Am Update

കരുവന്നൂർ തട്ടിപ്പിൽ സിപിഎം നേതാവ് അരവിന്ദാക്ഷന് നേരിട്ട് പങ്കെന്ന് ഇഡി. ശബ്ദരേഖ ഇഡി കോടതിയിൽ ഹാജരാക്കി. അരവിന്ദാക്ഷന് ജാമ്യം നൽകരുതെന്നും അന്വേഷണം നി‍ർണായക ഘട്ടത്തിലാണെന്നും എൻഫോഴ്സ്മെന്‍റ് ഡിറക്ട്രേറ്റ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മാത്രവുമല്ല അരവിന്ദാക്ഷനെതിരായ കുറ്റപത്രവും ഒരുങ്ങുകയാണ്. രേഖകൾ സീൽഡ് കവറിൽ ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു. അരവിന്ദാക്ഷന്റെ ജാമ്യഹർജിയിൽ ആ മാസം 25 ന് വിധി പറയും.

സംസ്ഥാന കായികമേളയിൽ പാലക്കാടൻ അധിപത്യം. സ്കൂൾ കായികമേള ഇന്ന് അവസാനിക്കും. ഹാട്രിക് കിരീടമെന്ന ലക്ഷ്യത്തിലേക്ക് പാലക്കാട് അടുക്കുകയാണ്. പാലക്കാട് ഇതുവരെ 133 പോയിന്റ് സ്വന്തമാക്കി. 89 പോയിന്റോടെ രണ്ടാം സ്ഥാനത്ത് മലപ്പുറവും 61 പോയിന്റ് നേടിയ എറണാകുളം മൂന്നാം സ്ഥാനത്തുമാണ്. 44 പോയിന്റുള്ള കോഴിക്കോട് നാലാം സ്ഥാനത്താണ്. സ്കൂൾ വിഭാഗത്തിൽ മുൻ ചാമ്പ്യൻമാരായ മലപ്പുറം കടകശേരി ഐഡിയൽ സ്കൂളും കോതമംഗലം മാർ ബേസിലും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.

കേരളത്തിൽ എല്ലാ ജില്ലകളിലും മഴ തുടരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഭീകരവാദത്തെ നേരിടുന്നതിൽ ഇന്ത്യ ഇസ്രയേലിനൊപ്പം. നിലപാടാവർത്തിച്ച് വിദേശകാര്യമന്ത്രാലയം..അതേ സമയം, എല്ലാ മാനുഷിക ചട്ടങ്ങളും പാലിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. പശ്ചിമേഷ്യയിലെ യുദ്ധത്തിൽ ഇസ്രയേലിനെ പിന്തുണച്ച ആദ്യ രാജ്യങ്ങളിൽ ഒന്ന് ഇന്ത്യയാണ്.

ഓപ്പറേഷൻ ചക്ര 2 വിന്റെ ഭാഗമായി രാജ്യത്തെ 76 ഇടങ്ങളിൽ സി ബി ഐ റെയിഡ്. രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൽ 32 മൊബൈൽ ഫോൺ, 48 ലാപ്പ്ടോപ്പുകൾ എന്നിവയടക്കം നിരവധി ഉപകരണങ്ങൾ പിടികൂടിയെന്ന് സി ബി ഐ അറിയിച്ചു. ഇന്നലത്തെ റെയ്ഡിൽ 5 കേസുകൾ എടുത്തെന്നും സി ബി ഐ അറിയിച്ചു. സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ നടപടിയുടെ ഭാഗമായാണ് ഓപ്പറേഷൻ ചക്ര 2.

ഗാസക്കെതിരെ ഇസ്രയേൽ ആക്രമണം കടുപ്പിച്ചു. ക്രൈസ്തവ ദേവലായത്തിന് നേരെയും ജനവാസ കേന്ദ്രങ്ങൾക്ക് നേരെയും നടന്ന ബോംബ് ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. ഗാസയുടെ അൽ നഗരമായ അൽ-സെയ്ടൂണിലെ ഗ്രീക്ക് ഓർത്തഡോക്സ് പള്ളിക്ക് നേരെയാണ് ആക്രണണം ഉണ്ടായത്.

ഗാസയിലേക്ക് അവശ്യ വസ്തുക്കള്‍ എത്തിക്കാന്‍ റഫാ ഇടനാഴി ഇന്ന് തുറക്കും. പ്രതിദിനം 20 ട്രക്കുകള്‍ക്കാണ് അനുമതി. ഗാസയെ നിരീക്ഷിക്കാന്‍ സൈന്യത്തോട് സജ്ജമാകാന്‍ ഇസ്രയേല്‍ നിര്‍ദേശം നല്‍കി. ഹമാസ് ബന്ദികളാക്കിയവരെ രക്ഷപ്പെടുത്താന്‍ എല്ലാ ശ്രമങ്ങളും തുടരുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ജോ ബൈഡനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും നടത്തിയ ചര്‍ച്ചയിലാണ് ഗാസയിലേക്ക് അവശ്യ വസ്തുക്കള്‍ എത്തിക്കാന്‍ തീരുമാനമായത്.

ഇന്ത്യയ്‌ക്കെതിരെ കനേഡിയന്‍ വിദേശകാര്യമന്ത്രി മെലാനി ജോളി. 41 കനേഡിയന്‍ നയതന്ത്രജ്ഞരുടെ പരിരക്ഷ പിന്‍വലിച്ചതിന് ഇന്ത്യയ്ക്ക് ന്യായീകരണമില്ലെന്നും ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായത് മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത നടപടിയാണെന്ന് മെലാനി ജോളി പറഞ്ഞു. ഇന്ത്യയുടെ നടപടി രാജ്യാന്തര നിയമത്തിന് വിരുദ്ധമാണെന്നും അവര്‍ ആരോപിച്ചു.