‘ഹം’നു ശേഷം ബച്ചനും രജിനികാന്തും ഒന്നിച്ചഭിനയിക്കുന്നു; ചിത്രം പങ്കുവച്ച് തലൈവർ

33 വര്‍ഷത്തിനുശേഷമാണ് രജിനികാന്തും അമിതാഭ് ബച്ചനും വീണ്ടും ഒന്നിച്ചഭിനയിക്കുന്നത്. മുംബൈയിലെത്തിയ രജിനി, ബച്ചനൊപ്പമുള്ള ചിത്രങ്ങള്‍ എക്‌സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു.

‘ 33 വർഷങ്ങൾക്ക് ശേഷം ഞാൻ എന്റെ മാർഗദശിയും പ്രതിഭാസവുമായ അമിതാഭ് ബച്ചനൊപ്പം അഭിനയിക്കുന്നു. ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ലൈക പ്രൊഡക്ഷൻസിന്റെ തലൈവർ 170. എന്റെ ഹൃദയം സന്തോഷം കൊണ്ട് ഇടിക്കുന്നു’- തലൈവർ എക്സിൽ കുറിച്ചു. കൂടാതെ ബച്ചനൊപ്പമുളള ചിത്രവും രജനികാന്ത് ഷെയർചെയ്തു.

1991 ൽ റിലീസ് ചെയ്ത ഹം ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ അമിതാഭ് ബച്ചൻ-രജനികാന്ത് ചിത്രം. ഹം വൻ വിജയമായിരുന്നു.

ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന തലൈവര്‍ 170′ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പുനഃരാരംഭിച്ചു. രജിനികാന്തും അമിതാഭ് ബച്ചനും ഒന്നിച്ചുള്ള ഷെഡ്യൂള്‍ മുംബൈയിലാണ് ഷൂട്ട് ചെയ്യുന്നത്. ചിത്രത്തില്‍ നിര്‍ണായക കഥാപാത്രത്തെയാണ് ബച്ചൻ അവതരിപ്പിക്കുന്നത്.

ജയിലറിന് ശേഷം രജനികാന്ത് പ്രധാനവേഷത്തിൽ എത്തുന്ന ചിത്രമാണ് തലൈവർ 170. തിരുവനന്തപുരത്തെയും തിരുനെല്‍വേലിയിലെയും ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ചിത്രത്തിന്റെ ഷൂട്ടിങ് മുംബൈയിൽ പുനഃരാരംഭിച്ചത്. യഥാര്‍ത്ഥ സംഭവത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ‘തലൈവര്‍ 170’ ല്‍ രജിനികാന്ത് പോലീസ് വേഷത്തില്‍ എത്തുന്നതായാണ് റിപ്പോര്‍ട്ട്. മഞ്ജു വാര്യർ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
വ്യാജ ഏറ്റുമുട്ടലുകളെ കേന്ദ്രീകരിച്ചുള്ള പ്രമേയമാണ് ചിത്രം പറയുന്നതെന്ന് സൂചനയുണ്ട്. രജിനികാന്തിനൊപ്പം ഫഹദ് ഫാസില്‍, റാണ ദഗ്ഗുബതി, റിതിക സിങ്, ദുഷാര വിജയന്‍, രക്ഷന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്യുന്നത്.