‘എന്തൊരു തൊലിക്കട്ടിയാണ് ഈ മനുഷ്യന്’; കോവിഡ് കാലത്ത് പട്ടിക്കും പൂച്ചയ്ക്കും ഭക്ഷണം കൊടുക്കാൻ പിണറായിയെ പഠിപ്പിച്ചത് പിആർ ഏജൻസികൾ; മുഖ്യമന്ത്രിയെ പരിഹസിച്ച് വി ഡി സതീശൻ

തിരുവനന്തപുരം: പിണറായി വിജയനെ മേക്കോവർ നടത്തിയത് പി ആർ ഏജൻസിയെന്ന് പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൊവിഡ് ലോക്ക്ഡൗൺ കാലത്ത് ദിവസവും പത്രസമ്മേളനം നടത്തിയിരുന്നത് പി ആർ ക്യാമ്പയിൻ ആയിരുന്നുവെന്നും സതീശൻ ആരോപിച്ചു. കോവിഡ് കാലത്ത് നിത്യേന ഒരു മണിക്കൂർ പത്രസമ്മേളനം നടത്താനുള്ള വിദ്യകൾ മുഖ്യമന്ത്രി പിണറായി വിജയനെ പഠിപ്പിച്ചത് മുംബൈയിലെ പിആർ ഏജൻസികളാണെന്ന് പ്രതിപക്ഷ നേതാവ് വിഡി. സതീശൻ. എന്തു പറയണം, എങ്ങനെ പറയണം എപ്പോൾ പറയണം തുടങ്ങിയ കാര്യങ്ങളെല്ലാം ഈ ഏജൻസികളാണ് മുഖ്യമന്ത്രിയെ ഉപദേശിച്ചത്. പിആർ ഏജൻസികൾ ഗ്രൂം ചെയ്ത മേക്കോവറാണ് പിണറായി വിജയനെന്നും സതീശൻ ആരോപിച്ചു.

‘എന്തൊരു തൊലിക്കട്ടിയാണ് ഈ മനുഷ്യന്, എന്തും പറയാന്‍ യാതൊരു മടിയുമില്ല. എല്ലാം ചെയ്തിട്ട് അത് മറ്റുള്ളവരുടെ തലയില്‍ ആരോപിക്കുകയാണ് ഈ മുഖ്യമന്ത്രി. പിആര്‍ ഏജന്‍സിയെ കെട്ടിപ്പിടിച്ച് എത്രനാളായി ഈ മനുഷ്യന്‍ നടക്കുന്നു. അവര്‍ ഉണ്ടാക്കി കൊടുക്കുന്ന ക്യാപ്‌സ്യൂള്‍ വിതരണം ചെയ്യുന്നു’ എന്നായിരുന്നു വി ഡി സതീശന്റെ പരിഹാസം. കോൺഗ്രസ് എങ്ങനെ പ്രചാരണം നടത്തണമെന്ന് പിണറായി പഠിപ്പിക്കേണ്ടെന്നും കനഗോലു കോൺഗ്രസ് ടാസ്ക് ഫോഴ്സ് അംഗമാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസുകാർ എങ്ങനെ തെരഞ്ഞെടുപ്പ് നേരിടണമെന്ന് പിണറായി വിജയൻ പഠിപ്പിക്കേണ്ട. ആരെങ്കിലും മേക്കോവർ ചെയ്യുന്നവരല്ല കോൺഗ്രസുകാർ. നിയമസഭാ തെരഞ്ഞെടുപ്പിനു രണ്ടു വർഷം മുൻപ് മുതൽ മേക്ക് ഓവർ തുടങ്ങിയ ആളാണ് പിണറായി. അഞ്ചു വർഷത്തിനു ശേഷം തുടർഭരണം എന്ന ലക്ഷ്യത്തിലേക്ക് പിണറായി വിജയനെ നയിച്ചത് മുംബൈ ആസ്ഥാനമായ പിആർ ഏജൻസി ആയിരുന്നു എന്നും ഇവരുടെ പ്രതിനിധികൾ നിയമസഭയുടെ ഗ്യാലറിയിൽ വരെ എത്തിയിരുന്നു എന്നും സതീശൻ ആരോപിച്ചു.