24 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ ദമ്പതികള്‍ക്ക് ഹൈക്കോടതിയുടെ അനുമതി

കൊച്ചി: 24 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ ദമ്പതികള്‍ക്ക് ഹൈക്കോടതിയുടെ അനുമതി. ഗര്‍ഭസ്ഥശിശുവിന് ഗുരുതര ഹൃദ്രോഗമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ദമ്പതികള്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവ്. എറണാകുളത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ മാത്രമേ നടപടിക്രമങ്ങള്‍ നടത്താവൂവെന്ന് കോടതി നിര്‍ദേശിച്ചു.

ഹര്‍ജി പരിഗണനയ്‌ക്കെത്തിയപ്പോള്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് അമ്മയെ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോട് കോടതി നിര്‍ദേശിച്ചിരുന്നു. അഞ്ച് വിദഗ്ധരടങ്ങുന്ന മെഡിക്കല്‍ സംഘം വൈദ്യപരിശോധന നടത്തി.