മദ്യ ലഹരിയിൽ കുടുംബത്തോടെ നീന്തൽകുളത്തിൽ; നാട്ടുകാർക്കും പോലീസിനും നേരെ യുവാവിന്റെ അസഭ്യവർഷം

മദ്യപിച്ച് ലക്ക് കെട്ട് നീന്തൽ കുളത്തിൽ ഭാര്യക്കും മക്കൾക്കും ഒപ്പം നീന്താനിറങ്ങിയ യുവാവിനെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം ചങ്ങരംകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ മാനേജറായ യുവതിയും ഭർത്താവും രണ്ട് മക്കളും ചേർന്നാണ് ചിറകുളത്തിൽ നീന്താൻ ഇറങ്ങിയത്.

ഇന്നലെ (ചൊവ്വ) വൈകിട്ടാണ് സംഭവം. മദ്യപിച്ച് ലക്ക്കെട്ട യുവാവ് കുളത്തിൽ കുട്ടികൾക്കൊപ്പം ഇറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട പ്രദേശത്തെ യുവാക്കൾ അപകട സാധ്യത ബോധ്യപ്പെടുത്തി കുളത്തിൽ നിന്ന് കയറാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ പ്രദേശവാസികളെ വെല്ലുവിളിക്കുകയും അസഭ്യം പറയുകയും ചെയ്തു. നേരം ഇരുട്ടിയിട്ടും കുളത്തിൽ നിന്ന് കയറാതെ നാട്ടുകാർക്ക് നേരെ ഇയാൾ അസഭ്യ വർഷം തുടർന്നതോടെ നാട്ടുകാർ ചങ്ങരംകുളം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് ചങ്ങരംകുളം എസ്ഐ യുടെ നേതൃത്വത്തിൽ പോലീസെത്തി ഇയാളോട് മക്കളെയും കൂട്ടി കുളത്തിൽ നിന്ന് കയറി പോവാൻ ആവശ്യപ്പെട്ടെങ്കിലും പോലീസിനോടും ഇയാൾ തട്ടിക്കയറുകയും അസഭ്യം പറയുകയും ചെയ്തു. പല തവണ ഇയാളോട് പോലീസ് കുളത്തിൽ നിന്ന് കയറിപ്പോവാൻ ആവശ്യപ്പെട്ടിട്ടും പോലീസിനെയും നാട്ടുകാരെയും വെല്ലുവിളിച്ച് അസഭ്യം പറയുന്നത് തുടർന്ന ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കേസെടുത്തതിന് ശേഷം ജാമ്യത്തിൽ വിട്ടെങ്കിലും ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ തേടിയുള്ള അന്വേഷണത്തിലാണ് പോലീസ്. ഇടുക്കി സ്വദേശിയായ ഇയാൾ അടുത്ത കാലത്താണ് കുടുംബത്തോടൊപ്പം ചിയ്യാനൂരിലെ വാടക ക്വോർട്ടേഴ്സിൽ താമസം തുടങ്ങിയത്.