ഗഗന്‍യാന്‍ പരീക്ഷണ വിക്ഷേപണം വിജയകരം

കടലിൽ പതിച്ച ക്രൂ മൊഡ്യൂൾ വീണ്ടെടുത്ത് ചെന്നൈ തീരത്ത് എത്തിച്ചു; ചരിത്ര നേട്ടത്തിലേക്കുള്ള ആദ്യപടിയെന്ന് ഐഎസ്ആര്‍ഒ

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായുള്ള ആദ്യ ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ പരീക്ഷണ ദൗത്യം വിജയം. ഏറെ നേരെ നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവിൽ 10 മണിയോടെയാണ് വിക്ഷേപണം ആരംഭിച്ചത്. 9 മിനിറ്റ് 51 സെക്കന്റിലാണ് പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത്. ക്രൂ മൊഡ്യൂൾ കടലിൽ പതിച്ചു.

സാങ്കേതികതരാര്‍ മൂലം രാവിലെ നിര്‍ത്തിവച്ച ഗഗന്‍യാന്‍ ക്രൂ എസ്‌കേപ്പ് സിസ്റ്റം വിജയകരമായി വിക്ഷേപിച്ചു. രാവിലെ 8.45 നു വിക്ഷേപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് വിക്ഷേപണം മാറ്റിവയ്ക്കുകയായിരുന്നു. അതു പരിഹരിച്ചതായി ഐഎസ്ആര്‍ഒ പിന്നീട് അറിയിച്ചു. തുടര്‍ന്നാണ് 10 മണിക്ക് വിക്ഷേപണം നടത്താന്‍ തീരുമാനിച്ചത്. പാരച്യൂട്ടുകളുടെ സഹായത്തോടെ ക്രൂ മൊഡൂള്‍ കടലിൽ പതിച്ചു. കടലില്‍ പതിച്ച ക്രൂ മൊഡ്യൂള്‍ നാവികസേന വീണ്ടെടുത്തു ചെന്നൈ തീരത്ത് എത്തിച്ചു.

എല്ലാ ഘട്ടവും വിജയകരമാണെന്ന് ഇസ്രോ ചെയർമാന്‍ എസ് സോമനാഥ് പറഞ്ഞു. പരീക്ഷണ വിജയം ചരിത്ര നേട്ടത്തിലേക്കുള്ള ആദ്യപടിയെന്നും ഐഎസ്ആര്‍ഒ.

ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ച ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ -1 ന്റെ ക്രൂ എസ്‌കേപ്പ് സിസ്റ്റമായിരുന്നു ഇന്ന് പരീക്ഷിച്ചത്. 9 മിനിട്ട് 51 സെക്കന്റിലാണ് വിക്ഷേപണം വിജയകരമായി പൂര്‍ത്തിയായത്.

ബഹിരാകാശത്തേക്ക് ആളെ അയക്കുമ്പോൾ സാങ്കേതിക പ്രശ്‌നങ്ങൾ സംഭവിച്ചാൽ ബഹിരാകാശ യാത്രികരെ രക്ഷപ്പെടുത്തുന്നതിനുള്ള സിസ്റ്റമാണിത്. ഗഗൻയാൻ വിക്ഷേപണത്തിനുശേഷം ഏതെങ്കിലും സാഹചര്യത്തിൽ ദൗത്യം അബോർട്ട് ചെയ്യേണ്ടി വന്നാൽ, ബഹിരാകാശയാത്രികർ ഇരിക്കുന്ന ക്രൂ മൊഡ്യൂളിനെ വിക്ഷേപണ വാഹനത്തിൽനിന്ന് സുരക്ഷിതമായ ദൂരത്തേക്ക് വേഗത്തിൽ മാറ്റാൻ രൂപകൽപ്പന ചെയ്തിരിക്കുന്ന അടിയന്തര സംവിധാനമാണ് ക്രൂ എസ്‌കേപ് സിസ്റ്റം. 

2025ൽ യാത്രികരെ ബഹിരാകാശത്തേക്ക് അയക്കുന്നതിന് മുന്നോടിയായാണ് ആളില്ലാ വാഹനങ്ങളുടെ പരീക്ഷണ വിക്ഷേപണം നടത്താൻ തീരുമാനിച്ചത്. ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായ ഡ്രോഗ് പാരച്യൂട്ട്, സർവിസ് മൊഡ്യുൾ പ്രൊപ്പൽഷൻ സംവിധാനം, സർവിസ് മൊഡ്യൂളുകളെ നിയന്ത്രിക്കുന്ന എൻജിനുകളുടെ പരീക്ഷണം എന്നിവ വിജയകരമായി പൂർത്തിയാക്കിയാണ് ഐ എസ് ആർ ഒ നിർണായകമായ ക്രൂ എസ്‌കേപ്പ് സംവിധാനത്തിന്റെ പരീക്ഷണ വിക്ഷേപണത്തിലേക്കു കടന്നത്.