Am Update 24/10/2023

ഇന്ന് വിദ്യാരംഭം, അക്ഷര മുറ്റത്തേക്ക് ആദ്യാക്ഷരം കുറിക്കാൻ കുരുന്നുകൾ. എഴുത്തിനിരുത്തലിനോട് അനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് തിരൂർ തുഞ്ചൻ പറമ്പിലും ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് ദേവീ ക്ഷേത്രത്തിലും ഉൾപ്പെടെ ഏർപ്പെടുത്തിയിരിക്കുന്നത്. വിജയദശമിദിനത്തിൽ ആദ്യാക്ഷരം കുറിച്ച് അക്ഷര മുറ്റത്തേക്ക് കാൽ വയ്ക്കാൻ കുരുന്നുകൾ എത്തിത്തുടങ്ങി. സംസ്ഥാനത്ത് ക്ഷേത്രങ്ങളിലും പ്രധാന എഴുത്തിനിരുത്ത് കേന്ദ്രങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. എഴുത്തിനിരുത്തലിനോട് അനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് തിരൂർ തുഞ്ചൻ പറമ്പിലും ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് ദേവീ ക്ഷേത്രത്തിലും ഉൾപ്പെടെ ഏർപ്പെടുത്തിയിരിക്കുന്നത്. തുഞ്ചൻപറമ്പിൽ രാവിലെ 4.30 മുതൽ വിദ്യാരംഭം തുടങ്ങി. 50 ആചാര്യന്മാർ ആണ് കുരുന്നുകൾക്ക് ഹരിശ്രീ കുറിച്ചു നൽകുന്നത്. കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിൽ പുലർച്ചെ നാലു മണിക്ക് വിദ്യാരംഭ ചടങ്ങുകൾ തുടങ്ങി. മുപ്പത്തി അഞ്ച് ആചാര്യൻമാരാണ് കുഞ്ഞുങ്ങളെ ആദ്യാക്ഷരം എഴുതിക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ വിജയപ്രതീക്ഷ പങ്കുവച്ച് നടനും ബിജെപി നോതാവുമായ സുരേഷ് ഗോപി. തൃശൂരില്‍ ഒരു വോട്ടിനെങ്കിലും താന്‍ ജയിക്കും. ജനങ്ങളുടെ പള്‍സ് എന്താണെന്ന് മനസിലാക്കിയിട്ടുണ്ട്. പിന്നീട് വ്യത്യസ്തമായ ഒരു തൃശൂരിനെയാണ് കാണാനിരിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

കൊച്ചിയിൽ ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റെന്ന സംശയത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കോട്ടയം സ്വദേശി രാഹുൽ ഡി. നായരാണ് കാക്കനാടുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നത്. രാഹുലിന്റെ രക്ത സാംപിളുകളുടെ വിദഗ്ധ പരിശോധന ഫലം ഇന്ന് ലഭിക്കും. രാഹുൽ ഷവർമ കഴിച്ച കാക്കാനാട്ടെ ‘ലെ ഹയാത്ത് ‘ ഹോട്ടൽ ഭക്ഷ്യവിഷബാധ ആരോപണത്തെ തുടർന്ന് നഗരസഭ പൂട്ടിച്ചിരുന്നു.

കോട്ടയം മുണ്ടക്കയത്ത് മകനെ അടിച്ചു കൊന്ന കേസില്‍ അമ്മ അറസ്റ്റില്‍. മുണ്ടക്കയം സ്വദേശി അനുദേവ് ആണ് മരിച്ചത്. മദ്യ ലഹരിയില്‍ അനുദേവ് മാതാവ് സാവിത്രിയുമായി തര്‍ക്കം പതിവ് ആയിരുന്നു. കഴിഞ്ഞ 20 നുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സാവിത്രി കോടാലി കൊണ്ട് മകന്റെ തലക്ക് അടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അനു ദേവ് വൈകുന്നേരത്തോടെയാണ് മരിച്ചത്.

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയിത്രക്കെതിരായ വെളിപ്പെടുത്തൽ ആരുടെയും സമ്മർദ്ദം കാരണമല്ലെന്ന് വ്യവസായി ദർശൻ ഹീരാനന്ദാനി. എല്ലാ തെളിവുകളും സിബിഐക്കും എത്തിക്സ് കമ്മിറ്റിക്കും നൽകും. മഹുവയുടെ അക്കൗണ്ട് ഉപയോഗിച്ചത് തെറ്റാണെന്നും ഹീരനന്ദാനി പറഞ്ഞു. ഹീരാനന്ദാനിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീഷണിപ്പെടുത്തിയെന്ന് മഹുവ മൊയിത്ര ആരോപിച്ചതിന് പിന്നാലെയാണ് വിശദീകരണവുമായി രംഗത്തെത്തിയത്.

ഭാവി പ്രധാനമന്ത്രി എന്ന് വിശേഷിപ്പിച്ച് ലഖ്‌നൗവില്‍ സ്ഥാപിച്ച കൂറ്റന്‍ ബോര്‍ഡിനെ തള്ളിപ്പറഞ്ഞ് സമാജ്‌വാദി പ്രസിഡന്റ് അഖിലേഷ് യാദവ്. പോസ്റ്ററുകള്‍ പതിച്ചതുകൊണ്ട് മാത്രം ആരും പ്രധാനമന്ത്രിയാകാന്‍ പോകുന്നില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ലഖ്‌നൗവിലെ എസ്.പി. ഓഫീസിനു പുറത്ത് ഭാവി പ്രധാനമന്ത്രി എന്ന വിശേഷണത്തോടെ അഖിലേഷ് യാദവിന്റെ ചിത്രമുള്ള കൂറ്റന്‍ ബോര്‍ഡ് സ്ഥാപിച്ചിരുന്നു. പിന്നാലെയാണ് അഖിലേഷിന്റെ മറുപടി.

ഇസ്രയേൽ – ഹമാസ് യുദ്ധ സാഹചര്യം ജോർദാൻ രാജാവുമായി ചർച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ജോർദാൻ രാജാവുമായി സംസാരിച്ചെന്ന് മോദി തന്നെയാണ് എക്സിലൂടെ അറിയിച്ചത്. സാധാരണ ജനങ്ങൾക്ക് ജീവൻ നഷ്ടപ്പെടമാകുന്നതിൽ ആശങ്കയുണ്ടെന്നായിരുന്നു മോദിയുടെ പ്രതികരണം. മാനുഷിക വിഷയങ്ങൾ പരിഹരിക്കാൻ കൂട്ടായ നടപടികൾ വേണമെന്നും ആവശ്യപ്പെട്ടതായി ഇന്ത്യൻ പ്രധാനമന്ത്രി അറിയിച്ചു.

ഒക്‌ടോബർ ഏഴിന് ഇസ്രയേലിൽ നിന്ന് തട്ടിക്കൊണ്ടുപോയ 200 ലധികം ബന്ദികളിൽ 50 പേരെ ഹമാസ് മോചിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇരട്ട പൗരന്മാരുള്ള ബന്ദികളുടെ മോചനത്തിനായി റെഡ് ക്രോസ് പ്രതിനിധികൾ ഗാസയിലേക്ക് പുറപ്പെടുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, രണ്ട് പൗരന്മാരെക്കൂടി മോചിപ്പിച്ചതായി ഹമാസ് അറിയിച്ചു. ഇസ്രയേലി വനിതകളെയാണ് ഹമാസ് മോചിപ്പിച്ചത്.

ഇസ്രയേൽ സൈന്യം ഗാസയിൽ പ്രവേശിച്ചതായി ഹമാസ്. കരയുദ്ധം നടത്തുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സൈന്യം ഗാസയിൽ പ്രവേശിച്ചതായി ഹമാസ് അറിയിച്ചത്. ഗാസയിൽ പ്രവേശിച്ച ഇസ്രയേൽ സൈന്യവുമായി ഹമാസ് ഏറ്റുമുട്ടിയെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ അൽ ജസീറ റിപ്പോർട്ട് ചെയ്തു.

ഏകദിന ലോകകപ്പില്‍ വീണ്ടും വന്‍ അട്ടിമറി. കിരീടപ്രതീക്ഷയുമായെത്തിയ പാകിസ്ഥാനെ എട്ട് വിക്കറ്റിന് അഫ്ഗാനിസ്ഥാന്‍ നാണക്കേടിലേക്ക് തള്ളിവിട്ടു. ഏകദിന ലോകകപ്പില്‍ ആദ്യമായിട്ടാണ് അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാനെ തോല്‍പ്പിക്കുന്നത്. തോല്‍വിയോടെ പാകിസ്ഥാന്‍റെ സെമി സാധ്യതകള്‍ സങ്കീര്‍ണമായി.