കേരള ഹൈക്കോടതി ജഡ്‌ജി നിയമനം: രണ്ടുപേരുകള്‍ കേന്ദ്രം വെട്ടി; നടപടി അത്യപൂർവ്വം

കേരള ഹൈക്കോടതി ജഡ്‌ജിമാരായി നിയമിക്കാന്‍ സുപ്രീം കോടതി കൊളീജിയം നല്‍കിയ 5 പേരുള്‍പ്പെട്ട ശുപാര്‍ശ പട്ടികയില്‍നിന്ന് രണ്ടുപേരുകള്‍ കേന്ദ്രസര്‍ക്കാര്‍ പിടിച്ചുവച്ചു. പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ ജഡ്‌ജിമാരായ ജോണ്‍സണ്‍ ജോണ്‍ (കല്‍പ്പറ്റ), ജി ഗിരീഷ്‌ (തൃശൂര്‍), സി പ്രദീപ്‌കുമാര്‍ (കോഴിക്കോട്‌) എന്നിവരെ ഹൈക്കോടതി അഡീഷണല്‍ ജഡ്‌ജിമാരായി നിയമിച്ചപ്പോള്‍, പ്രിന്‍സിപ്പല്‍ സെഷന്‍ഡ്‌ ജഡ്‌ജ്‌ എം ബി സ്‌നേഹലത (കൊല്ലം), ഹൈക്കോടതി രജിസ്‌ട്രാര്‍ ജനറല്‍ പി കൃഷ്‌ണകുമാര്‍ എന്നിവര്‍ക്കായുള്ള ശുപാര്‍ശ അംഗീകരിച്ചില്ല.

പിടിച്ചുവച്ച പേരുകള്‍ സുപ്രീം കോടതിക്ക് തിരിച്ചയയ്‌ക്കുകയോ പിന്നീട് തീരുമാനമെടുക്കുകയോ ചെയ്യാം. ഹൈക്കോടതി ജഡ്‌ജിമാരായി കേരളത്തില്‍നിന്ന് ശുപാര്‍ശ ചെയ്യപ്പെട്ട ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ പട്ടികയ്‌ക്ക് കേന്ദ്രനിയമമന്ത്രാലയം പൂര്‍ണാംഗീകാരം നല്‍കാതിരിക്കുന്നത്‌ ആദ്യമാണ്‌. 

അഭിഭാഷകരില്‍നിന്ന് നേരിട്ട്‌ ഹൈക്കോടതി ജഡ്‌ജിമാരായി നിയമിക്കാന്‍ ശിപാര്‍ശ ചെയ്യപ്പെടുന്ന പേരുകള്‍ കേന്ദ്രം പിടിച്ചുവയ്‌ക്കാറുണ്ടെങ്കിലും ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ സ്ഥാനക്കയറ്റത്തില്‍ പൊതുവേ ഇടപെടാറില്ല.