വീണാ വിജയനെതിരായ വിവാദത്തിൽ നിന്ന് ഒളിച്ചോടില്ലെന്ന് മാത്യു കുഴൽനാടൻ

സിഎംആർഎൽ വിവാദത്തിൽ നിന്ന് ഒളിച്ചോടില്ലെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. എല്ലാ വശങ്ങളും പരിശോധിച്ച ശേഷം ഇക്കാര്യത്തിൽ വിശദമായ വാർത്താ സമ്മേളനം നടത്തും. വീണ വിജയൻ ജിഎസ്ടി നൽകിയെന്ന് കാണിക്കുകയാണെങ്കിൽ മാപ്പ് പറയാം, ഇല്ലെങ്കിൽ സിപിഐഎം വീണ വിജയൻ മാസപ്പടി വാങ്ങിയെന്ന് സമ്മതിക്കണം എന്ന പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. സിഎംആര്‍എലിൽ നിന്ന് കൈപ്പറ്റിയ പണത്തിന് മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്പനി ജിഎസ്ടി അടച്ചുവെന്ന് തെളിഞ്ഞ സാഹചര്യത്തിൽ മാത്യു കുഴൽനാടൻ മാപ്പ് പറയണമെന്ന സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലന്റെ പ്രതികരണത്തിനെതിരെ സംസാരിക്കുകയായിരുന്നു മാത്യു കുഴൽനാടൻ. സിഎംആര്‍എലിൽ നിന്ന് കൈപ്പറ്റിയ പണത്തിന് വീണാ വിജയന്‍ നികുതി അടച്ച വിവരം അറിയിച്ച് കഴിഞ്ഞ ദിവസം പരാതിക്കാരനായ മാത്യു കുഴല്‍നാടന് സര്‍ക്കാര്‍ മറുപടി നല്‍കിയിരുന്നു.