‘ലിയോ’; ഇതുവരെ കാണാത്ത ഒരു വിജയ്നെ കാണാന്‍ ലിയോയ്ക്ക് ടിക്കറ്റെടുക്കാം

കണ്ട് ആസ്വദിക്കാൻ നിരവധി കാര്യങ്ങൾ ഒരുക്കി വെച്ചുകൊണ്ടാണ് വിജയിയുടെ ലിയോ പ്രേക്ഷകനു മുന്നിലെത്തിയിട്ടുള്ളത്. ട്രെയിലറിൽ കണ്ട കാഴ്ചകളുടെ രണ്ട് മണിക്കൂർ 43 മിനിറ്റ് ദൈർഘ്യമുള്ള ആവിഷ്കാരമാണ് സിനിമയെന്ന് ചുരുക്കി പറയാം. വിജയ് പാർഥിപൻ, ലിയോ ദാസ് എന്നീ കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഒരു മുഴുനീള ആക്ഷൻ ചിത്രമായാണ് ലോകേഷ് ഒരുക്കിയിരിക്കുന്നത്.

ഹിമാചല്‍ പ്രദേശില്‍ തുടങ്ങി ഹൈദരാബാദില്‍ അവസാനിക്കുന്ന കഥ. ലോകേഷിന്റെ മുന്‍ സിനിമകളായ കൈതിയോടും വിക്രത്തോടും ചേര്‍ത്തുവെക്കാവുന്ന കഥാപരിസരത്തില്‍ നിന്ന് വികസിക്കുന്ന സിനിമ സാവധാനം പാര്‍ഥിപനിലേക്കും ലിയോയിലേക്കും കേന്ദ്രീകരിക്കുന്നു. സസ്പെന്‍സുകളുടെ കുന്ന് പ്രതീക്ഷിച്ച് പോകുന്ന പ്രേക്ഷകന് വേണ്ടതൊക്കെയും വേണ്ട സമയത്ത് തന്നെ ലോകേഷ് തരുന്നുണ്ട്. തൃഷയും മാത്യുവും ഇയലും അടങ്ങുന്ന വിജയുടെ കുടുംബവും അവര്‍ക്ക് ചുറ്റും സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് സിനിമയുടെ ബാക്കി കഥ. ആന്‍റണി ദാസ്, ഹരോള്‍ഡ് ദാസ് എന്നീ പ്രതിനായകരും പാര്‍ഥിപനും തമ്മിലുണ്ടാകുന്ന സംഘട്ടനങ്ങളാണ് പ്രേക്ഷകനെ ലിയോയുടെ ലോകത്തേക്ക് കൊണ്ടുപോകുന്നത്.

മുന്‍ സിനിമകളിലേത് പോലെ മാസ് ഇന്‍ട്രോയും മാനം മുട്ടെ പറന്നടിക്കുന്ന ആക്ഷന്‍ രംഗങ്ങളും നെടുനീളന്‍ ഡയലോഗുകളുമില്ലാതെ വിജയെ അവതരിപ്പിക്കുക എന്ന ഏറ്റവും വലിയ വെല്ലുവിളി ലോകേഷ് തന്നാലാകും വിധം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. കഥാപാത്രങ്ങള്‍ക്ക് ഏറ്റവും അനുയോജ്യരായ നടീനടന്മാരെ തന്നെ ലോകേഷ് ലിയോയില്‍ അണിനിരത്തിയിട്ടുണ്ട്. മലയാളി താരം മാത്യു തോമസും തമിഴിലെ തന്‍റെ അരങ്ങേറ്റം ഗംഭീരമാക്കി. നായകന്‍ കേമനാകുമ്പോള്‍ വില്ലന്‍ അതിലും കേമനാകുന്ന പതിവ് ലോകേഷ് ശൈലി ഇവിടെയും തെറ്റിച്ചില്ല. ആന്‍റണി ദാസായി സഞ്ജയ് ദത്തും ഹരോള്‍ഡ് ദാസായി അര്‍ജുനും പെര്‍ഫെക്ട് കാസ്റ്റിങ് തന്നെ.

എല്ലാത്തിനെക്കാളുമുപരി വിജയ് എന്ന നടനെ ഇതുവരെ കാണാത്ത വിധം ലിയോയില്‍ ലോകേഷ് അവതരിപ്പിച്ചിട്ടുണ്ട്. പതിവ് ഡയലോഗ് ഡെലിവറിയോ ശരീരഭാഷയോ ഇല്ലാതെ വിജയ് എന്ന സൂപ്പര്‍ താരത്തില്‍ നിന്ന് വിജയ് എന്ന അഭിനേതാവാണ് ലിയോയില്‍ ഒരുപടി മുകളില്‍. ആക്ഷന്‍ രംഗങ്ങളില്‍ വിജയ് പുലര്‍ത്തുന്ന അനായാസത മുഴുവന്‍ അന്‍പറിവ് മാസ്റ്റര്‍മാര്‍ ഫൈറ്റ് സീനുകളില്‍ നിറച്ചുവെച്ചിരിക്കുന്നു. ഇമോഷണല്‍ രംഗങ്ങള്‍ അഭിനയിച്ചു ഫലിപ്പിക്കുന്നതിലും വിജയ് വിജയിച്ചിട്ടുണ്ട്. തിയേറ്ററില്‍ പ്രേക്ഷകനെ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേല്‍പ്പിക്കുന്ന അനിരുദ്ധിന്‍റെ ഹൈവോള്‍ട്ടേജ് പാട്ടുകളും പശ്ചാത്തല സംഗീതവും ലിയോയുടെ മാറ്റ് കൂട്ടുന്നു. സിനിമയുടെ ആദ്യ പത്ത് മിനിറ്റ് മിസ് ചെയ്യരുതെന്ന് ലോകേഷ് അഭിമുഖത്തില്‍ പറഞ്ഞുവെക്കുന്നതിനോട് നൂറ് ശതമാനം നീതീകരിക്കാവുന്ന രംഗങ്ങളാണ് ഈ സമയം പ്രേക്ഷകനിലേക്ക് എത്തുന്നത്. കഴുതപ്പുലിയുമായുള്ള സംഘട്ടന ദൃശ്യങ്ങളിലെ ഗ്രാഫികസ് മികച്ചുനില്‍ക്കുന്നതാണ്. 

ഇതുവരെ കാണാത്ത ഒരു വിജയിയെ തിയേറ്ററില്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ധൈര്യമായി ലിയോയ്ക്ക് ടിക്കറ്റെടുക്കാം. മറിച്ച് സോഷ്യല്‍ മീഡിയ ഹൈപ്പില്‍ ആകൃഷ്ടരായാണ് നിങ്ങള്‍ തിയേറ്ററില്‍ എത്തുന്നതെങ്കില്‍ നിരാശയായിരിക്കും ഫലം.