നിയമസഭാ കൈയാങ്കളി കേസിൽ ഇപി ജയരാജനും വി.ശിവൻകുട്ടിയും കോടതിയിൽ ഹാജരായി; വനിതാ MLAമാരെ കൈയേറ്റം ചെയ്യുമ്പോൾ നോക്കിനിൽക്കുമെന്ന് കരുതിയോയെന്ന് ഇപി ജയരാജൻ

തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസില്‍ മന്ത്രി വി ശിവന്‍കുട്ടിയും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും കെ ടി ജലീലും അടക്കം ഏഴ് പ്രതികള്‍ കോടതിയില്‍ ഹാജരായി. വിചാരണ നടപടികളുടെ ഭാഗമായി തിരുവനന്തപുരം സിജെഎം കോടതിയിലാണ് പ്രതികള്‍ ഹാജരായത്. കേസിന്റെ വിചാരണ തീയതി ഡിസംബർ ഒന്നിന് തീരുമാനിക്കും. പൊലീസിന്റെ തുടരന്വേഷണ റിപ്പോർട്ടിലെ ചില രേഖകൾ ലഭിച്ചിട്ടില്ലെന്നു പ്രതിഭാഗം ചൂണ്ടിക്കാട്ടി.
നിയമസഭാ കൈയാങ്കളി കേസുമായി ബന്ധപ്പെട്ട് മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി തുടരന്വേഷണം നടത്തിയെങ്കിലും പുതിയ തെളിവുകൾ ലഭിക്കാത്ത സാഹചര്യത്തിൽ പഴയ കുറ്റപത്രം അനുസരിച്ചാകും വിചാരണ. അക്രമം നടന്ന സമയത്ത് അന്നത്തെ ഭരണപക്ഷമായ കോൺഗ്രസ് എംഎൽഎമാർ, എൽഡിഎഫ് വനിതാ എംഎൽഎമാരെ ആക്രമിച്ചതായി സാക്ഷി മൊഴികളിൽ നിന്നും വ്യക്തമായതായാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. 2015 മാര്‍ച്ച് 13നാണ് ബാര്‍ കോഴക്കേസിലെ പ്രതിയായ ധനകാര്യമന്ത്രി കെ എം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ഇടത് എംഎൽഎമാർ നിയമസഭയിൽ പ്രതിഷേധിച്ചത്. ഏകപക്ഷീയമായിട്ടാണ് ഈ കേസ് തങ്ങള്‍ക്കെതിരെ ചുമത്തിയതെന്ന്‌ കോടതിയില്‍ ഹാജരായ ശേഷം ഇ പി ജയരാജന്‍ പ്രതികരിച്ചു. വനിതാ എംഎല്‍എമാരെ കൈയേറ്റം ചെയ്യുമ്പോള്‍ തങ്ങള്‍ നോക്കിനില്‍ക്കുമെന്ന് ആരെങ്കിലും ധരിച്ചോയെന്നും ജയരാജന്‍ ചോദിച്ചു.