ഭാഗ്യം വന്ന വഴി..

സമ്മാനമില്ലെന്ന് കരുതി ടിക്കറ്റ് വലിച്ചെറിഞ്ഞു, വീണ്ടും നോക്കിയപ്പോള്‍ 1 കോടി സമ്മാനം.. ഓട്ടോ ഡ്രൈവറുടെ ഭാഗ്യം..!

ഒന്നാം സമ്മാനം അടിച്ച ടിക്കറ്റ് സമ്മാനമില്ലെന്ന് കരുതി ഉപേക്ഷിച്ച് കളഞ്ഞാല്‍ എന്തായിരിക്കും അവസ്ഥ..!സങ്കടവും നിരാശയും എത്രത്തോളമുണ്ടാകുമെന്ന് ചിന്തിക്കാന്‍ പോലും വയ്യ, അല്ലേ. എന്നാല്‍ അത്തരമൊരു അവസ്ഥയുടെ വക്കില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് കോട്ടയം സ്വദേശിയായ ഓട്ടോ ഡ്രൈവര്‍.

സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയാണ് മൂലവട്ടം ചെറുവീട്ടില്‍ വടക്കേതില്‍ സി കെ സുനില്‍കുമാറിന് മുന്നില്‍ ഭാഗ്യദേവതയായി മാറിയത്.സമ്മാനമില്ലെന്ന് കരുതി വീട്ടിലെ ചവറ്റുകുട്ടയിൽ വലിച്ചെറിഞ്ഞ ലോട്ടറി ടിക്കറ്റിന് അടിച്ചത് ഒരു കോടി രൂപയാണ്. ആദ്യം ഫലം പരിശോധിച്ചപ്പോഴാണ് സമ്മാനമില്ലെന്ന് കരുതി നിരാശയിൽ സുനിൽ കുമാർ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞത്. സംശയം തോന്നി വീണ്ടും ഫലം നോക്കിയപ്പോഴാണ് ചുരുട്ടിക്കളഞ്ഞത് മഹാ ഭാഗ്യമാണെന്ന് മനസിലായത്. പൂവന്തുരത്ത് പ്ലാമ്മൂട് സ്റ്റാൻഡിലെ ഓട്ടോഡ്രൈവറാണ് സുനിൽ.

വ്യാഴാഴ്ച രാവിലെ പത്രം വായിച്ചു ഫലം നോക്കുന്നതിനിടെ ചെറിയ സമ്മാനങ്ങളുടെ നമ്പറുകൾ ഒത്തുനോക്കിയെങ്കിലും സമ്മാനമില്ലെന്ന് കണ്ടതോടെ സുനിൽകുമാർ ടിക്കറ്റ് ചവറ്റുകുട്ടയിലേക്ക് എറിഞ്ഞു. പക്ഷെ ഒന്നുകൂടി ഫലം നോക്കുന്നതിനിടെ ഒന്നാം സമ്മാനം ലഭിച്ച നമ്പറിൽ കണ്ണുടക്കിയപ്പോള്‍ ദാ കിടക്കുന്നു ഒന്നാം സമ്മാനം ഒരു കോടി.

വീട് പണയം വച്ചെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയിരിക്കുമ്പോഴാണ് സുനിൽകുമാറിനെ ഭാഗ്യദേവത തുണച്ചത്. അമ്മ സരസമ്മ, ഭാര്യ ബിന്ദു, മകള്‍ സ്‌നേഹ, മരുമകന്‍ ജെനിഫ് എന്നിവര്‍ അടങ്ങുന്നതാണ് സുനില്‍ കുമാറിന്റെ കുടുംബം. പൂവന്തുരുത്ത് പ്ലാമ്മൂട് സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറാണ് സുനില്‍ കുമാര്‍. 50 രൂപയാണ് ഫിഫ്റ്റി ഫിഫ്റ്റി ടിക്കറ്റിന്റെ വില.