പലസ്തീൻ പ്രതിഷേധവും വേറെ-വേറെ; ലീഗും – സമസ്തയും ഭിന്നിപ്പ് തുടരുന്നു; കോൺഗ്രസ് ഇടപെടും

Exclusive

മുസ്ലീം ലീഗിന് പിന്നാലെ പലസ്തീന് ഐക്യദാർഢ്യവുമായി സമസ്തയും രംഗത്ത്. 14 ജില്ലകളിലും പ്രാർത്ഥന സദസ്സ് സംഘടിപ്പിക്കാൻ സമസ്ത തീരുമാനിച്ചു. ഇന്ന് മലപ്പുറം ചേളാരിയിൽ ചേർന്ന സമസ്ത കോർഡിനേഷൻ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. 26 വ്യാഴാഴ്ച കോഴിക്കോട് കടപ്പുറത്ത് പാലസ്തീൻ ഐക്യദാർഡ്യ സദസ് സംഘടിപ്പിക്കാൻ ലീഗ് തീരുമാനിക്കുകയും പ്രഖ്യപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സമസ്തയും പലസ്തീന് ഐക്യദാർഢ്യവുമായി പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നത്.

ഈ മാസം 31ന് നാലു മണിക്ക് ജില്ലാ കേന്ദ്രങ്ങളിൽ പരിപാടി സംഘടിപ്പിക്കാനാണ് സമസ്ത തീരുമാനം. പ്രാർത്ഥന സദസ്സിനു മുന്നോടിയായി വരുന്ന വെള്ളിയാഴ്ച്ച പള്ളികളിൽ പലസ്തീൻ ഐക്യദാർഢ്യ പ്രാർത്ഥന സംഗമം നടത്താനും സമസ്ത നേതൃത്വം നിർദ്ദേശം നൽകി. എന്തായാലും പലസ്തീൻ വിയത്തിൽ പ്രത്യേകം പ്രത്യേകം പരിപാടികൾ സംഘടിപ്പിക്കുന്നത് ലീഗ് – സമസ്ത ഭിന്നത തുടരുന്നതിന്റെ സൂചനയാണ്.

കോഴിക്കോട് കടപ്പുറത്ത് ലക്ഷങ്ങൾ അണിനിരക്കുന്ന മുസ്ലിം ലീഗിന്റെ മഹാറാലിയും സമ്മേളനവും സമസ്തക്ക് നേരെയുള്ള ലീഗിന്റെ ശക്തി പ്രകടനം ആയി മാറും. സമ്മേളനത്തിൽ ആരെയും പ്രത്യേകം ക്ഷണിക്കില്ലെന്നും – ലോക്കൽ പൊളിറ്റിക്സ് ഇല്ല എന്നും പി കെ കുഞ്ഞാലിക്കുട്ടിയും- സലാമും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് സമസ്ത 31 ന് പ്രത്യേക പരിപാടി സംഘടിപ്പിച്ച് ശക്തി തെളിയിക്കാൻ ഒരുങ്ങുന്നത്.

മുജാഹിദ് വിഭാഗക്കാരനായ പി എം എ സലാം സമസ്ത നേതൃത്വത്തിനെതിരെ പറഞ്ഞ കുത്തുവാക്കുകൾ മറക്കാനും പൊറുക്കാനും സമസ്തയുടെ ‘മസ്തിഷ്ക’ ങ്ങൾക്ക് കഴിഞ്ഞിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ലീഗ് സമസ്ത ഭിന്നത യു ഡി എഫിന് തലവേദനയായിട്ടുണ്ട്. സമസ്തക്കുള്ളിലെ സി പി എം – കാരെ ലക്ഷ്യം വച്ച് ലീഗ് നേതൃത്വം നടത്തുന്ന നീക്കങ്ങൾ വേഗത്തിൽ ഒത്തുതീർന്നില്ലെങ്കിൽ അത് മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രതീക്ഷകളെ ബാധിക്കുമെന്നാണ് കോൺഗ്രസ് നേത്യത്വത്തിന്റെ വിലയിരുത്തൽ. വിഷയത്തിൽ കോൺഗ്രസ് ഒത്തുതീർപ്പ് ശ്രമം ആരംഭിക്കുമെന്നും സൂചനയുണ്ട്.