NewsKerala.live

‘Am Update’

അഴിമതി രാഷ്ട്രീയ വിഷയമാക്കി, രണ്ടാം പിണറായി സര്‍ക്കാരിനെതിരെ യുഡിഎഫിന്‍റെ രണ്ടാം സെക്രട്ടറിയേറ്റ് ഉപരോധ സമരം ആരംഭിച്ചു. രാവിലെ ആറുമണിക്ക് മുമ്പേ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് വളയൽ സമരത്തിന് തുടക്കമിട്ടു. കൊള്ളക്കാരുടെ ഭരണമാണ് കേരളത്തിലേതെന്നാണ് പ്രതിപക്ഷ ആരോപണം. സംസ്ഥാനത്തെ എല്ലായിടത്തു നിന്നുമുള്ള പ്രവർത്തകർ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. നഗരത്തില്‍ ഗതാഗത നിയന്ത്രണമുണ്ടാകും.

എഐ ക്യാമറ അഴിമതി ഉള്‍പ്പടെ മുന്‍നിര്‍ത്തി ഇക്കഴിഞ്ഞ മെയ് 20 നാണ് യുഡിഎഫ് സെക്രട്ടറിയേറ്റ് വളഞ്ഞത്. അഞ്ച് മാസം പൂര്‍ത്തിയാകുന്നതിനിടെയാണ് അഴിമതി വിഷയങ്ങള്‍ ഉയര്‍ത്തിയുള്ള രണ്ടാം സമരം. സെക്രട്ടറിയേറ്റിന്റെ 4 ഗേറ്റുകളില്‍ മൂന്നെണ്ണം പൂര്‍ണമായും ഉപരോധിക്കുന്നുണ്ട്. കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍, പ്രതിപക്ഷനേതാവ് വിഡി സതീശന്‍, ഘടകകക്ഷി നേതാക്കള്‍ തുടങ്ങി യുഡിഎഫിന്‍റെ മുന്‍നിര നേതാക്കളെല്ലാം ഉപരോധസമരത്തില്‍ പങ്കെടുക്കും. പതിനാല് ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ ആയിരത്തി അഞ്ഞൂറോളം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി ക്രമീകരിക്കുന്നത്.

യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധം ജനങ്ങളുടെ താക്കീതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍വ്വ മേഖലയിലും പരാജയപ്പെട്ട സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നും അഴിമതിയും ധൂര്‍ത്തുമാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ മുഖ മുദ്രയെന്നും വി ഡി സതീശന്‍ പറഞ്ഞു. രണ്ടാം സെക്രട്ടറിയേറ്റ് ഉപരോധത്തിന് മൂന്നായിടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം . സര്‍ക്കാരിനെ തിരുത്താന്‍, തെറ്റായ നടപടി ചൂണ്ടികാട്ടാനുള്ള സമരമാണിത്. അനാവശ്യ കാര്യങ്ങള്‍ക്ക് സമരം ചെയ്യുന്നവരല്ല തങ്ങള്‍. ജനവിരുദ്ധ സര്‍ക്കാരിനെതിരായ ജനകീയ പ്രക്ഷോഭം നടത്താനാണ് ഈ സെക്രട്ടറിയേറ്റ് ഉപരോധം. അക്രമ സമരം ആവില്ലെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

എഐ ക്യാമറ പദ്ധതിയില്‍ അഴിമതി ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാക്കള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിശദമായ വാദം കേള്‍ക്കും. കരാറില്‍ അഴിമതിയുണ്ടെന്നും ബിഡ്ഡിംഗ് സുതാര്യമല്ലെന്നുമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വാദം.

ശബരിമല മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് ഇന്ന് സന്നിധാനത്ത് നടക്കും. പതിനേഴ് പേരാണ് ശബരിമല മേൽശാന്തി നറുക്കെടുപ്പിനായുള്ള അന്തിമ പട്ടികയിൽ ഇടം നേടിയിട്ടുള്ളത്. 12 പേർ മാളികപ്പുറം മേൽശാന്തി പട്ടികയിലുണ്ട്. ആദ്യം ശബരിമല മേൽശാന്തി നറുക്കെടുപ്പായിരിക്കും നടക്കുക.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ അധികാരത്തിൽ വന്നാൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയോ മുൻ എഐസിസി അധ്യക്ഷൻ രാഹുൽ ഗാന്ധിയെയോ പ്രധാനമന്ത്രിയായി നോമിനേറ്റ് ചെയ്യാൻ കഴിയുമെന്ന് കരുതുന്നതായി കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം ശശി തരൂർ. പൊതുതെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തോൽവിയാണ് ബിജെപിയെ കാത്തിരിക്കുന്നത്. ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയെ പരാജയപ്പെടുത്തി ‘ഇന്ത്യ’ സഖ്യം കേന്ദ്രത്തിൽ അധികാരത്തിലെത്താനുള്ള സാധ്യതയുണ്ടെന്നും അക്കാര്യം കാത്തിരുന്ന് കാണാമെന്നും തരൂർ പറഞ്ഞു. തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ ആയിരുന്നു ശശി തരൂരിന്‍റെ പ്രതികരണം.

ഗാസയിൽ ആശുപത്രിയിലും യുഎന്‍ അഭയാര്‍ത്ഥി ക്യാമ്പിലും നടത്തിയ ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ നൂറുകണക്കിന് മരണം. മധ്യ ഗാസയിലെ അല്‍ അഹ്‌ലി അറബ് ഹോസ്പിറ്റലില്‍ നടന്ന ആക്രമണത്തില്‍ 500ലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മുന്നറിയിപ്പ് നല്‍കാതെയാണ് ആശുപത്രിക്ക് നേരെ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ പരിക്കേറ്റ നൂറുകണക്കിന് ഗാസക്കാരായിരുന്നു ആശുപത്രിയില്‍ ഉണ്ടായിരുന്നു. അഭയാര്‍ത്ഥി ക്യാമ്പില്‍ ആറോളം പേരാണ് കൊല്ലപ്പെട്ടത്. അല്‍ മഗ്ഹാസി അഭയാര്‍ത്ഥി ക്യാമ്പിലാണ് ആക്രമണം നടന്നത്. ഐക്യരാഷ്ട്രസഭയുടെ പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന റിലീഫ് ആന്‍ഡ് വര്‍ക്ക് ഏജന്‍സിയുടെ ക്യാമ്പിലാണ് ആക്രമണം ഉണ്ടായത്. നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

ഗാസയിലെ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ അപലപിച്ച് ഗൾഫ് രാജ്യങ്ങൾ. ആക്രമണത്തെ സൌദി അറേബ്യ അപലപിച്ചു. ക്രൂരമായ കൂട്ടക്കൊല, അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. കൂട്ടക്കൊല എന്നും യുദ്ധക്കുറ്റമാണെന്ന് ജോർദാൻ പ്രതികരിച്ചു. ആശുപത്രി ആക്രമണത്തെ തുടർന്ന് പ്രതിസന്ധി കൂടുതൽ രൂക്ഷമായ സാഹചര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ബൈഡനുമായ കൂടിക്കാഴ്ച്ച നീട്ടിവെക്കാൻ ജോർദൻ തീരുമാനിച്ചു. ബൈഡൻ, കിങ് അബ്ദുള്ള, ഈജിപ്ത് പ്രസിഡന്റ് സിസി, മഹ്മൂദ് അബ്ബാസ് എന്നിവരുമായുള്ള കൂടിക്കാഴ്ചയാണ് ജോർദൻ റദ്ദാക്കിയത്.

ഗാസയിലെ ആശുപത്രി ആക്രമിച്ചിട്ടില്ലെന്ന് കാണിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിഷേധ കുറിപ്പിറക്കി. ലോകം മുഴുവൻ അറിയണം, ഗാസയിലെ ഭീകരരാണ് ആശുപത്രി തകർത്തത്. ഞങ്ങളുടെ കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയവർ അവരുടെ മക്കളെയും കൊല്ലുകയാണെന്നും കുറിപ്പിൽ വിശദീകരിക്കുന്നു.

69-മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ ഡല്‍ഹിയില്‍ രാഷ്ട്രപതി വിതരണം ചെയ്തപ്പോള്‍ മലയാള ചിത്രം മേപ്പടിയാന് വേണ്ടി പുരസ്കാരം ഏറ്റുവാങ്ങിയത് നടൻ ഉണ്ണി മുകുന്ദന്റെ അച്ഛൻ എം. മുകുന്ദൻ ആയിരുന്നു. മികച്ച നവാഗത സംവിധായകനുളള ഇന്ദിരാഗാന്ധി പുരസ്കാരം മേപ്പടിയാനിലൂടെ സംവിധായകന്‍ വിഷ്ണു മോഹന്‍ നേടിയപ്പോള്‍ സിനിമയുടെ നിർമാതാവെന്ന നിലയിലാണ് എം. മുകുന്ദൻ പുരസ്കാരം ഏറ്റുവാങ്ങിയത്. അച്ഛൻ പുരസ്കാരം സ്വീകരിക്കുന്ന വീഡിയോ പങ്കുവച്ച് വികാരനിർഭരമായൊരു കുറിപ്പും ഉണ്ണി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.

ലോക കപ്പ് ക്രിക്കറ്റ് മൽസരത്തിൽ ഇന്ന് ന്യൂസിലാൻറ് – അഫ്ഗാൻ പോരാട്ടം. 3 മൽസരങ്ങൾ കളിച്ച ഇരുടീമുകളിൽ 3 വിജവുമായി 6 പോയിന്റ് നേടാൻ നുസിലാന്റ്ന് കഴിഞ്ഞു. ഇംഗ്ലണ്ടിനെതിരായ 1 വിജയം മാത്രമാണ് അഫ്ഗാനിസ്ഥാന് നേടാനായിട്ടുള്ളത്.