കരുവന്നൂർ: ഇഡി അന്വേഷണം അവസാനിപ്പിക്കുന്നു, കുറ്റപത്രം ഉടൻ; ഉന്നത രാഷ്ട്രീയ നേതൃത്വത്തിലേക്കുള്ള ഇഡി അന്വേഷണം എങ്ങുമെത്തിയില്ല

കരുവന്നൂര്‍ കള്ളപ്പണ ഇടപാട്കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാനൊരുങ്ങി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നാല് പ്രതികളെ ഉള്‍പ്പെടുത്തിയുള്ള കുറ്റപത്രം ഉടന്‍ തയ്യാറാക്കും. കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാട് കേസില്‍ ഇഡി അന്വേഷണം തുടങ്ങിയിട്ട് ഒരുവര്‍ഷത്തിലധികമായി. നാല് പേരെയാണ് കള്ളപ്പണ കേസില്‍ ഇഡി ഇതുവരെ അറസ്റ്റ് ചെയ്തത്. പി സതീഷ് കുമാര്‍, പിപി കിരണ്‍, പിആര്‍ അരവിന്ദാക്ഷന്‍, സികെ ജില്‍സ് എന്നിവരാണ് നാല് പ്രതികള്‍. ഇവരെ മുന്‍നിര്‍ത്തി അന്വേഷണം പൂര്‍ത്തിയാക്കാനും കുറ്റപത്രം നല്‍കാനുമാണ് ഇഡിയുടെ ശ്രമം.

പൊതുപണം തട്ടിയെടുത്തു, ഒരു വ്യക്തിക്ക് ഒരു വസ്തുവിന്റെ പണയത്തില്‍ ഒന്നിലധികം വായ്പകള്‍ അനുവദിച്ചു തുടങ്ങിയവയാണ് പ്രാഥമിക കുറ്റകൃത്യങ്ങൾ. കള്ളപ്പണ നിരോധന നിയമ പ്രകാരമുള്ള ഇടപാടുകളിലാണ് കുറ്റപത്രം തയ്യാറാക്കുന്നത്. പി സതീഷ് കുമാറും പി പി കിരണുമാകും പ്രധാന പ്രതികള്‍. ഇടപാടുകളുടെ കൂട്ടാളിയെന്ന നിലയിലാണ് പി ആര്‍ അരവിന്ദാക്ഷനെ കുറ്റപത്രത്തില്‍ അവതരിപ്പിക്കുക. ശബ്ദരേഖയും ബാങ്ക് ഇടപാടുകളുമാണ് പി സതീഷ് കുമാറുമായുള്ള ബന്ധം സ്ഥാപിച്ചെടുക്കാന്‍ ഇഡി ഉപയോഗിക്കുക. കുറ്റപത്രം നല്‍കുന്നതോടെ നാല് പേരുടെയും ജാമ്യം തടയാനാകുമെന്നാണ് ഇഡിയുടെ പ്രതീക്ഷ.

എന്നാൽ മുൻമന്ത്രി എസി മൊയ്തീൻ ഉൾപ്പടെയുള്ള സി പി എം നേതാക്കളിലേക്കെത്തിയ അന്വേഷണം പെട്ടന്ന് അവസാനിപ്പിക്കുന്നതിൽ ദുരൂഹതയുണ്ട്. ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് ആരോപിക്കപ്പെടുന്നത്.

പക്ഷെ ഇപ്പോൾ അവസാനിപ്പിക്കുന്നത് ഒന്നാം ഘട്ട അന്വേഷണമാണെന്നാണ് ഇഡി നൽകുന്ന വിശധീകരണം. 4 പേരുടെ ജാമ്യം തുയുന്നതടക്കുമുള്ള കാര്യങ്ങൾ തുടരന്വേഷണത്തിന് കൂടുതല്‍ കരുത്താകുമെന്ന് ഇഡി പറയുന്നു. രണ്ടാം ഘട്ട അന്വേഷണത്തില്‍ ഉന്നത സിപിഐഎം നേതൃത്വത്തെയും സഹകരണ വകുപ്പ് ഉദ്യോഗസ്ഥരെയും ഇതര സഹകരണ സ്ഥാപനങ്ങളെയും ലക്ഷ്യമിടുമെന്നാണ് ഇഡി നൽകുന്ന സൂചന.