Am Update 25-10-2023

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പടെയുള്ള മുഴുവൻ പ്രതികളും ഇന്ന് കോടതിയിൽ ഹാജരാകും. കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയിലാണ് ഹാജരാവുക. വിടുതൽ ഹർജി പരിഗണിക്കാൻ കേസിലെ മുഴുവൻ പ്രതികളും നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദേശം നൽകിയിരുന്നു.

കരുവന്നൂര്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി അറസ്റ്റ് ചെയ്ത പ്രതികളുടെ ജാമ്യാപേക്ഷയില്‍
കോടതി വിധി ഇന്ന്. സിപിഎം കൗണ്‍സിലര്‍ പി.ആര്‍.അരവിന്ദാക്ഷന്‍, ബാങ്ക് മുന്‍ അക്കൗണ്ടന്‍റ് സി.കെ.ജില്‍സ് എന്നിവരുടെ ജാമ്യാപേക്ഷയിലാണ് വിചാരണക്കോടതി വിധി പറയുക.

മദ്യപിച്ച് പൊലീസ് സ്റ്റേഷനിൽ എത്തി ബഹളം ഉണ്ടാക്കിയതിന്റെ പേരിൽ അറസ്റ്റിലായ വിനായകനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ എത്തി ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതിന്റെ പേരിലാണ് സിനിമാ നടൻ വിനായകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. കുടുംബ പ്രശ്നത്തെ തുടർന്ന് ഇന്നലെ വൈകിട്ട് ഫ്ലാറ്റിൽ വെച്ച് ബഹളമുണ്ടാക്കിയതിനുശേഷം വിനായകൻ പൊലീസിനെ വിളിച്ചു വരുത്തിയിരുന്നു. ഈ സംഭവത്തിനുശേഷമാണ് മദ്യപിച്ച് വിനായകൻ പൊലീസ് സ്റ്റേഷനിൽ എത്തി ബഹളം ഉണ്ടാക്കിയത്.

കഴിഞ്ഞ ബുധനാഴ്ച രാത്രി ഷവർമ കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ് ഗുരുതരാവസ്ഥയിലായ യുവാവിന്റെ ആരോഗ്യനിലയിൽ മാറ്റമില്ല. പാലാ സ്വദേശിയായ രാഹുലാണ് കാക്കനാടുള്ള സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുന്നത്. ഇയാൾക്കേറ്റത് ഭക്ഷ്യവിഷബാധയാണോ എന്നറിയുന്നതിനുള്ള ശാസ്ത്രീയ പരിശോധനാഫലം ഇന്ന് പുറത്തുവന്നേക്കും.

സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് കുട്ടികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരുമായി കടലിൽ ഉല്ലാസ യാത്ര നടത്തിയ വള്ളം പിടികൂടി. സ്ത്രീകളും പുരുഷൻമാരും അഞ്ച് വയസിന് താഴെയുള്ള കുട്ടികളും ഉൾപ്പെടെ 21 അംഗ സംഘവുമായി വിഴിഞ്ഞം തുറമുഖത്ത് നിന്ന് ഉൾക്കടൽ ലക്ഷ്യമാക്കി ഉല്ലാസ യാത്ര പുറപ്പെട്ട വള്ളത്തെയാണ് തീരദേശ സി.ഐ യുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞ് നിർത്തി പിടികൂടിയത്.

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരായ ചോദ്യക്കോഴ ആരോപണം ഗൗരവമുള്ളതെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. പാർലമെന്‍റംഗങ്ങളുടെ ലോഗിൻ ഐഡിയും പാസ്‌വേഡും വ്യവസായിക്കു കൈമാറിയെന്ന വെളിപ്പെടുത്തൽ ഏറെ പ്രധാനമാണ്.

കാൺപൂരിൽ കിയ കാർ ഷോറൂമിൽ വൻ തീപിടിത്തം. ഷോറൂമിലുണ്ടായിരുന്ന 15 കാറുകൾ കത്തി നശിച്ചു. ചൊവ്വാഴ്ച വൈകുന്നേരം 3 മണിയോടെയാണ് അപകടം. സ്റ്റോർ റൂമിൽ ഉണ്ടായ തീപിടിത്തത്തിൽ വർക്ക് ഷോപ്പ് മുഴുവൻ കത്തി നശിച്ചു. വ്

വ്യോമസേനയിൽ പുതുചരിത്രം, എയർ മാർഷൽ പദവിയിൽ ദമ്പതിമാർ. സായുധ സേനയുടെ ഹോസ്പിറ്റൽ സർ‌വീസസ് ഡയറക്റ്റർ ജനറൽ സ്ഥാനത്തേക്ക് എയർമാർഷൽ പദവിയുമായി സാധന സക്സേന നായർ നിയമിതയായപ്പോൾ വ്യോമസേനയിൽ പുതുചരിത്രം. രാജ്യത്തിന്‍റെ ചരിത്രത്തിലെ ആദ്യ എയർമാർഷൽ ദമ്പതിമാരെന്ന ബഹുമതി സാധനയ്ക്കും ഭർത്താവ് മുൻ വ്യോമസേനാ ഇന്‍സ്പെക്‌ഷൻ- വ്യോമസുരക്ഷാ വിഭാഗം ഡയറക്റ്റർ ജനറൽ എയർമാർഷൽ കെ.പി. നായർക്കും സ്വന്തമായി

ഹമാസ് ഇസ്രയേൽ യുദ്ധത്തിൽ ഗാസയിലെ പ്രതിസന്ധി ഏറ്റവും രൂക്ഷമായ അവസ്ഥയിൽ. ഭക്ഷണവും ഇന്ധനവും ഇല്ലാത്തതിനാൽ യുഎൻ ദുരിതാശ്വാസ ഏജൻസിയുടെ പ്രവർത്തനം ഏതാണ്ട് നിലച്ച മട്ടാണ്. ഇന്നത്തോടെ പ്രവർത്തനം പൂർണമായും അവസാനിപ്പിക്കേണ്ടി വരും. ഇന്ധന വിതരണത്തിനായി ഹമാസിനോട് ഐക്യരാഷ്ട്രസഭ
ആവശ്യപ്പെടണമെന്നാണ് ഇസ്രയേൽ നിലപാട്.

ഇസ്രയേൽ – ഹമാസ് സംഘർഷത്തിൽ നിലപാട് മാറ്റവുമായി ചൈന. ഇസ്രയേലിന് സ്വയം പ്രതിരോധത്തിന് അവകാശമുണ്ടെന്നും മനുഷ്യാവകാശവും സാധാരണക്കാരുടെ ജീവനും സംരക്ഷിച്ചുകൊണ്ടുള്ളതാവണമെന്നും ചൈനീസ് വിദേശകാര്യമന്ത്രി പറഞ്ഞു. കഴിഞ്ഞയാഴ്ച ഇസ്രയേലും ഹമാസും എത്രയും വേഗം വെടിനിർത്തലിന് തയാറാകണമെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ് പറഞ്ഞിരുന്നു. ആദ്യമായാണ് ഇസ്രയേലിന്റെ നടപടിയെ അനുകൂലിച്ചുകൊണ്ട് ചൈന നിലപാടെടുക്കുന്നത്.

യുഎന്‍ സെക്രട്ടറി ജനറലിനോട് രാജി വയ്ക്കാന്‍ ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയിലെ ഇസ്രയേല്‍ അംബാസഡര്‍ ഗിലാഡ് എര്‍ദാന്‍. കുട്ടികളെയും സ്ത്രീകളെയും വൃദ്ധരെയും കൂട്ടക്കൊല ചെയ്യുന്നതിനെതിരെ ശബ്ദിക്കാത്ത യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് യുഎന്നിനെ നയിക്കാന്‍ യോഗ്യനല്ല എന്നാണ് ഇസ്രയേലിന്റെ വിമര്‍ശനം.

ഗാസയിൽ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് നടക്കുന്നതെന്നും ആരും രാജ്യാന്തര നിയമത്തിന് അതീതരല്ലെന്നും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന്റെ പരോക്ഷ വിമർശനം. ഹമാസ് ആക്രമണത്തിന് മറുപടിയായി ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിൽ അടിയന്തര വെടിനിർത്തൽ വേണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ലോകകപ്പിൽ ഇന്ന് ഓസ്ട്രേലിയ – നെതർലാന്റ് മൽസരം.

ലോകകപ്പിൽ ബംഗ്ലാദേശ് – ദക്ഷിണാഫ്രിക്ക മൽസരത്തിൽ ദക്ഷിണാഫ്രിക്കക്ക് 149 റണ്‍സിന്റെ മിന്നും വിജയം . സൗത്ത് ആഫ്രിക്ക ഉയര്‍ത്തിയ കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് വലിയ പോരാട്ടം ഒന്നും കൂടാതെ ബംഗ്ലാദേശ് കീഴടങ്ങി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത് ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 382 റണ്‍സാണ് അടിച്ച് കൂട്ടിയത്. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശിന്‍റെ പോരാട്ടം 233 റണ്‍സില്‍ അവസാനിച്ചു.