മണിപ്പുരിനെക്കാൾ ഇസ്രയേലിലെ പ്രശ്നങ്ങളിലാണു പ്രധാനമന്ത്രിക്ക് ഉത്കണ്ഠയെന്ന് രാഹുൽഗാന്ധി; മിസോറമിൽ രാഹുലിന്റെ പഥയാത്രക്ക് വൻ സ്വീകരണം; 39 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്

സംഘർഷം രൂക്ഷമായ മണിപ്പുരിനെക്കാൾ ഇസ്രയേലിലെ പ്രശ്നങ്ങളിലാണു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉത്കണ്ഠ എന്നു രാഹുൽഗാന്ധി പ്രതികരിച്ചു. പരസ്പരം ബഹുമാനം, സ്നേഹം, സഹിഷ്ണുത, സാഹോദര്യം എന്നതാണ് ഇന്ത്യയുടെ അടിസ്ഥാന തത്വം. വ്യത്യസ്തമായ വിശ്വാസങ്ങളും ഭാഷകളും തത്വങ്ങളും നമ്മുടെ രാജ്യത്തുണ്ട്. അതെല്ലാം തകർക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്ന് രാഹുൽ പറഞ്ഞു. ഐസോളിലെ രാജ്ഭവനു സമീപം കോൺഗ്രസ് റാലി ഉദ്ഘാടനം ചെയ്യുകയായരുന്നു അദ്ദേഹം.

രണ്ടു കിലോമീറ്ററോളം പദയാത്രയിൽ രാഹുൽ പങ്കെടുക്കുകയും ചെയ്തു. ഇന്ന് പദയാത്രയോടെയാണ് രാഹുല്‍ ഗാന്ധി മിസോറാമില്‍ പ്രചരണം ആരംഭിച്ചത്. ചന്മാരി ജംഗ്ഷനില്‍ നിന്ന് രാജ്ഭവന്‍ വരെ രണ്ട് കിലോമീറ്ററോളം ദൂരമാണ് രാഹുല്‍ ഗാന്ധി പദയാത്ര നടത്തിയത്. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് അദ്ദേഹം മിസോറാമിലെത്തിയത്.

മിസോറമിലെ 39 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ കോ‍ൺഗ്രസ് പ്രഖ്യാപിച്ചു. മുഖ്യമന്ത്രി സോറംതാംഗയുടെ മണ്ഡലമായ ഐസോൾ ഈസ്റ്റ്–1ല്‍ ലാൽസങ്‌ലുര റാൽതെ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ലാൽസോത്ത ഐസോൾ വെസ്റ്റ്–3യിൽനിന്ന് ജനവിധി തേടും. തിരഞ്ഞെടുപ്പ് പ്രചരണം വിലയിരുത്തുന്നതിനായി രാഹുൽ ഗാന്ധി രണ്ടുദിവസത്തെ സന്ദർശനത്തിനായി മിസോറമിൽ എത്തിയിരുന്നു. രാഹുലിന്റെ സന്ദർശനത്തിനിടെയാണു സ്ഥാനാർഥി പ്രഖ്യാപനം. മിസോറാം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബര്‍ 7 നാണ് നടക്കുന്നത്. ഡിസംബര്‍ മൂന്നിന് മറ്റ് നാല് സംസ്ഥാനങ്ങള്‍ക്കൊപ്പം ഫലം അറിയാം.