‘പ്രചരിക്കുന്ന കാര്യങ്ങൾ തെറ്റിദ്ധാരണാജനകവും ദുരുദ്ദേശ്യത്തോടെയും’; എസ്കെഎസ്എസ്എഫ് വിവാദത്തിൽ‌ വിശദീകരണവുമായി പിഎംഎ സലാം

മലപ്പുറം: ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ താൻ നടത്തിയ പരാമർശത്തിനെതിരെ എസ്.കെ.എസ്.എസ്.എഫ് രംഗത്തുവന്നതിൽ പ്രതികരിച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. പത്രത്തിന് നൽകിയ അഭിമുഖവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കാര്യങ്ങൾ തെറ്റിദ്ധാരണാജനകമെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

പാണക്കാട് തങ്ങൾ കുടുംബത്തിന്റെ നേതൃപാടവത്തെ ചോദ്യം ചെയ്തപ്പോൾ നൽകിയ മറുപടിയാണ് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ പ്രചരിക്കുന്നത്. സാദിഖലി തങ്ങളുടെ മത, രാഷ്ട്രീയ മേഖലകളിലെ നേതൃപാടവത്തെക്കുറിച്ചാണ് പറഞ്ഞത്. ഏതാനും സെക്കന്റുകൾ മാത്രം അടർത്തിയെടുത്ത് പ്രചരിപ്പിക്കുന്നത് ദുരുദ്ദേശ്യത്തോടെയാണ്. പ്രചരിപ്പിക്കുന്ന ഭാഗങ്ങൾ മാത്രം കേട്ട് തെറ്റിദ്ധരിക്കരുത്. മുസ്‌ലിംലീഗും സമസ്തയും തമ്മിലുള്ള അഭേദ്യബന്ധം അഭംഗുരം തുടരുക തന്നെ ചെയ്യുമെന്നും പിഎംഎ സലാം പറഞ്ഞു.

എസ്‌കെഎസ്എസ്എഫിന്റെ പ്രസിഡന്റ് ആരെന്ന് ആര്‍ക്കുമറിയില്ലെന്ന പി എം എ സലാമിന്റെ പരാമര്‍ശമാണ് വിവാദമായത്. പാണക്കാട് ഹമീദലി തങ്ങളെ കൊച്ചാക്കുന്ന പ്രസ്താവനയാണ് സലാമിന്‍റേതെന്ന് എസ്‌കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറി ഒ പി അഷ്‌റഫ് കുറ്റിക്കടവ് ഇന്ന് പറഞ്ഞിരുന്നു. വഹാബിസം തലയില്‍ കയറിയ സലാം പലതും വിളിച്ചുപറയുന്നു. കോമാളി വേഷം കെട്ടിയവര്‍ക്ക് ലൈസന്‍സ് നല്‍കി കളി കാണുന്നവര്‍ മൗനം വെടിയണമെന്നും അദ്ദേഹം പറഞ്ഞു. ജനകീയ വിചാരണയില്‍ പരാജയം ഏറ്റ് വാങ്ങേണ്ടിവരുമെന്നും ഒ പി അഷ്‌റഫ് കുറ്റിക്കടവ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് സലാമിന്റെ വിശദീകരണം