നൂറിന്റെ നിറവിൽ വി.എസ്

കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതമാണ് സഖാവ് വി എസ് അച്യുതാനന്ദന്റേത്. അധ്വാനിക്കുന്ന ജനവിഭാഗങ്ങളോടൊപ്പം, ചൂഷണത്തിനെതിരെ നിലകൊണ്ട നേതാവെന്ന് ആശംസകൾ നേർന്ന് പിണറായി വിജയൻ.

നൂറിന്റെ നിറവിലെത്തിയിരിക്കുകയാണ് മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ. ഒരു നൂറ്റാണ്ട് കണ്ട ജീവിതം. അടിമുടി പോരാളിയായ മനുഷ്യൻ. മലയാളി മനസിനെ ആഴത്തിൽ സ്വാധീനിക്കുകയും ആവേശഭരിതമാക്കുകയും ചെയ്ത സമര നായകൻ. ജനങ്ങളുടെ പ്രതീക്ഷ ആയിരുന്നു എന്നും വി എസ് എന്ന വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ.

വി എസ് ഒരു പേരല്ല. ആശയമാണ്. അവസാനിക്കാത്ത പോരാട്ടം എന്ന ആശയം. നീതിക്കു വേണ്ടിയുളള കലഹങ്ങളെ പ്രതീക്ഷാഭരിതമാക്കുന്ന പ്രചോദനം. ആധുനിക കേരളീയ ജീവിതത്തെ അത്രമേൽ സ്വാധീനിക്കുകയും മാറ്റി മറിക്കുകയും ചെയ്ത നിലപാട്. വി എസ് പക്ഷക്കാരുടെ എണ്ണം ഒരു പാർട്ടിയിലും അച്യുതാനന്ദൻ എന്ന മനുഷ്യനിലും ഒതുങ്ങുന്നതല്ല. അതിനിയും കാലങ്ങളോളം പ്രകാശം പരത്തും.

കേരളത്തിന്റെ പ്രതിപക്ഷ നേതാവ്. ചരിത്രം വി എസ് അച്യുതാനന്ദൻ എന്ന രാഷ്ട്രീയ പ്രവർത്തകനെ ഇങ്ങനെയാവും അടയാളപ്പെടുത്തുക. പാർട്ടി സെക്രട്ടറി ആയാലും മുഖ്യമന്ത്രി ആയാലും വി എസ് പ്രതിപക്ഷ നേതാവായിരുന്നു.

1923 ഒക്ടോബർ 20 ന് അനിഴം നക്ഷത്രത്തിൽ മണ്ണഞ്ചേരി പടിഞ്ഞാറ് മാലൂർ തോപ്പിൽ വീട്ടിലാണ് വി എസ് അച്യുതാനന്ദന്റെ ജനനം. വി എസിന് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ. ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതമാണ് സഖാവ് വി എസ് അച്യുതാനന്ദനെന്നും എന്നും അധ്വാനിക്കുന്ന ജനവിഭാഗങ്ങളോടൊപ്പം, ചൂഷണത്തിനെതിരെ നിലകൊണ്ടുവെന്നും പിണറായി വിജയൻ ഓർമ്മിച്ചു.

ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതമാണ് സഖാവ് വി എസ് അച്യുതാനന്ദന്റേത്. കേരളത്തെ ഇന്നത്തെ കേരളമാക്കി മാറ്റിയെടുക്കുന്നതിൽ വി എസ് അടക്കമുള്ള നേതാക്കൾ വഹിച്ചിട്ടുള്ള പങ്ക് അനിഷേധ്യമാണ്. ഐക്യകേരളം രൂപപ്പെടുന്നതിനു മുമ്പ് സ്വേച്ഛാധിപത്യത്തിനും രാജാധികാരത്തിനും ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനും എല്ലാമെതിരെ ഉജ്ജ്വലമായ സമരങ്ങൾ അദ്ദേഹം നയിച്ചു. ഐക്യകേരളം രൂപീകരിക്കപ്പെട്ടശേഷം ജനകീയ സമരങ്ങളിലൂടെയും ജനപ്രതിനിധി എന്ന നിലയിലും പ്രതിപക്ഷ നേതാവ് എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും അദ്ദേഹം നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമാണ്. എന്നും അധ്വാനിക്കുന്ന ജനവിഭാഗങ്ങളോടൊപ്പം, ചൂഷണത്തിനെതിരെ നിലകൊണ്ടിട്ടുള്ള നേതാവാണ് വി എസ്.

1940 ൽ 17ആം വയസ്സിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായ വി എസ് പിന്നീട് സി പി ഐ എം കെട്ടിപ്പടുക്കുന്നതിലും അതിനെ വലിയ രാഷ്ട്രീയ ശക്തിയാക്കി ഉയർത്തിയെടുക്കുന്നതിലും സുപ്രധാനമായ പങ്കുവഹിച്ചു. 1964 ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ ഭിന്നിപ്പുണ്ടായപ്പോൾ ദേശീയ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോന്ന് സി പി ഐ (എം) രൂപീകരിച്ച 32 പേരിൽ ഇന്ന് കേരളത്തിൽ ജീവിച്ചിരിക്കുന്ന ഏക നേതാവാണ് വി എസ്. സി പി ഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറിയായും പോളിറ്റ് ബ്യൂറോ അംഗമായും അദ്ദേഹം ഉയർന്നു.

കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും കയർത്തൊഴിലാളികളുടെ സമരത്തിനു നേതൃത്വം നൽകുന്നതിനും തന്റെ കൗമാരവും യൗവ്വനവും അദ്ദേഹം ഉപയോഗിച്ചു. പുന്നപ്ര വയലാർ സമര ഘട്ടത്തിൽ തന്നെ ശ്രദ്ധേയനായിരുന്നു വി എസ് എന്നു നമുക്കറിയാം. ആ കാലത്തെ ഇന്നത്തെ കാലവുമായി ബന്ധിപ്പിച്ചു നിർത്തുന്ന വിലപ്പെട്ട കണ്ണിയാണ് ആ ജീവിതം. ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും അദ്ദേഹം തീവ്രമായ സമരോത്സുകത പ്രകടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണം അടക്കമുള്ള മേഖലകളിൽ ആ സമരോത്സുകത പടർന്നു.

ഏഴ് കൊല്ലം മുമ്പ്, കൃത്യമായി പറഞ്ഞാൽ 2016 മെയ് 20-ന് തിരുവനന്തപുരത്ത് എ.കെ.ജി. സെന്ററിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇങ്ങനെയൊരു പ്രഖ്യാപനം നടത്തി: ”സഖാവ് വി.എസ്. അച്ച്യുതാനന്ദൻ കേരളത്തിലെ ഫിദൽ കാസ്ട്രൊയാണ്. ഫിദലിനെപ്പോലെ വി.എസും ഉപദേശിക്കുകയും വഴികാട്ടുകയും പ്രചോദിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.” പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനായിരുന്നു യെച്ചൂരിയുടെ തൊട്ടടുത്ത്. 2016-ലെ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിനെ മുന്നിൽനിന്നു നയിച്ചത് വി.എസ്. ആയിരുന്നു. ഒരിക്കൽകൂടി മുഖ്യമന്ത്രി പദം വി.എസിന് കിട്ടിയേക്കുമെന്ന് കരുതിയവരുണ്ടായിരുന്നു. അതിനുള്ള മറുപടിയിലാണ് ഫിദലിലേക്ക് യെച്ചൂരി വിരൽചൂണ്ടിയത്.

തന്റെ ജീവിതത്തിലുടനീളം നിസ്വവിഭാഗങ്ങളോടൊപ്പം നിലകൊള്ളുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ വി എസിന് നൂറു വയസ്സു തികയുന്ന വേള തൊഴിലാളി പ്രസ്ഥാനങ്ങൾക്കും പുരോഗമന പ്രസ്ഥാനങ്ങൾക്കും കമ്യൂണിസ്റ്റ് പാർട്ടിക്കും മാത്രമല്ല നാടിനാകെത്തന്നെയും സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും അവസരമാണ്. സഖാവ് വി എസിന് പിറന്നാൾ ആശംസകൾ നേരുന്നു.