ഓഡിയോയ്ക്കും’വ്യൂ വണ്‍സ്’ മോഡ് ഒരുക്കാന്‍ വാട്ട്‌സ്ആപ്പ്; ഒരു ഫോണിൽ ഒന്നിലധികം അക്കൗണ്ടുകളും ഉപയോഗിക്കാം

ഒറ്റത്തവണ കേട്ട ശേഷം ശബ്ദ സന്ദേശം അപ്രത്യക്ഷം; നിലവില്‍ ഫോട്ടോകളും വീഡിയോകളും മാത്രമാണ് ‘വ്യൂ വണ്‍സ്’ ആയി പങ്കുവയ്ക്കാനാകുന്നത്. ഫോട്ടോകളും വീഡിയോകളും പോലെ ശബ്ദ സന്ദേശങ്ങളും ഇനി ‘വ്യു വണ്‍സ്’ ആയി അയക്കാനാകും. ആന്‍ഡ്രോയിഡിലും ഐഒഎസിലും ലഭ്യമാകുന്ന തരത്തില്‍ തയാറാകുന്ന സവിശേഷത നിലവില്‍ പരിശോധനാഘട്ടത്തിലാണ്.

വാട്ട്സ്ആപ്പ് ബീറ്റ വേർഷനുകളിലേക്ക് വൈകാതെ സവിശേഷത എത്തിയേക്കുമെന്നാണ് റിപ്പോർട്ടുകള്‍. വാബീറ്റഇന്‍ഫൊയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. പുതിയ സവിശേഷതയുടെ സ്ക്രീന്‍ഷോട്ടുകളും റിപ്പോർട്ടിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

നിലവില്‍ ഫോട്ടോകളും വീഡിയോകളും മാത്രമാണ് ‘വ്യൂ വണ്‍സ്’ ആയി പങ്കുവയ്ക്കാനാകുന്നത്. ഇതിൽ സ്ക്രീന്‍ഷോട്ട് എടുക്കാന്‍ സാധിച്ചിരുന്നെങ്കിലും വിമർശനം ഉയർന്നതോടെ ‘വ്യു വണ്‍സ്’ സന്ദേശങ്ങളുടെ സ്ക്രീന്‍ഷോട്ട് എടുക്കുന്നതിന് വാട്ട്സ്ആപ്പ് അനുമതി നിഷേധിച്ചു.

ഇതിനുപുറമെ ഒരു ഫോണിൽ തന്നെ ഒന്നിലധികം അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന പുതിയ ഫീച്ചറും ഉടന്‍ വാട്ട്സ്ആപ്പിലെത്തും. വിവിധ ഉപകരണങ്ങളില്‍ ഒരു അക്കൗണ്ട് ഉപയോഗിക്കാമെന്ന സവിശേഷത നേരത്തെ തന്നെ വാട്ട്സ്ആപ്പ് ലഭ്യമാക്കിയിരുന്നു. രണ്ട് ഫോണുകളിലായി വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവർക്കും ഒരു ഉപകരണത്തില്‍ തന്നെ മാറി മാറി ലോഗി ഇന്‍ ചെയ്യുന്നവർക്കും ഇനി കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകും.