അടുത്ത ഒരുവര്‍ഷക്കാലം ശബരിമലയിലേയും മാളികപ്പുറത്തേയും മേല്‍ശാന്തിമാരെ കണ്ടെത്താനുള്ള ഭാഗ്യം ഇവർക്ക്; നറുക്കെടുപ്പ് 18 ന്

പത്തനംതിട്ട: ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ കണ്ടെത്താനുള്ള ഭാഗ്യം വൈദേഹിനും നിരൂപമക്കും. ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നത് ഇത്തവണ പന്തളം കൊട്ടാരത്തിൽനിന്ന് വൈദേഹും നിരൂപമ ജി വർമ്മയുമാണ്. പന്തളം കൊട്ടാരം വലിയ തമ്പുരാൻ തിരുവോണം നാൾ രാമവർമയുടെ അംഗീകാരത്തോടെ കൊട്ടാരം നിർവാഹക സംഘം ഭരണസമിതിയാണ് കുട്ടികളെ തെരഞ്ഞെടുത്തത്.

18 ന് സന്നിധാനത്ത്‌ വെച്ചാണ് ശബരിമലയിലും മാളികപ്പുറത്തും ഒരു വർഷക്കാലം മേൽശാന്തിമാരായി ചുമതല അനുഷ്ഠിക്കുന്നവരെ കണ്ടെത്തുന്നത്. ശബരിമല മേൽശാന്തിയെ കണ്ടെത്താൻ വൈദേഹും മാളികപ്പുറം മേൽശാന്തിയെ കണ്ടെത്താന്‍ നിരുപമ ജിവർമ്മയും നറുക്കെടുക്കും. പന്തളം കൊട്ടാരം കുടുബാംഗം ആലുവ, വയലകര ശീവൊള്ളിമന എസ്എച്ച് മിഥുവിന്‍റെയും അടുവശേരി, വയലി കോടത്തുമന ഡോ. പ്രീജയുടെയും മകനാണ് വൈദേഹ്. അടുവശേരി സെന്‍റ് ആർനോൾഡ് സെൻട്രൽ സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് വൈദേഹ്. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ ഗോപീകൃഷ്ണന്‍റെയും എഴുമറ്റൂർ ചങ്ങഴശ്ശരി കോയിക്കൽ ദീപശ്രീ വർമയുടെയും മകളാണ് നിരുപമ ജി. വർമ . കൊടുങ്ങല്ലൂർ ഭാരതീയ വിദ്യാഭവൻ വിദ്യാമന്ദറിൽ നാലാം ക്ലാസ് വിദ്യാർഥിനിയാണ്.

പന്തളം കൊട്ടാരത്തിലെ അശുലം മൂലം 17 ന് രാവിലെ 11 ന് കൈപ്പുഴ ശിവ ക്ഷേത്രത്തിൽ വെച്ച് കെട്ട് നിറച്ച്, കൈപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബന്ധുക്കളോടൊപ്പം ശബരിമലയ്ക്ക് യാത്ര തിരിക്കും. തുലാം മാസം ഒന്നാം തീയതി പുലർച്ചെയാണ് പതിവായി മേൽശാന്തിമാരെ കണ്ടെത്താനുള്ള നറുക്കെടുപ്പ് സോപാനത്ത് നടക്കുന്നത്. ഇതിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക ദേവസം ബോർഡ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.