‘ലിയോ’: വിജയ് 120 കോടി.. നായികയേക്കാള്‍ പ്രതിഫലം വില്ലന്

ലോകേഷ്-വിജയ് ചിത്രം ലിയോയിലെ താരങ്ങൾ വാങ്ങിയ പ്രതിഫലം പുറത്തു വിട്ട് പ്രമുഖ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ. തെന്നിന്ത്യൻ സിനിമാ ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച ഓപ്പണിങ് ലഭിച്ച ലിയോയിൽ 120 കോടി രൂപയാണ് വിജയ് പ്രതിഫലമായി വാങ്ങിയതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ പറയുന്നത്. നായികയായ തൃഷ 5 കോടി വാങ്ങിയപ്പോൾ വില്ലൻ വേഷത്തിൽ എത്തിയ ബോളിവുഡ് നടൻ സഞ്ജയ് ദത്ത് 8 കോടി രൂപയാണ് സിനിമയ്ക്ക് വേണ്ടി വാങ്ങിയത്.

15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വിജയ്- തൃഷ കോമ്പിനേഷനിൽ ഒരു സിനിമ എത്തുന്നത്. സഞ്ജയ് ദത്തിനൊപ്പം ചിത്രത്തിലെ പ്രധാന വില്ലനായി എത്തിയ ഹരോള്‍ഡ് ദാസിനെ അവതരിപ്പിച്ചത് തമിഴ് നടൻ അര്‍ജുനായിരുന്നു. 2 കോടി രൂപയാണ് അർജുന് പ്രതിഫലമായി ലഭിച്ചത്. മറ്റൊരു പ്രധാന കഥാപാത്രമായ ഗൌതം വസുദേവ് മേനോൻ 70 ലക്ഷവും പ്രിയ ആനന്ദ് 50 ലക്ഷവും ചിത്രത്തിന് വേണ്ടി കൈപ്പറ്റിയിട്ടുണ്ടെന്നും ടൈംസ് ഓഫ് ഇന്ത്യ വ്യക്തമാക്കുന്നു. എന്നാൽ, മലയാളി താരമായ മാത്യു തോമസിന്റെയും, മറ്റു പ്രധാന കഥാപാത്രങ്ങളുടെയും പ്രതിഫലം ഇതുവരേക്കും പുറത്തു വന്നിട്ടില്ല.