാനവും ഗാസയില്‍ പ്രവര്‍ത്തനം നിര്‍ത്തിയതായും ഇതോടെ ജനങ്ങള്‍ കിണറുകളിലെ അശുദ്ധമായ വെള്ളം ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാണെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് വഴി ജലജന്യ രോഗങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അതിനിടെ, യുഎഇ പ്രസിഡന്റുമായും ബഹ്റൈനുമായും കൂടിക്കാഴ്ച നടത്തി ആന്റണി ബ്ലിങ്കൻ. ഇസ്രായേല്‍ പാലസതീന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ബഹ്റൈന്‍ ഡെപ്യൂട്ടി കിംഗ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ എന്നിവരുമായി കൂടിക്കാഴ്ച നടത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍. ജിസിസി രാജ്യങ്ങളില്‍ ആന്റണി ബ്ലിങ്കണ്‍ നടത്തുന്ന സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച.

യുദ്ധം അവസാനിപ്പിക്കാന്‍ പ്രാദേശികവും അന്തര്‍ദേശീയവുമായി ഇടപെടല്‍ ശക്തമാക്കേണ്ടതിന്റെ ആവശ്യകത യുഎഇ പ്രസിഡന്റ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ചൂണ്ടികാട്ടി. പ്രാദേശിക സുരക്ഷയും സുസ്ഥിരതയും ശക്തിപ്പെടുത്തി ന്യായവും സമഗ്രവുമായ സമാധാനം കൈവരിക്കുന്നതിന് വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാട് സജീവമായി പിന്തുടരേണ്ടതിന്റെ പ്രാധാന്യം ഇരുവരും ചര്‍ച്ച ചെയ്തു.