ചാണകം ശേഖരിക്കാനെത്തി വീട്ടിലെ സ്ത്രീയെ ബോധംകെടുത്തി ആഭരണങ്ങള്‍ കവര്‍ന്നയാള്‍ ആലപ്പുഴയിൽ പിടിയില്‍

ആലപ്പുഴയില്‍ പട്ടാപ്പകല്‍ സ്ത്രീയെ ആക്രമിച്ച് ബോധംകെടുത്തി സ്വർണാഭരണങ്ങൾ കവർന്ന പ്രതി പിടിയില്‍. തൈക്കാട്ടുശേരിയില്‍ മനോജിനെയാണ് പൂച്ചാക്കൽ പൊലീസ് മണിക്കൂറുകള്‍ക്കകം അറസ്റ്റ് ചെയ്തത്. പാണാവള്ളി വെളിപ്പറമ്പിൽ പുരുഷന്റെ വീട്ടില്‍ ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. പുരുഷന്‍റെ ഭാര്യ ഓമനയെ ആക്രമിച്ചാണ് പ്രതി സ്വർണം കവർന്നത്.

പശുവിനെ വളർത്തുന്ന ഇവരുടെ വീട്ടിൽ നിന്നും കഴിഞ്ഞ കുറച്ചു നാളുകളായി മനോജ് ചാണകം ശേഖരിക്കാനെത്തിയിരുന്നു. വീട്ടിൽ മറ്റാരും ഇല്ലാത്ത സമയം നോക്കി എത്തിയ മനോജ് വീട്ടിനുള്ളിൽ കടന്ന് ഓമനയുടെ മുഖത്ത് അമർത്തി ബോധം കെടുത്തിയാണ്  ഒന്നര പവൻ തൂക്കം വരുന്ന രണ്ട് വളകളും രണ്ട് പവന്‍റെ മാലയും കവർന്നത്. ബലപ്രയോഗത്തിനിടെ അബോധാവസ്ഥയിലായ ഓമന ഏറെ നേരം കഴിഞ്ഞ് നിരങ്ങി വീടിന് പുറത്തെത്തി അയല്‍വാസികളോട് സംഭവം പറഞ്ഞു. തുടർന്ന് പൂച്ചാക്കല്‍ പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. പരിക്കേറ്റ ഓമനയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംശയത്തെ തുടർന്ന് മനോജിനെ കസ്റ്റഡിയിലെടുത്ത പൊലീസ് ഇയാളെ ആശുപതിയിലേക്ക് കൊണ്ടുപോയി ഓമനയെ നേരില്‍ കാണിച്ച് പ്രതിയെ സ്ഥിരീകരിച്ചു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ സാമ്പത്തിക ബാധ്യത പരിഹരിക്കാനാണ് മോഷണം നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ഇയാളുടെ വീടിനു സമീപം പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ നിന്നും മോഷണം പോയ സ്വർണാഭരണങ്ങൾ കണ്ടെടുത്തു.