ഇനി ‘ഇന്ത്യ’ ഇല്ല; ‘ഭാരതം’: പാഠപുസ്തകങ്ങളില്‍ മാറ്റം വരുത്താൻ ശുപാർശ

പാഠപുസ്തകങ്ങളില്‍ ഇനി ‘ഇന്ത്യ’യില്ല. രാജ്യത്തിന്റെ പേര് ഇന്ത്യ എന്നത് മാറ്റി ഭാരതം എന്നാക്കാന്‍ എന്‍സിഇആര്‍ടി ഉപദേശക സമിതി ശുപാര്‍ശ. സ്‌കൂള്‍ കരിക്കുലത്തില്‍ ഇനി മുതല്‍ ‘പ്രാചീന ചരിത്രത്തിന്’ പകരം ‘ക്ലാസിക്കല്‍ ചരിത്രം’ പഠിപ്പിക്കണമെന്നും ശുപാര്‍ശയുണ്ട്. സിഐ ഐസക്കിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ശുപാര്‍ശ നല്‍കിയത്. പരിഷ്‌കാരം നടപ്പിലാക്കുമെന്ന് ഐസക് വ്യക്തമാക്കി.

‘1757-ലെ പ്ലാസി യുദ്ധത്തിനു ശേഷം ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായപ്പോള്‍ രാജ്യത്തിന് ബ്രിട്ടീഷുകാര്‍ നല്‍കിയ പേരാണ് ഇന്ത്യ എന്നത്. അതുകൊണ്ട് പാഠപുസ്തകങ്ങളില്‍ ഇന്ത്യ എന്നത് മാറ്റി രാജ്യത്തിന്റെ യഥാര്‍ഥ പേരായ ഭാരതം എന്നാക്കാന്‍ സമിതി ശുപാര്‍ശ ചെയ്യുന്നു. 7,000 വര്‍ഷം പഴക്കമുള്ള വിഷ്ണുപുരാണത്തില്‍പ്പോലും ഭാരതം എന്ന് പരാമര്‍ശിക്കുന്നുണ്ട്,” ഐസക് പറഞ്ഞു. ഏഴംഗ സമിതി ഐകകണ്‌ഠ്യേന എടുത്ത തീരുമാനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുരാതന മധ്യകാല, ആധുനിക ചരിത്രമെന്നു വിഭജനമില്ലെന്നും പുരാണങ്ങള്‍ പഠിപ്പിക്കുന്നതില്‍ രാഷ്ട്രീയമില്ലെന്നും ഐസക് വ്യക്തമാക്കി.

രാജ്യത്തിന്റെ പേര് മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങിയിട്ട് ഏതാനും നാളുകളായിരുന്നു. ഡൽഹി ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെയിംപ്ലേറ്റിലും ‘ഇന്ത്യക്ക്’ പകരം ‘ഭാരതം’ എന്നായിരുന്നു.