‘പാമ്പിന്റെ’ കഴുത്തില്‍ പെരുമ്പാമ്പ് ചുറ്റി: രക്ഷപ്പെട്ടത് തലനാരിഴക്ക്; വീഡിയോ വൈറൽ

പാമ്പിനെ പെരുമ്പാമ്പ് വിഴുങ്ങിയ സംഭവങ്ങളിൽ പുതുമയില്ല.. അടിച്ച് പൂസായ പാമ്പിന്റെ കഴുത്തിൽ പെരുമ്പാമ്പ് ചുറ്റിയ സംഭവമോ ! അത്യപൂർവ്വം. എന്നാലിതാ നമ്മുടെ കണ്ണൂരിൽ കഴിഞ്ഞ ദിവസം നടന്ന ഇത്തരത്തിലുള്ള ഒരു സംഭവമാണ് ഇപ്പോൾ നാട്ടിൽ ചർച്ച.. എങ്ങനെ കഴുത്തിൽ പെരുമ്പാമ്പ് ചുറ്റിയെന്നോ, രക്ഷപ്പെട്ടത് എങ്ങനെയെന്നോ ചോദിക്കരുത്.. പാമ്പിന് ബോധമില്ല.. പക്ഷെ ശ്വാസം മുട്ടി മരിക്കാതിരുന്നത് ഭാഗ്യംകൊണ്ട് മാത്രം..

വൈറൽ വീഡിയോ

വളപട്ടണത്ത് പെരുമ്പാമ്പ് കഴുത്തില്‍ ചുറ്റി റോഡരികില്‍ കിടന്നിരുന്ന മധ്യവയസ്‌കനെ പെട്രോള്‍ പമ്പു ജീവനക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെടുത്തിയ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായി. രണ്ടു ദിവസം മുന്‍പാണ് സംഭവം. കണ്ണൂര്‍ – കാസര്‍കോട് ദേശീയ പാതയിലെ വളപട്ടണം ടോള്‍ ബൂത്തിന് സമീപം മദ്യപിച്ചു ബോധരഹിതനായി കിടന്നിരുന്ന വളപട്ടണം കളരിവാതുക്കല്‍ സ്വദേശിയായ മധ്യവയസ്‌കന്റെ കഴുത്തിലാണ് പെരുമ്പാമ്പ് ചുറ്റിയത്. മദ്യലഹരിയിലായതിനാല്‍ ഇയാള്‍ ആദ്യം അറിഞ്ഞിരുന്നില്ലെങ്കിലും പിന്നീട് ശ്വാസം കിട്ടാതെയായപ്പോള്‍ ഉണരുകയായിരുന്നു.

ഉറക്കത്തില്‍ നിന്നും ഒരുവിധം എഴുന്നേറ്റ ഇയാള്‍ തൊട്ടടുത്തുളള വളപട്ടണം ടോള്‍ ബൂത്തിന് സമീപത്തുളള പെട്രോള്‍ പമ്പിലേക്ക് ഒരുവിധം എത്തിപ്പെടുകയായിരുന്നു. ഇതുകണ്ട ലോറി ഡ്രൈവര്‍ പെട്രോള്‍ പമ്പു ജീവനക്കാരെ വിവരമറിയിച്ചു. പാമ്പിന്റെ ഭാരം കൊണ്ടു തറയില്‍ വീണ ഇയാളുടെ കഴുത്തില്‍ നിന്നും ഓടിയെത്തിയ പമ്പ് ജീവനക്കാരൻ പാമ്പിനെ സാഹസികമായി വേര്‍പ്പെടുത്തുകയുമായിരുന്നു. ഒടുവില്‍ പാമ്പ് ലോറിക്കടിയിലൂടെ ഇഴഞ്ഞ് കുറ്റിക്കാട്ടിലേക്ക് പോയി. പെരുമ്പാമ്പ് കഴുത്തിൽ ചുറ്റിയ മധ്യവയസ്‌കന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.