Breaking
18 Sep 2024, Wed

കുഞ്ഞുങ്ങള്‍ക്ക് ആദ്യാക്ഷരം പകര്‍ന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും; മലയാളത്തിലും അറബിയിലും എഴുതിച്ച് ഗവർണർ; ഒപ്പം എഴുതിച്ച് കേന്ദ്രമന്ത്രിയും, ഐഎസ്ആര്‍ഒ ചെയര്‍മാനും

ആദ്യാക്ഷരത്തിന്റെ തെളിച്ചം തേടി ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും കുരുന്നുകളുടേയും രക്ഷിതാക്കളുടേയും തിരക്ക്. വിജയദശമി ദിനമായ ഇന്ന് പുതിയ വിദ്യ നേടിത്തുടങ്ങിയാല്‍ മംഗളകരമാകുമെന്നാണ് വിശ്വാസം.

വിജയദശമി ദിനത്തിൽ ആയിരക്കണക്കിന് കുട്ടികൾ ആദ്യാക്ഷരമെഴുതി. സംസ്ഥാനത്തെ സരസ്വതീ ക്ഷേത്രങ്ങളിൽ പുലർച്ചെ മുതൽ അക്ഷരം കുറിക്കാൻ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. നിരവധി സാംസ്‌കാരിക കേന്ദ്രങ്ങളിലും വായനശാലകളിലും വിദ്യാരംഭ ചടങ്ങുകൾ നടന്നു. എഴുത്തിനിരുത്തലിനോട് അനുബന്ധിച്ച് വിപുലമായ ചടങ്ങുകളും ആഘോഷവുമാണ് തിരൂർ തുഞ്ചൻ പറമ്പിലും ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് ദേവീ ക്ഷേത്രത്തിലുമടക്കം നടന്നത്. തുഞ്ചൻപറമ്പിൽ രാവിലെ 4.30 മുതൽ വിദ്യാരംഭം തുടങ്ങി. 50 ആചാര്യന്മാരാണ് കുരുന്നുകൾക്ക് ഹരിശ്രീ കുറിച്ചു നൽകിയത്. കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിൽ പുലർച്ചെ നാലു മണിക്ക് വിദ്യാരംഭ ചടങ്ങുകൾ തുടങ്ങി. സാംസ്‌കാരിക കേന്ദ്രങ്ങളിലും സരസ്വതി മണ്ഡപങ്ങളിലും ഒട്ടേറെ പ്രമുഖരുള്‍പ്പെടെയാണ് കുരുന്നുകളെ എഴുത്തിനിരുത്തുന്നത്.

ക്ലിഫ് ഹൗസില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അഞ്ച് കുരുന്നുകളെ എഴുത്തിനിരുത്തി. ‘അറിവും നൈപുണിയും കൈമുതലായ ഒരു നവകേരളത്തെ വാര്‍ത്തെടുക്കാന്‍ ഈ വിദ്യാരംഭ ദിനം ഊര്‍ജ്ജം പകരട്ടെ. എല്ലാവര്‍ക്കും മഹാനവമി – വിജയദശമി ആശംസകള്’ മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

വിജയദശമി ദിനത്തിൽ കുട്ടികളെ എഴുത്തിനിരുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതിപക്ഷ നേതാവിന്റെ പറവൂരിലെ വസതിയായ ദേവരാഗത്തിൽ ആയിരുന്നു കുട്ടികളെ എഴുത്തിനിരുത്തിയത്. സന്ദീപ് അഭിരാമി ദമ്പതികളുടെ മകൻ ദ്രുവ് ദക്ഷിത്, സന്ധ്യാ മനോഹർ ദമ്പതികളുടെ മകൻ അദ്വൈത്, ജോൺ ജിജി ദമ്പതികളുടെ മകൻ അയാൻ ഏദൻ ജോൺ, കമൽ ധന്യ ദമ്പതികളുടെ മകൾ ലക്ഷ്മിത എന്നി എന്നിവർക്കാണ് പ്രതിപക്ഷ നേതാവ് ആദ്യാക്ഷരം കുറിച്ചത്.

രാജ് ഭവനില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കുരുന്നുകളെ എഴുത്തിനിരുത്തി. ഓം ഹരി: ശ്രീ ഗണപതയേ നമ:അവിഘ്നമസ്തു എന്ന് ദേവനാഗിരിയിലും ഓം, അ, ആ എന്നിവ മലയാളത്തിലും അറബിയില്‍ എഴുതണമെന്ന് താത്പര്യം പ്രകടിപ്പിച്ച മാതാപിതാക്കളുടെ കുരുന്നുകള്‍ക്ക് അറബിയിലും ഗവര്‍ണര്‍ അക്ഷരം എഴുതിപ്പിച്ചു. ആദ്യമായാണ് രാജ് ഭവനിൽ വിദ്യാരംഭ ചടങ്ങ് നടക്കുന്നത്. കഴിഞ്ഞ വിജയദശമി ദിനത്തിൽ പൂജപ്പുര സരസ്വതി മണ്ഡപത്തിൽ ഗവർണർ കുരുന്നുകളെ എഴുത്തിനിരുത്തിയിരുന്നു. ഇത്തവണ രാജ്ഭവനിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത അറുപതോളം കുരുന്നുകളെയാണ് ഗവർണർ എഴുത്തിനിരുത്തിയത്.

ഊരൂട്ടമ്പലം ശ്രീ സരസ്വതി വിദ്യാലയത്തിൽ നടന്ന വിദ്യാരംഭ ചടങ്ങുകളിൽ കേന്ദ്രമന്ത്രി വി മുരളീധരൻ പങ്കെടുത്തു. അക്ഷര നൈവേദ്യം ഏറ്റുവാങ്ങാൻ നൂറുകണക്കിന് കുരുന്നുകൾ വിദ്യാലയത്തിൽ എത്തിയിരുന്നു. അക്ഷരമധുരത്തിനൊപ്പം കൈനിറയെ സമ്മാനങ്ങളുമായാണ് കുഞ്ഞുങ്ങൾ മടങ്ങിയത്.

തിരുവനന്തപുരം പൗര്‍ണമിക്കാവ് ദേവീക്ഷേത്രത്തില്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. സോമനാഥ് കുരുന്നുകളുടെ നാവില്‍ ആദ്യാക്ഷരം കുറിച്ചു.

അസുര ചക്രവര്‍ത്തിയായ മഹിഷാസുരനെ വധിച്ച് ദേവി വിജയം നേടിയ ദിനമാണ് വിജയ ദശമിയായി ആഘോഷിക്കുന്നത്. വിജയദശമിയുമായി ബന്ധപ്പെട്ട് മറ്റ് ചില ഐതിഹ്യങ്ങളും നിലവിലുണ്ട്. ശ്രീരാമന്‍ രാവണനെ നിഗ്രഹിച്ച് ധര്‍മ്മ വിജയം നേടി തിരിച്ചെത്തിയ സുദിനമായി കാണുന്നതാണ് ഇതില്‍ ഒന്ന്. മറ്റൊന്ന് മഹാഭാരതവുമായി ബന്ധപ്പെട്ടുള്ളതാണ്. പാണ്ഡവര്‍ അജ്ഞാതവാസക്കാലത്ത് ആയുധങ്ങള്‍ ശമീവൃക്ഷ ചുവട്ടിലാണ് സൂക്ഷിച്ചിരുന്നത്. അജ്ഞാത വാസം പൂര്‍ത്തിയായതിന് ശേഷം ശ്രീകൃഷ്ണന്‍ പറഞ്ഞത് പ്രകാരം ആയുധങ്ങള്‍ തിരിച്ചെടുത്തു. ഇതിന് ശേഷം ധര്‍മ്മ യുദ്ധത്തിനായുള്ള പുറപ്പാടിന്റെ ദിനമാണ് വിജയദശമി എന്നും പറയപ്പെടുന്നു. ഏതായാലും അന്തിമമായി അധര്‍മ്മം പരാജയപ്പെടുകയും ധര്‍മ്മം വിജയിക്കുകയും ചെയ്യും എന്നാണ് മൂന്ന് ഐതിഹ്യങ്ങളും പറഞ്ഞ് വെക്കുന്നത്. മഹിഷാസുര വധവുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് കൂടുതല്‍ പ്രചാരത്തിലുള്ളത്. ദേവിയുടെ മൂന്ന് ഭാവങ്ങളാണ് ഈ മൂന്ന് ദിവസങ്ങളില്‍ ആരാധിക്കപ്പെടുന്നത്. ദുര്‍ഗാഷ്ടമി ദിനത്തില്‍ ദേവിയെ ദുര്‍ഗയായും മഹാനവമി ദിനത്തില്‍ ലക്ഷ്മിയായും വിജയദശമി ദിനത്തില്‍ സരസ്വതിയായും സങ്കല്‍പ്പിച്ചുള്ള പൂജകളാണ് നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *