News Kerala AM Update

എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും എതിരെ യുഡിഎഫ് ആരംഭിച്ച സമരത്തിന്റെ ഭാഗമായി നാളെ പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് ഉപരോധിക്കും. റേഷന്‍കട മുതല്‍ സെക്രട്ടേറിയറ്റ് വരെ എന്ന സമരത്തിന്റെ ഭാഗമായാണ് ഉപരോധം. എല്ലാ മണ്ഡലങ്ങളില്‍ നിന്നുമുള്ള വോളന്റിയര്‍മാര്‍ ചൊവ്വാഴ്ച അര്‍ധരാത്രിയോടെ തന്നെ തിരുവനന്തപുരത്തെത്തും.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ കൗൺസിലറുമായ പി വി അരവിന്ദാക്ഷന്‍റെ ജാമ്യഹർജി ഇന്ന് പരിഗണിക്കും. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് ജാമ്യ ഹർജി പരിശോധിക്കുന്നത്. ഇഡി തെറ്റായ വിവരങ്ങൾ നൽകാൻ സമ്മർദ്ദം ചെലുത്തുകയാണെന്നും അമ്മയുടെ പേരിൽ ഇല്ലാത്ത ബാങ്ക് നിക്ഷേപമുണ്ടെന്ന് പ്രചരിപ്പിക്കുകയാണെന്നുമാണ് അരവിന്ദാക്ഷന്‍റെ വാദം.

അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട്ടില്‍നിന്ന് വീണ്ടും ജനവിധി തേടുമെന്ന് സൂചന നൽകി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍. കോൺഗ്രസ് മണ്ഡലം, ബ്ലോക്ക് പ്രസിഡന്റുമാർക്കുള്ള നേതൃ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യാൻ കോഴിക്കോട്ടെത്തിയ അദ്ദേഹം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. രാഹുൽ ഗാന്ധി വയനാട്ടിൽനിന്നുതന്നെ ജനവിധി തേടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എവിടെ മത്സരിക്കുമെന്ന കാര്യത്തിലെ അന്തിമ തീരുമാനം പാര്‍ട്ടി നേതൃത്വത്തിന്റേതാണെന്നും താരീഖ് അൻവർ പറഞ്ഞു.

സംസ്ഥാന സ്കൂൾ കായികമേള മത്സരങ്ങൾക്ക് ഇന്ന് തുടക്കം. കുന്നംകുളം ഗവണ്‍മെന്റ് വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക. രാവിലെ 7 മണിക്കാണ് ആദ്യ മത്സരം തുടങ്ങുക. 98 ഇനങ്ങളിലായി മൂവായിരത്തിലേറെ താരങ്ങളാണ് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പങ്കെടുക്കുക. രാത്രിയും പകലുമായി നാല് ദിവസങ്ങളിലായാണ് മത്സരങ്ങള്‍.

സ്വവര്‍ഗ്ഗ വിവാഹത്തിന്റെ നിയമ സാധുതയില്‍ രാജ്യത്തെ പരമോന്നത കോടതി ഇന്ന് വിധി പറയും. ചരിത്ര വിധി കാത്തിരിക്കുകയാണ് ഇന്ത്യയും ലോകവും. ഇന്ത്യാ മഹാരാജ്യത്തെ ദശലക്ഷം സ്വവര്‍ഗ്ഗാനുരാഗികളുടെ മാത്രമല്ല, ലോകത്തിന്റെ കണ്ണ് രാജ്യത്തെ പരമോന്നത നീതിപീഠം എന്ത് പറയുമെന്ന് കാത്തിരിക്കുകയാണ്. സ്വവര്‍ഗ്ഗ വിവാഹത്തിന് നിയമ സാധുത നല്‍കിയാല്‍ അതൊരു പുതിയ ചരിത്രമാകും. ലോകത്ത് ഇതേവരെ സ്വവര്‍ഗ്ഗ വിവാഹത്തിന് നിയമ സാധുത നല്‍കിയത് 35 രാജ്യങ്ങള്‍. രാവിലെ 10.30ന് സുപ്രീംകോടതി പ്രതിദിന കോടതി നടപടികള്‍ ആരംഭിക്കും. ചീഫ് ജസ്റ്റിസ് ഡോ. ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് സ്വവര്‍ഗ്ഗ വിവാഹത്തിന്റെ ഭരണഘടനാ സാധുതയില്‍ വിധി പറയുന്നത്.

രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം രാജ്യാന്തര ക്രൂഡോയില്‍ വില വീണ്ടും 90 ഡോളര്‍ കടന്നു. പലസ്‌തൈൻ – ഹമാസ് യുദ്ധം ആരംഭിച്ചതിന് പിന്നാലെയാണ് ക്രൂഡോയില്‍ വില വീണ്ടും കുതിപ്പ് തുടങ്ങിയത്. ഇന്ത്യൻ കമ്പനികൾ ഇപ്പോൾ ക്രൂഡ് ഓയിൽ വാങ്ങുന്നത് റഷ്യയിൽ നിന്നാണ്. കഴിഞ്ഞ രണ്ടുമാസത്തിനിടെ ഇന്ത്യക്കുള്ള ഡിസ്‌കൗണ്ട് റഷ്യ ഇരട്ടിയോളം വര്‍ധിപ്പിച്ചു. ബാരലിന് 8-10 ഡോളര്‍ ഡിസ്‌കൗണ്ടാണ് റഷ്യ ഇപ്പോള്‍ ഇന്ത്യക്ക് നല്‍കുന്നത്.

ഇസ്രയേൽ ഹമാസ് യുദ്ധത്തിനിടെ അമേരിക്കൻ പ്രസിഡന്റ് ടെൽ അവീവിലേക്ക്. ജോ ബൈഡൻ നാളെ ഇസ്രയേലിലെത്തും. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ജോ ബൈഡൻ കൂടിക്കാഴ്ച നടത്തും.

ജറുസലേമിലും ടെൽ അവീവിലും റോക്കറ്റ് ആക്രമണം നടത്തിയെന്ന് ഹമാസ് അവകാശപ്പെട്ടു. ലെബനോനിലെ ഹിസ്ബുല്ല താവളം വീണ്ടും ആക്രമിച്ചുവെന്ന് ഇസ്രയേലും വ്യക്തമാക്കി. 199 പേർ ഹമാസിന്റെ ബന്ദികളായി ഉണ്ടെന്ന് ഇസ്രയേൽ പറയുന്നു. ബന്ദികളിൽ ഒരാളുടെ ദൃശ്യം ഹമാസ് പുറത്തുവിട്ടു.

ഗാസയിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ഗാസയിലെ ആശുപത്രികൾ ഇന്ധനമില്ലാതെ പ്രതിസന്ധിയിലേക്കെന്ന് യുഎൻ അറിയിച്ചു.

ലോകത്തെ ഏറ്റവും വലിയ ടെക്നോളജി പ്രദര്‍ശന മേളയായ ജൈറ്റക്സ് ഗ്ലോബലിന് ദുബായില്‍ തുടക്കമായി. വിവിധ രാജ്യങ്ങളില്‍ നിന്നുളള ആറായിരത്തോളം ടെക്നോളജി- ഇലക്ടോണിക്സ് സ്ഥാപനങ്ങളാണ് അഞ്ചു ദിവസത്തെ മേളയില്‍ പങ്കെടുക്കുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ അടക്കം ഇന്ത്യയില്‍ നിന്നുളള പ്രമുഖ കമ്പനികളും മേളയില്‍ എത്തിയിട്ടുണ്ട്. ലോകമെമ്പാടുമുളള സാങ്കേതിക വിദ്യാ ഭീമന്‍മാരെ മുഴുവന്‍ ഇവിടെ കാണാനാകും. വ്യത്യസ്തമാര്‍ന്ന സാങ്കേതിക പ്രദര്‍ശനം കാണാന്‍ സ്വദേശികളും വിദേശികളും ഉൾപ്പടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 1,80,000ത്തിലധികം സന്ദര്‍ശകരെയാണ് ഇത്തവണ പതീക്ഷിക്കുന്നത്. വെള്ളിയാഴ്ച മേള സമാപിക്കും.

Sports

ലോകകപ്പിൽ ആധികാരികപ്രകടനത്തോടെ കുതിക്കുന്ന ദക്ഷിണാഫ്രിക്കയുടെ മുന്നിൽ ഇന്ന്‌ നെതർലൻഡ്‌സ്‌. ധർമശാലയിലെ ഹിമാചൽപ്രദേശ്‌ ക്രിക്കറ്റ്‌ അസോസിയേഷൻ സ്‌റ്റേഡിയത്തിൽ പകൽ രണ്ടിനാണ്‌ മത്സരം. ദക്ഷിണാഫ്രക്ക ശ്രീലങ്കയെയും ഓസ്‌ട്രേലിയയെയും തകർത്താണ്‌ വരുന്നത്‌. ഡച്ചുകാർ പാകിസ്ഥാനോടും ന്യൂസിലൻഡിനോടും തോറ്റു.

ക്രിക്കറ്റ് ലോകകപ്പില്‍ ആദ്യ ജയവുമായി ഓസ്ട്രേലിയ. ശ്രീലങ്ക ഉയര്‍ത്തിയ 210 റണ്‍സ് വിജയലക്ഷ്യം 14.4 ഓവര്‍ ബാക്കി നില്‍ക്കെയാണ് ഓസീസ് മറികടന്നത്. ജോഷ് ഇംഗ്ലിസ് (56), മിച്ചല്‍ മാര്‍ഷ് (52) എന്നിവരുടെ അര്‍ദ്ധ സെഞ്ചുറികളാണ് മുന്‍ ചാമ്പ്യന്മാരുടെ ജയം ഉറപ്പിച്ചത്. ശ്രീലങ്കയുടെ മൂന്നാം തോല്‍വിയാണിത്.

ജെ.സി ഡാനിയേല്ഫൗണ്ടേഷന്‍ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കുഞ്ചാക്കോ ബോബനാണ് മികച്ച നടനുള്ള പുരസ്‌കാരം നേടിയത്. ‘അറിയിപ്പ്’, ‘എന്നാ താന്‍ കേസ് കൊട്’ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്കാരം. ‘ആയിഷ’, ‘വെള്ളിപ്പട്ടണം’ തുടങ്ങിയ സിനിമയിലെ അഭിനയത്തിന് മഞ്ജുവാര്യരെ മികച്ച നടിയായി തിരഞ്ഞെടുത്തു. ‘ എന്നാ താന്‍ കേസ് കൊട്’ മികച്ച ചിത്രമായി തിരഞ്ഞെടുത്തു.