കോലിക്ക് സെഞ്ചുറി! ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 7 വിക്കറ്റ് ജയം; ഏകദിന ലോകപ്പില്‍ ഇന്ത്യയുടെ നാലാം വിജയം

പൂനെ: ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ നാലാം ജയം. ബംഗ്ലാദേശിനെതിരെ ഏഴ് വിക്കറ്റിന്റെ ആധികാരിക ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. പൂനെ, മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് ലിറ്റണ്‍ ദാസ് (66), തന്‍സിദ് ഹസന്‍ (51), മഹ്മുദുള്ള (46) എന്നിവരുടെ കരുത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 41.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

രോഹിത് – ഗില്‍ സഖ്യം മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ഇരുവരും ഓപ്പണിംഗ് വിക്കറ്റില്‍ 88 റണ്‍സിന്റെ അടിത്തറയിട്ടു. എന്നാല്‍ അര്‍ധ സെഞ്ചുറിക്ക് രണ്ട് റണ്‍ അകലെ രോഹിത് വീണു. 97 പന്തിൽ സെഞ്ചുറി നേടിയ വിരാട് കോലിയാണ് (103) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 97 റൺസുമായി നിന്ന കോലി സിക്സർ പറത്തി 100 തികക്കുകയും ഇന്ത്യയുടെ വിജയം ഉറപ്പിക്കുകയും ചെയ്തു. രോഹിത് ശര്‍മ (48 ) ശുഭ്മാന്‍ ഗില്‍ (53) കെ എല്‍ രാഹുല്‍ (34) എന്നിവർ നിര്‍ണായക പ്രകടനം പുറത്തെടുത്തു.

ഏകദിന മൽസരത്തിൽ സച്ചിൻ ടെൻഡുക്കറിന്റെ 49 സെഞ്ച്വറിക്ക് തൊട്ട് പിന്നിലായിരിക്കുകയാണ് ( 48) കോഹ്‌ലി.