വെറുപ്പിന്റെ തെരുവില്‍ രാഹുല്‍ ഗാന്ധി തുറന്ന സ്‌നേഹക്കട സൂപ്പര്‍ മാര്‍ക്കറ്റാക്കി മാറ്റണം: തുഷാര്‍ ഗാന്ധി

കൊച്ചി: രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിന് വേണ്ടി ഒരു തുള്ളി വിയര്‍പ്പ് പോലും സമ്മാനിക്കാത്തവരാണ് ദേശീയതയുടെ മൊത്തക്കച്ചവടക്കാരായി കടന്നുവരുന്നതെന്ന് തുഷാര്‍ ഗാന്ധി പറഞ്ഞു. കൊച്ചിയില്‍ എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു തുഷാര്‍ ഗാന്ധി.

ഈ കാലത്ത് ഗാന്ധിയെന്നത് കഴിഞ്ഞ കാലത്തിന്റെ പേരല്ല.വരുംകാലത്തിന്റെ പ്രതീക്ഷയാണെന്നും തുഷാര്‍ ഗാന്ധി പറഞ്ഞു. മഹാത്മാവിനെ കൊല്ലാതെ തങ്ങളുടെ ആശയങ്ങള്‍ക്ക് വളരാനാവില്ലെന്ന് തിരിച്ചറിഞ്ഞവരാണ് ഗാന്ധിയുടെ യഥാര്‍ത്ഥ ഘാതകര്‍.ഗോഡ്സെ കാഞ്ചി വലിച്ചപ്പോള്‍ തോക്ക് പിടിച്ചുകൊടുത്തവര്‍ ഒരുപാടുണ്ട്. ആ കൈകള്‍ ഇന്നും ഗാന്ധിയുടെ മാറിലേക്ക് നുണയുടെ നിറയൊഴിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗാന്ധി വധത്തിന്റെ യാഥാര്‍ത്ഥ്യങ്ങളെ കുറിച്ചുള്ള ‘Who Killed Gandhi ?’ ഡോക്യൂമെന്ററിയുടെ പ്രദര്‍ശന ശേഷമുള്ള പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു തുഷാര്‍ ഗാന്ധി.എറണാകുളം ഡിസിസിയുടെ ഭാഗമായ സബര്‍മതി പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിലായിരുന്നു പ്രദര്‍ശനം. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ചടങ്ങില്‍ അധ്യക്ഷനായി.