ഗതാഗത സെക്രട്ടറിയും കെഎസ്ആർടിസി സിഎംഡിയുമായ ബിജു പ്രഭാകറിന്റെ അവധി നീട്ടി. ഈ മാസം 31 വരെയാണ് അവധി നൽകിയത്. നേരത്തെ അനുവദിച്ച അവധിയുടെ കാലാവധി ഒക്ടോബർ 21ന് അവസാനിച്ചിരുന്നു. ആരോഗ്യ പ്രശ്നങ്ങളാണ് അവധി നീട്ടാൻ കാരണമായി പറയുന്നത്.
യൂത്ത്കോൺഗ്രസ് സംഘടന തിരഞ്ഞെടുപ്പിനെതിരെ കോടതിയെ സമീപിച്ച ഷഹബാസ് വടേരിയെ ദേശീയ സെൽ കോർഡിനേറ്ററാക്കിയതിനെതിരെ ശക്തമായ പ്രതിഷേധം. സംസ്ഥാന ഘടകത്തിൽ ഒരു വിഭാഗത്തിന്റെ അതൃപ്തി കണക്കിലെടുത്ത് ഷഹബാസിന്റെ രാജി ദേശീയ നേതൃത്വം ആവശ്യപ്പെട്ടതായും സൂചനയുണ്ട്.
സ്വകാര്യ പ്രാക്ടീസ് നടത്തി വന്ന ഡോക്ടറുടെ വീട്ടിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ 4160 രൂപ പിടികൂടി. കോട്ടയം മെഡിക്കൽ കോളജിലെ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ. സജി സെബാസ്റ്റ്യനാണ് സ്വകാര്യ പ്രാക്ടീസിന് ഇടയിൽ പിടിയിലായത്.
തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴി കാസര്‍കോട്ടേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസിന്റെ സമയക്രമത്തില്‍ മാറ്റംവരുത്തി. ചെങ്ങന്നൂരില്‍ അധിക സ്റ്റോപ്പ് അനുവദിച്ചതിനെ തുടര്‍ന്നാണ് സമയക്രമത്തില്‍ മാറ്റംവന്നത്. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍ എന്നീ സ്‌റ്റേഷനുകളിലെ സമയക്രമത്തിലാണ് മാറ്റം. പുതിയ സമയക്രമം ഒക്ടോബർ നാളെ മുതല്‍ നടപ്പില്‍വരും.
അദാനി ഗ്രൂപ്പിനെതിരെ പാർലമെന്റിൽ ചോദ്യം ചോദിക്കുന്നതിന് പണം വാങ്ങിയെന്ന തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരായ ആരോപണത്തിൽ ലോക്പാൽ അന്വേഷണമാവശ്യപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബെ. മഹുവ മൊയ്ത്രയുടെ മുന്‍ സുഹൃത്തും സുപ്രീംകോടതി അഭിഭാഷകനുമായ ജയ് അനന്ത് ദെഹദ്രായുടെ ഒരു കത്ത് താൻ പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് നിഷികാന്ത് ദുബെ പറഞ്ഞു.
ഗാസയില്‍ വ്യോമാക്രമണം ശക്തമാക്കുമെന്ന് ഇസ്രയേല്‍. ഹമാസിനെതിരായ യുദ്ധം അടുത്തഘട്ടത്തിലേക്ക് കടക്കുന്നതിനു മുന്നോടിയായാണ് നടപടിയെന്നും ഇസ്രയേലി സൈനികവക്താവ് അഡ്മിറല്‍ ഡാനിയേല്‍ ഹഗാരി ശനിയാഴ്ച പറഞ്ഞു.
ഗാസ സിറ്റി വിട്ടുപോകാത്തവരെ ഭീകരരായി കണക്കാക്കുമെന്ന് ഇസ്രയേലിന്റെ മുന്നറിയിപ്പ്. ഗാസ സിറ്റിയിലേയ്ക്ക് തിരിച്ചുവരുന്നതോ ഗാസയില്‍ തുടരുന്നതോ ആയ ആളുകളെ ഭീകരരോ ഹമാസുമായി സഹകരിക്കുന്നവരോ ആയി കണക്കാക്കുമെന്നാണ്. ഗാസ സിറ്റിയില്‍ തുടരുന്നവര്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും മുന്നറിയിപ്പ്. മുന്നറിയിപ്പ് റെക്കോര്‍ഡ് ചെയ്ത ഫോണ്‍കോളുകള്‍ രാവിലെ മുതല്‍ ഇസ്രയേല്‍ സൈന്യത്തിന്റേതായി ലഭിച്ചുവെന്നാണ് പ്രദേശവാസികളെ ഉദ്ദരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലോകകപ്പിലെ തങ്ങളുടെ അഞ്ചാം ജയം തേടി ടീം ഇന്ത്യ ഇറങ്ങുന്നു. എതിരാളികള്‍ ന്യൂസിലന്‍ഡ്. ഇരുടീമും തമ്മിലുള്ള സാമ്യത, ഈ ലോകകപ്പിലെ നാല് മത്സരങ്ങളില്‍ നാലിലും വിജയിച്ചു എന്നതാണ്. എന്നാല്‍ റണ്‍ റേറ്റിന്‍റെ അടിസ്ഥാനത്തില്‍ കിവികള്‍ ഒന്നാമതും ഇന്ത്യ രണ്ടാമതുമാണ്. ഈ ലോകകപ്പിലെ എല്ലാ മത്സരങ്ങളിലും വിജയിച്ച രണ്ട് ടീമുകള്‍ ഇന്ത്യയും ന്യൂസിലന്‍ഡും മാത്രമാണ്. ഇന്നത്തെ മത്സരം ജയിക്കുന്ന ടീം പോയിന്‍റ് നിലയില്‍ ഒന്നാമതെത്തുക മാത്രമല്ല, സെമി ഫൈനലിലേക്ക് ഒരുപടി കൂടി അടുക്കുകയും ചെയ്യും.
ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് മഞ്ഞപ്പട 1-1ന്റെ സമനില സമ്മതിക്കുകയായിരുന്നു. 12-ാം മിനുറ്റില്‍ നെസ്റ്ററിന്റെ ഗോളിലൂടെ നോര്‍ത്ത് ഈസ്റ്റ് മുന്നിലെത്തിയപ്പോള്‍ 49-ാം മിനുറ്റില്‍ ഡാനിഷ് ഫറൂഖിന്റെ ഹെഡറിലൂടെ ബ്ലാസ്റ്റേഴ്‌സ് തുല്യത പിടിച്ചു. എന്നാല്‍ ഇതിന് ശേഷം ജയമുറപ്പിച്ച് വലകുലുക്കാന്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക് സ്വന്തം മൈതാനത്ത് സാധിച്ചില്ല.
വിവാദക്കുരുക്കിൽ ചലച്ചിത്ര അക്കാദമി. ഐഎഫ്എഫ്കെയിൽ സമർപ്പിച്ച ചിത്രങ്ങൾ ജൂറി പാനൽ കണ്ടില്ലെന്ന് ആരോപണവുമായി കൂടുതൽ സംവിധായകൻ രംഗത്ത്. ‘താൻ സമർപ്പിച്ച ചിത്രത്തിന്റെ ലിങ്ക് പോലും ഓപ്പൺ ചെയ്തിട്ടില്ലെന്ന് സംവിധായകൻ അനിൽ തോമസ് ആരോപിച്ചു. ഇതുസംബന്ധിച്ച് അനിൽ തോമസ് തെളിവുകൾ പുറത്തുവിട്ടു.
END
Leave a Reply