Am Update 23.10.2023

Speed news

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് എന്നീ എട്ടു ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷം ഇടിയോടു കൂടിയ മഴയ്ക്ക സാധ്യതയെന്നാണ് മുന്നറിയിപ്പ് നല്‍കുന്നത്.

ജനങ്ങളുമായി കൂടുതല്‍ സംവദിക്കുന്നതിന് മുഖ്യമന്ത്രിയും മന്ത്രിമാരും 140 നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തും. നവകേരള നിര്‍മ്മിതിയുടെ ഭാഗമായി സര്‍ക്കാര്‍ ഉണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി കൂടുതല്‍ സംവദിക്കുന്നതിനും ജനങ്ങളുടെ പ്രശ്നങ്ങളും പ്രതീക്ഷകളും ആശയങ്ങളും അടുത്തറിയുന്നതിനും മുഖ്യമന്ത്രി എന്ന നിലയിൽ താനും മന്ത്രിസഭ ആകെയും എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. നവംബര്‍ 18 ന് മഞ്ചേശ്വരത്ത് തുടക്കം കുറിക്കും.

സംസ്ഥാനത്തെ ആശുപത്രി കോമ്പൗണ്ടുകളിലുള്ള പത്തും അധിലധികവും വർഷങ്ങളായി ഓടാതെ കിടക്കുന്ന ഉപയോഗശൂന്യമായ തുരുമ്പെടുത്ത വാഹനങ്ങൾ രണ്ടുമാസത്തിനുള്ളിൽ കണ്ടംചെയ്ത് ഒഴിപ്പിക്കുന്നതിന് സത്വര നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. വിവിധ സെക്ഷനുകളിലുള്ള ഉദ്യോഗസ്ഥർ ഒന്നിച്ചിരുന്ന് ഫയലിൽ തീരുമാനങ്ങൾ എടുത്ത് പ്രവർത്തനം വേഗത്തിലാക്കും.

വിഴിഞ്ഞം തുറമുഖത്ത് എത്തിച്ച രണ്ടാമത്തെ ക്രെയിൻ കപ്പിൽ നിന്ന് ഇറക്കി. ഏഴുമണിക്കൂർ എടുത്താണ് ക്രെയിൻ ബർത്തിൽ എത്തിച്ചത്.ക്രെയിൻ യാർഡിലെ റെയിലിൽ സ്ഥാപിച്ചു. കാലാവസ്ഥ പ്രതികൂലമായതിനാൽ കപ്പലിൽ നിന്ന് ക്രെയിൻ ഇറക്കുന്നത് ഇന്നലെ തടസപ്പെട്ടിരുന്നു. കപ്പൽ ഇന്നലെ ചൈനയിലേക്ക് മടങ്ങണമെന്നായിരുന്നു കരാർ. സമയക്രമം തെറ്റിയതോടെ ദിനംപ്രതി 20ലക്ഷം രൂപ ചൈനീസ് കമ്പനിക്ക് അദാനി പോർട്സ് പിഴ നൽകേണ്ടി വരും.

രാജ്ഭവനോട് ഏറ്റുമുട്ടാനാണ് സർക്കാരിന് താത്പര്യമെങ്കിൽ സ്വാഗതം ചെയ്യുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സാങ്കേതിക സർവകലാശാല മുൻ വി സി സിസാ തോമസിന് അനുകൂലമായ ഹൈക്കോടതി വിധിയുമായി ബന്ധപ്പെട്ട് സംസാരിക്കവെയായിരുന്നു പ്രതികരണം. ഗവർണറുടെ നിർദ്ദേശപ്രകാരമാണ് സിസാ തോമസ് വി സിയുടെ ചുമതല ഏറ്റെടുത്തത്. അതിന്റെ പേരിൽ അവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത് രാജ് ഭവന് എതിരായ നീക്കമായിരുന്നില്ലേയെന്നും ഗവർണർ ചോദിച്ചു.

പാലിയേക്കര ടോള്‍ പ്ലാസയില്‍ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്ത നടപടിക്കെതിരെ ടി എൻ പ്രതാപൻ എംപി. പാലിയേക്കര സമരത്തിൽ അതിക്രമം കാണിച്ചത് പൊലീസാണെന്നും കള്ളക്കേസാണ് പൊലീസ് എടുത്തതെന്നും അദ്ദേഹം പ്രതികരിച്ചു. കേസ് സമരം നടത്തിയതിനുള്ള പൂമാലയായി കാണുന്നുവെന്നും ടിഎന്‍ പ്രതാപന്‍ എം.പി ‍ പറഞ്ഞു.

ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. 7 സീറ്റിലേക്കാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ 43 സീറ്റുകളിലേക്കും കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

മധ്യപ്രദേശിലെ സീറ്റ് വിഭജനത്തെച്ചൊല്ലി സമാജ്‌വാദി പാർട്ടിയും കോൺഗ്രസും തമ്മിലുള്ള ബന്ധം വഷളായിരിക്കെ അഖിലേഷ് യാദവ് സമൂഹമാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റ് ചർച്ചയാകുന്നു. ‘ഇൻഡ്യ’ സഖ്യം എന്നതിനു പകരം ‘പിഡിഎ’ എന്നെഴുതി സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ എക്‌സിൽ പങ്കുവച്ച പോസ്റ്റാണ് രാഷ്ട്രീയവൃത്തങ്ങളില്‍ ചര്‍ച്ചയാകുന്നത്. പിച്ചഡെ (പിന്നാക്ക), ദളിത്, അല്‍പശങ്ക്യാസ് (ന്യൂനപക്ഷം) എന്നതിന്റെ ചുരുക്കെഴുത്താണ് പിഡിഎ.

കേന്ദ്രസര്‍ക്കാരിന്റെ വികസന പദ്ധതികളുടെ പ്രചാരണത്തിനായി മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉപയോഗിക്കരുതെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോണ്‍ഗ്രസിന്റെ കത്ത്. ബിജെപി താല്‍പര്യത്തിനായി സര്‍ക്കാര്‍ സംവിധാനത്തെ ദുരുപയോഗം ചെയ്യുന്നതാണ് കേന്ദ്രസര്‍ക്കാര്‍ നടപടിയെന്ന് ഇന്‍ഡ്യാ മുന്നണിയിലെ കക്ഷികള്‍ ആശങ്ക അറിയിച്ചെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ അറിയിച്ചു.

പശ്ചിമേഷ്യ അശാന്തമായി തുടരുന്ന പശ്ചാത്തലത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി ചർച്ച നടത്തി ഫ്രാൻസിസ് മാർപ്പാപ്പ. ആക്രമണം ഉടൻ നിർത്തണമെന്നും മേഖലയിൽ സമാധാനം പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് മാർപ്പാപ്പ അമേരിക്കൻ പ്രസിഡന്റുമായി 20 മിനിറ്റോളം ചർച്ച നടത്തിയത്. ഗാസയിലേക്ക് കൂടുതൽ സഹായം എത്തിക്കുന്നതിനെക്കുറിച്ചും മാർപ്പാപ്പ ചർച്ച ചെയ്തു.

ഗാസ സിറ്റിയില്‍നിന്നും നാലു കിലോമീറ്റര്‍ അകലെയായുള്ള ജബലിയയിൽ അഭയാർത്ഥി ക്യാമ്പിനും പാർപ്പിട സമുച്ചയത്തിനും നേരയുണ്ടായ ഇസ്രായേലിന്റെ ബോംബാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. ഒരുപാട് പേർ കെട്ടിടത്തിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. 24 മണിക്കൂറിനിടെ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 270 പിന്നിട്ടു.

ഏകദിന ലോകകപ്പ് ചരിത്രത്തില്‍ മറ്റൊരു ഇന്ത്യന്‍ ബൗളര്‍ക്കുമില്ലാത്ത ചരിത്ര നേട്ടം സ്വന്തമാക്കി പേസര്‍ മുഹമ്മദ് ഷമി. ഇന്ന് ന്യൂസിലന്‍ഡിനെതിരെ അഞ്ച് വിക്കറ്റ് വീഴ്ത്തിയതോടെ ലോകകപ്പില്‍ രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ബൗളറായി മുഹമ്മദ് ഷമി.കപില്‍ ദേവ്, വെങ്കിടേഷ് പ്രസാദ്, റോബിന്‍ സിങ്, ആശിഷ് നെഹ്റ, യുവരാജ് സിംഗ് എന്നിവര്‍ ലോകകപ്പില്‍ ഇന്ത്യക്കായി ഓരോ തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയവരാണ്.

End