Good Morning

Headlines

Kerala

കനത്ത മഴ: ഇന്ന് 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ യെല്ലോ. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 10 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്.

സോളാർ കേസിലെ ഗൂഢാലോചനയിൽ കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതിയിൽ നേരിട്ട് ഹാജരാകാനുള്ള സമൻസിനെതിരെ കെബി ഗണേഷ് കുമാർ എം.എൽഎ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മജിസ്ട്രേറ്റ് കോടതിയിലെ തുടർനടപടികൾ ഹൈക്കോടതി ഇന്ന് വരെ സ്റ്റേ ചെയ്തിരുന്നു. സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് ഉൾപ്പെടുത്തിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നും ഗണേശ് കുമാറിന് ഇതിൽ പങ്കുണ്ടെന്നുമാണ് പരാതിക്കാർ കീഴ്കോടതിയെ അറിയിച്ചത്. 

മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാമിനെതിരെ എസ്‌കെഎസ്എസ്എഫ്. പിഎംഎ സലാം ഭിന്നത ഉണ്ടാക്കാന്‍ ശ്രമിക്കുന്നു എന്ന് എസ്‌കെഎസ്എസ്എഫ് ആരോപിച്ചു. ആദ്യം സമസ്ത അധ്യക്ഷനെ അവഹേളിച്ച സലാം ഇപ്പോള്‍ എസ്‌കെഎസ്എസ്എഫ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹമീദലി ശിഹാബ് തങ്ങളെയും അവഹേളിച്ചുവെന്ന് എസ്‌കെഎസ്എസ്എഫ് കുറ്റപ്പെടുത്തി.

കോട്ടയം എരുമേലിയിൽ വനിതാ എസ് ഐക്ക് പ്രതിയുടെ മർദനം. പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനിടെയാണ് മർദനമേറ്റത്. പ്രതി എസ്ഐയുടെ മുടിക്കുത്തിന് പിടിച്ച് പുറത്ത് ഇടിച്ചു. എരുമേലി എസ്ഐ ശാന്തി കെ ബാബുവിനാണ് മർദനമേറ്റത്. എരുമേലി സ്വദേശി വി ജി ശ്രീധരനാണ് ആക്രമണം നടത്തിയത്. അയൽവാസിയായ യുവതിയെ ആക്രമിച്ച കേസിലെ പ്രതിയാണ് വി ജി ശ്രീധരൻ.

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണം ഇടപാടില്‍ ഇ.ഡി.യുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും . കേസില്‍ പെരിങ്ങണ്ടൂര്‍ ബാങ്ക് പ്രസിഡണ്ട് എം ആര്‍ ഷാജന്‍ ഇന്ന് ഇ ഡിക്ക് മുന്നില്‍ ഹാജരായേക്കും. മൊഴി നല്‍കാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി നോട്ടീസ് നല്‍കിയിരുന്നു.

65-മത് സംസ്ഥാന സ്കൂൾ കായികമേളക്ക് തൃശ്ശൂരിൽ ഇന്ന് തിരിതെളിയും. തേക്കിൻകാട് മൈതാനിയിൽ വെച്ച് മന്ത്രി ആർ ബിന്ദു മുൻ ഫുട്ബോൾ താരം ഐഎം വിജയന് ദീപശിഖ കൈമാറിക്കൊണ്ട് ദീപശിഖ പ്രയാണം ഉദ്ഘാടനം ചെയ്യും. വിളംബര ജാഥയിൽ ആയിരത്തോളം സ്പോർട്സ് താരങ്ങൾ പങ്കെടുക്കും. കായികമേളയുടെ ഉദ്ഘാടനം 17ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. ഇന്ന് ടീമുകളുടെ രജിസ്‌ട്രേഷൻ പൂർത്തിയാക്കി നാളെ മത്സരങ്ങൾക്ക് തുടക്കമാകും.ആറ് കാറ്റഗറികളിലായി 3000ത്തിൽ കൂടുതൽ മത്സരാർത്ഥികൾ കായികമേളയുടെ ഭാഗമാകും. 20 നാണ് സമാപനം.

National

നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ മൂന്നു സംസ്ഥാനങ്ങളിലെ സ്ഥാനാർഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ട് കോൺഗ്രസ്. മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയാണ് കോൺഗ്രസ് ഇന്നലെ പുറത്തുവിട്ടത്.
മധ്യപ്രദേശിൽ 144 സീറ്റുകളിലും ഛത്തീസ്ഗഡിൽ 30 സീറ്റുകളിലും തെലങ്കാനയിൽ 55 സീറ്റുകളിലും കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മധ്യപ്രദേശിൽ മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥ് ചിന്ദ്വാരയിൽനിന്ന് മത്സരിക്കും. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേൽ പഠാനിൽനിന്നും ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രി ടിഎസ് സിങ് ദേവ് അംബികാപുരിൽനിന്നും മത്സരിക്കും. തെലങ്കാന പിസിസി പ്രസിഡൻറ് രേവന്ത് റെഡ്ഡി കോടങ്കലിൽ നിന്നായിരിക്കും ജനവിധി തേടുക. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെതിരെ ബുധിനിയിൽ നടനായ വിക്രം മസ്താലിനെ ആണ് കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്.

സുനിൽ കനഗോലു കോൺഗ്രസ് നേതൃത്വത്തിന് എം.പിമാരുടെ പ്രവർത്തനം സംബന്ധിച്ച് റിപ്പോർട്ട് കൈമാറിയെന്ന മാധ്യമവാർത്ത വസ്തുതാവിരുദ്ധവും തെറ്റിധാരണാജനകവുമാണെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അത്തരത്തിൽ ഒരു സർവെ റിപ്പോർട്ടും എ.ഐ.സി.സിക്ക് കിട്ടിയിട്ടില്ല. ഇതെല്ലാം മാധ്യമ പ്രചാരണം മാത്രമാണ്.

International News

പശ്ചിമേഷ്യന്‍ സംഘര്‍ഷം പത്താംദിവസത്തിലേക്ക്. ഗാസയിലെ ആശുപത്രികളിലെ ഇന്ധന ശേഖരം 24 മണിക്കൂറിനകം തീരുമെന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കി. പതിനായിരക്കണക്കിന് രോഗികളുടെ ജീവന്‍ അപകടത്തിലാണെന്നും യുഎന്‍ വ്യക്തമാക്കി. ഇസ്രയേല്‍ ആക്രമണത്തില്‍ 2,450 പേര്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ അറിയിച്ചു. 1,400 ഇസ്രായേല്‍ പൗരന്മാരാണ് കൊല്ലപ്പെട്ടത്. 126 സൈനികരെയും ഹമാസ് ബന്ദികളാക്കിയെന്ന് ഇസ്രയേല്‍ ആരോപിച്ചു.

കരയുദ്ധത്തിനായുള്ള രാഷ്ട്രീയ തീരുമാനം കാത്ത് ഇസ്രയേല്‍ പ്രതിരോധ സേന. അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് ഇസ്രയേല്‍ പൗരന്മാരെ ഒഴിപ്പിച്ച് തുടങ്ങി. അമേരിക്കന്‍ പൗരന്മാരെ ഗാസയില്‍ നിന്ന് ഈജിപ്തില്‍ എത്തിക്കാനും ശ്രമം നടക്കുന്നുണ്ട്. കപ്പല്‍ മാര്‍ഗവും അമേരിക്കന്‍ പൗരന്മാരെ ഒഴിപ്പിക്കും.യുദ്ധത്തില്‍ ഇസ്രയേല്‍ മാധ്യമ പ്രവര്‍ത്തകനും കുടുംബവും കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ഗാസയിലേക്കുള്ള ജലവിതരണം ഭാഗികമായി പുനഃസ്ഥാപിച്ചതായി ഇസ്രയേല്‍ അധികൃതര്‍ തന്നെ അറിയിച്ചുവെന്ന് യു.എസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവന്‍.