സമാധാനം ആഗ്രഹിക്കുന്നവർ പലസ്തീന് ഒപ്പം നിൽക്കണമെന്ന് കെ. മുരളീധരൻ; പറഞ്ഞത് തിരുത്തി കെ കെ ശൈലജ; നൂറു ശതമാനം പലസ്തീന്‍ ജനതയ്ക്ക് ഒപ്പം

വിവാദമായ ഹമാസ് ഭീകരര്‍ പരാമര്‍ശത്തില്‍ വിശദീകരണവുമായി കെ കെ ശൈലജ. ഭീകരവാദം ആര് നടത്തിയാലും അംഗീകരിക്കില്ല, അത് ഇസ്രയേലായാലും പലസ്തീനായാലും, ആര്‍ക്കും ഒരു സംശയവും വേണ്ട, കെ കെ ശൈലജ എന്ന കമ്മ്യൂണിസ്റ്റുകാരി നൂറു ശതമാനം പലസ്തീന്‍ ജനതയ്ക്ക് ഒപ്പമാണെന്നും കെ കെ ശൈലജ വ്യക്തമാക്കി. കൂത്തുപറമ്പില്‍ സിപിഐഎം സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ ജനകീയ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു കെ കെ ശൈലജ.

നേരത്തെ ഫേസ്ബുക്ക് പോസ്റ്റില്‍ ഹമാസിനെ ഭീകരര്‍ എന്ന് വിശേഷിപ്പിച്ചത് വിവാദമായതിന് പിന്നാലെ ഫേസ്ബുക്കിലൂടെ തന്നെ കെ കെ ശൈലജ വിശദീകരണം നല്‍കിയിരുന്നു. ഇടതുപക്ഷം എപ്പോഴും പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും അവരുടെ ഭൂമിയില്‍ കയ്യേറ്റം നടത്തുന്ന ഇസ്രയേലിന്റെ നടപടിയെ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ യുദ്ധതടവുകാരോടും സാധാരണജനങ്ങളോടും ഹമാസ് കാണിച്ച ക്രൂരതയെ ന്യായീകരിക്കാന്‍ കഴിയില്ല എന്നും പോസ്റ്റില്‍ എഴുതിയിരുന്നുവെന്നായിരുന്നു കെ കെ ശൈലജ നേരത്തെ നല്‍കിയ വിശദീകരണം. ഫേസ്ബുക്ക് പോസ്റ്റില്‍ ഹമാസിനെ ഭീകരര്‍ എന്ന് വിശേഷിപ്പിച്ചത് വിവാദമായതിന് പിന്നാലെ ശൈലജയ്‌ക്കെതിരെ പരോക്ഷവിമര്‍ശനവുമായി കെ ടി ജലീലും എം സ്വരാജും രംഗത്ത് വന്നിരുന്നു.

നീതിക്ക് വേണ്ടി പോരാടുകയാണ് പലസ്തീനെന്നും സമാധാനം ആഗ്രഹിക്കുന്നവർ അവർക്കൊപ്പം നിൽക്കണമെന്നും കെ മുരളീധരൻ പറഞ്ഞു. യാസർ അറാഫത്തിനെ രാഷ്ട്ര തലവനായി അംഗീകരിച്ച രാജ്യമാണ് നമ്മുടേത്. എന്നാൽ ഇന്ന് രാജ്യം ഇസ്രയേലിനൊപ്പം എന്ന് പറയുന്നു. ചാടി കയറി എന്ത് അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ചത്.

രാജ്യത്ത് സമാധാനം ആഗ്രഹിക്കുന്നവർ പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്ന് കെ മുരളീധരൻ പറഞ്ഞു. നീതിക്ക് വേണ്ടി പോരാടുന്ന ജനതയുടെ വികാരങ്ങൾ എ സി റൂമിൽ ഇരുന്ന് ചർച്ച ചെയ്‌താൽ ശരിയാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നെഹ്‌റുവിന്റെ കാലം മുതൽ കോൺഗ്രസിന് ഒരു അഭിപ്രായമേ ഉള്ളൂ, അത് പലസ്തീനൊപ്പം നിൽക്കുക എന്നതാണ്. ജനിച്ച മണ്ണിൽ നിലനിൽപ്പിനു വേണ്ടി പോരാടേണ്ട അവസ്ഥയാണ് പലസ്തീൻകാരുടേത്. ബ്രിട്ടീഷുകാർക്കെതിരെ നമ്മുടെ മണ്ണിനായി നമ്മൾ സമരം നടത്തി. അതേ അവസ്ഥ തന്നെയാണ് പലസ്‌തീൻ ജനതയ്ക്കുമെന്നും മുരളീധരൻ പറഞ്ഞു.