വിഴിഞ്ഞത്തെ പാർട്ടി ഒരുകാലത്തും എതിർത്തിട്ടില്ല: എം വി ഗോവിന്ദൻ

വിഴിഞ്ഞം പദ്ധതിയെ ഇടതുപക്ഷം ഒരുകാലത്തും എതിർത്തിട്ടില്ലെന്ന വാദവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സംസ്ഥാനത്തിന്റെ താൽപര്യത്തെ ഹനിക്കുന്ന കരാറിലെ ചില വ്യവസ്ഥകളെയാണ് തങ്ങൾ എതിർത്തെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി മുഖപത്രത്തിലെ പംക്തിയിലാണ് എം വി ഗോവിന്ദന്റെ പരാമർശം.

1996 ലാണ് വിഴിഞ്ഞം പദ്ധതിയുടെ പ്രാഥമിക നടപടിക്ക് തുടക്കമായത്. അന്ന് മുതലുള്ള തുറമുഖത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും ഇടതുപക്ഷത്തിന്റെ വ്യക്തമായ പങ്കുണ്ടെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. ഉമ്മൻചാണ്ടി സർക്കാരും മൻമോഹൻ സിങ് സർക്കാരും പദ്ധതി ഉപേക്ഷിക്കാൻ തീരുമാനിച്ചിരുന്നു. എൽഡിഎഫ് അതിനെതിരെ വിഴിഞ്ഞം മുതൽ അയ്യങ്കാളി ഹാൾ വരെ മനുഷ്യച്ചങ്ങല തീർത്തു. ചങ്ങലയുടെ ആദ്യ കണ്ണിയായത് സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനാണ് എന്ന് എം വി ഗോവിന്ദൻ പറഞ്ഞു. പദ്ധതിയെ എതിർത്തു എന്ന യുഡിഎഫ് വാദം ശുദ്ധഅസംബന്ധമാണെന്ന് തെളിയിക്കാൻ ഇതു മതിയെന്നും എം വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു.