സൈനികർക്ക് ആദരമർപ്പിക്കാൻ പോയപ്പോള്‍ മുറിയിൽ പൂട്ടിയിട്ടു: രാഹുൽ ഗാന്ധി; പുൽവാമയിൽ ഇന്റലിജന്‍സ് വീഴ്ച, കാലതാമസം; വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് സത്യപാല്‍ മാലിക്

നാല്‍പത് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെടാനിടയായ 2019 ലെ പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ദേശീയ രാഷ്ട്രീയത്തെ ഉലയ്ക്കുന്ന ആരോപണങ്ങളുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും മുന്‍ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലികും. രാഹുല്‍ ഗാന്ധി പങ്കുവച്ച സത്യപാല്‍ മാലികുമായുള്ള സംഭാഷണത്തിന്റെ വീഡിയോയിലാണ് കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തലുകളുമായി ഇരുവരം രംഗത്തെത്തിയത്. പുൽവാമ ഭീകരാക്രമണം നടക്കാൻ കാരണം സർക്കാരിന്റെ ഭാഗത്ത് നിന്ന് സംഭവിച്ച വീഴ്ചകളാണെന്നും സത്യപാൽ മാലിക് ആരോപിച്ചു. സൈനികരുടെ സുരക്ഷ ഉള്‍പ്പെടെ കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് വലിയ വീഴ്ച സംഭവിച്ചു. പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികരുടെ മരണം കേന്ദ്ര സര്‍ക്കാര്‍ ഒരു ഇവന്റ് പോലെ നടപ്പാക്കിയെന്നും ജവാന്‍ മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവച്ചെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആക്ഷേപം. പുൽവാമയിൽ കേന്ദ്ര സർക്കാരിന് വീഴ്ചപറ്റിയെന്ന് സത്യപാൽ മാലിക്കും ആരോപിച്ചു. പുല്‍വാമ വിഷയത്തിന് പുറമെ അദാനി, മണിപ്പൂര്‍ വിഷയങ്ങളിലൂന്നിയായിരുന്നു ഇരു നേതാക്കളുടെയും സംഭാഷണം.സൈനികർക്ക് സഞ്ചരിക്കാൻ അഞ്ച് വിമാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ആവശ്യം അധികൃതര്‍ക്ക് മുന്നില്‍ മാസങ്ങളോളം കെട്ടിക്കിടന്നു. തീരുമാനത്തിലെ കാലതാമസം മൂലമാണ് സൈനികര്‍ക്ക് റോഡ് മാർഗ്ഗം സഞ്ചരിക്കേണ്ടി വന്നതിനുള്ള കാരണമെന്നും സത്യപാൽ മാലിക് പറയുന്നു. പാകിസ്താനിൽ നിന്ന് വന്ന സ്പോടകവസ്തുക്കളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നിരിക്കെ, സംഭവത്തിൽ നടന്ന ഇന്റലിജൻസ് വീഴ്ച്ച വളരെ വലുതാണെന്നും സത്യപാൽ മാലിക് പറയുന്നു. പുല്‍വാമയില്‍ വീഴ്ച സംഭവിച്ചെന്ന വിഷയത്തില്‍ പല കാര്യങ്ങളും വെളിപ്പെടുത്താതിരുന്നത് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തെ അത് ബാധിക്കുമോ എന്ന് കരുതിയായിരുന്നു. എന്നാൽ കാര്യമായ അന്വേഷണങ്ങളൊന്നും നടന്നിട്ടില്ല. എന്നാല്‍ ആക്രമണം നടന്ന് മൂന്നാം ദിനം പ്രധാനമന്ത്രി തന്നെ ആക്രമണത്തെ രാഷ്ട്രീയമായി ഉപയോഗിച്ച് പ്രസംഗിച്ചെന്നും സത്യപാല്‍ മാലിക് ആരോപിക്കുന്നു.
പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിക്കാൻ പോയപ്പോൾ വിമാനത്താവളത്തിൽ പൂട്ടിയിട്ടു. പ്രധാനമന്ത്രി അവിടെ ഉണ്ടായിരുന്നതിനാലാകാം അങ്ങനെ ചെയ്തത്. മുറിയിൽനിന്നും പുറത്തിറങ്ങാൻ പാടുപെട്ടു. വളരെ മോശമായ അനുഭവമായിരുന്നു അത്’’– രാഹുൽ ഗാന്ധി സംഭാഷണത്തിൽ പറഞ്ഞു.