Am Update

Morning Speed News

വിഴിഞ്ഞത് എത്തിയ ആദ്യ കപ്പലിൽ നിന്നുള്ള രണ്ടാമത്തെ ക്രെയിൻ ഇന്ന് തീരത്ത് ഇറക്കും. മൂന്ന് ക്രെയിനുകളിൽ ആദ്യത്തേത് ഇന്നലെ ഇറക്കിയിരുന്നു. ഷിൻ ഹുവാ 15 കപ്പലിലെ 3 ചൈനീസ് ജീവനക്കാരും മുംബൈയിൽ നിന്നെത്തിയ വിദഗ്ദരും ചേർന്നാണ് ക്രെയിൻ ഇറക്കുന്നത്.

വരുന്ന ശബരിമല തീർത്ഥാടന സീസണിൽ തീർത്ഥാടകര്‍ക്ക് നിലയ്ക്കലിൽ ഫാസ്ടാഗ് അധിഷ്‌ഠിത പാർക്കിങ് സൗകര്യം ഏർപ്പെടുത്തുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ. സ്വകാര്യ ബാങ്കിന്റെ സാങ്കേതിക പിന്തുണയോടെയാണ് ഈ സൗകര്യം ഒരുക്കുന്നത്. എന്നാൽ നിലവിൽ പാർക്കിംഗ് ഫീസ് വർദ്ധിപ്പിക്കാൻ തീരുമാനിച്ചിട്ടില്ല. ഇതിലൂടെ ഏകദേശം 10 കോടിയുടെ വരുമാനം ലഭിക്കുമെന്നാണ് ബാങ്കിന്റെ കണക്കുകൂട്ടൽ. എന്നാൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കണക്ക് പ്രകാരം അഞ്ചു കോടി രൂപയാണ് പ്രതീക്ഷിക്കുന്നതെന്ന് ദേവസ്വം പ്രസിഡന്റ്പറഞ്ഞു.

പാലിയേക്കര ടോള്‍ പിരിവിലെ ക്രമക്കേടിനെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരായ പൊലീസ് നടപടിയിൽ കോൺഗ്രസ് പ്രതിഷേധപരിപാടി ഇന്ന്. ശനിയാഴ്ച സംസ്ഥാന വ്യാപകമായി മണ്ഡലം തലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.പറഞ്ഞു.

ക്ഷേത്ര പരിസരത്തെ ആര്‍എസ്എസ് ശാഖാ പരിശീലനത്തിന് വിലക്കേര്‍പ്പെടുത്തിയ തീരുമാനം ശക്തമായി നടപ്പിലാക്കണമെന്ന് തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ്. ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കി. ബോര്‍ഡിന്റെ അധീനതയിലുള്ള ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് സംഘടനയുടെ ശാഖകള്‍ പ്രവര്‍ത്തിക്കുന്നതും ആയോധന പരിശീലന മുറകള്‍ ഉള്‍പ്പെടെ മാസ്സ്ഡ്രില്‍ നടത്തുന്നതിനും വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ ഉത്തരവ് പാലിക്കപ്പെടുന്നില്ലെന്ന് കണ്ടെത്തിയതോടെയാണ് കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

സംസ്ഥാന സ്കൂൾ കായികമേളയിൽ തുടർച്ചയായി മൂന്നാം വട്ടവും ജേതാക്കളായി പാലക്കാട്. 260 പോയിന്റുമായാണ് പാലക്കാട് ജില്ലാ തങ്ങളുടെ ആധിപത്യം നിലനിർത്തിയത്. 168 പോയിന്റുമായി മലപ്പുറം ജില്ലയ്ക്കാണ് രണ്ടാംസ്ഥാനം. 88 പോയിന്റുമായി എറണാകുളം മൂന്നാം സ്ഥാനത്ത് എത്തി. സ്കൂളുകളിൽ എറണാകുളം മാർ ബസേലിയസിനെ മറികടന്ന് ഐഡിയൽ കടകശ്ശേരി ജേതാക്കളായി. 26 സ്വർണവും 24 വെള്ളിയും 12 വെങ്കലവുമാണ് പാലക്കാട് സ്വന്തമാക്കിയത്.

മനുഷ്യൻ ബഹിരാകാശത്തേക്ക്; ഐഎസ്ആർഒയുടെ സ്വപ്നപദ്ധതി ഗഗൻയാന്റെ വിക്ഷേപണ പരീക്ഷണങ്ങൾ ഇന്ന് ആരംഭിക്കും. രാവിലെ എട്ടിന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ ഒന്നാം വിക്ഷേപണ തറയിൽ നിന്നാണ് വിക്ഷേപണം. സഞ്ചാരികളെ സുരക്ഷിതമായി എത്തിക്കുന്ന ക്രൂ എസ്‌കേപ്പ് സിസ്റ്റമാണ് വിക്ഷേപണത്തിലൂടെ പരീക്ഷിക്കുന്നത്.

തോട്ടിപ്പണി സമ്പൂര്‍ണ്ണമായി ഒഴിവാക്കണമെന്ന് സുപ്രീം കോടതി. പാര്‍ശ്വവത്കരിക്കപ്പെട്ട ജനതയെ ഇത്തരം തൊഴിലുകളില്‍ നിന്ന് മുക്തരാക്കണം. തോട്ടിപ്പണിക്കിടെ മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്നും ഡിവിഷന്‍ ബെഞ്ചിന്റെ വിധിയിൽ പറയുന്നു.

ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് റിയാദിലെത്തി. വ്യാഴാഴ്ച രാത്രിയിൽ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായി അമീർ മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തി. നേരത്തെ ഇസ്രായേലിലെത്തി പ്രസിഡൻറ് ഇസാക് ഹെർസോഗിനെയും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും കണ്ട ശേഷമാണ് സൗദിയിലേക്ക് പുറപ്പെട്ടത്. ഈ സാഹചര്യത്തിൽ ഏറെ രാഷ്ട്രീയപ്രാധാന്യമുള്ളതാണ്

ബന്ദികളാക്കിയിരുന്ന അമേരിക്കന്‍ പൗരന്മാരായ അമ്മയേയും മകളേയു വിട്ടയച്ചെന്ന് ഹമാസ്. ജൂഡിറ്റ് റാണ(59), നദാലി റാണ(17) എന്നിവരെയാണ് വിട്ടയച്ചതെന്ന് ഹമാസ് ടെലഗ്രാം ചാനലിലൂടെ അറിയിച്ചു. മാനുഷിക പരിഗണനയുടെ പേരിലാണ് രണ്ട് പേരേയും വിട്ടയച്ചതെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് മോചന തീരുമാനം ഉണ്ടായത്. യുഎസ് പ്രസിഡന്റ് ജോബൈഡന്‍ ഇരുവരുമായി ഫോണിലൂടെ സംസാരിച്ചെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

ഐഎസ്എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് – നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മൽസരം. അതിനിടെ കേരള ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടി. പ്രതിരോധ താരം പ്രബീർ ദാസിന് ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷന്റെ അച്ചടക്ക സമിതി വിലക്കേർപ്പെടുത്തി. ഒക്ടോബർ എട്ടിന് മുംബൈ സിറ്റിക്കെതിരായ മത്സരത്തിൽ റഫറിക്കെതിരെ പ്രതിഷേധിച്ചതാണ് ബ്ലാസ്റ്റേഴ്സ് താരത്തിന് തിരിച്ചടിയായത്. ഇനി മൂന്ന് മത്സരങ്ങളിൽ മഞ്ഞകുപ്പായത്തിൽ താരത്തിന് കളിക്കാൻ കഴിയില്ല.