ആഡംബര ബൈക്ക് മോഷണ സംഘം പെരിന്തൽമണ്ണയിൽ പിടിയിൽ

പിടിയിലായത് നിരവധി ബൈക്ക് മോഷണക്കേസുകളിലെ പ്രതിയുള്‍പ്പടെ മൂന്നുപേര്‍. പെരിന്തല്‍മണ്ണ പോലീസ് തുമ്പുണ്ടാക്കിയത് പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നടന്ന പതിനഞ്ചോളം ആഡംബര ബൈക്ക് മോഷണ കേസുകള്‍ക്കും ക്ഷേത്രമോഷണ കേസുകള്‍ക്കുമാണ്.

പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകള്‍ കേന്ദ്രീകരിച്ച് റോഡരികില്‍ പാര്‍ക്ക് ചെയ്തതും വീടുകളില്‍ നിര്‍ത്തിയിട്ടതുമായ വിലകൂടിയ ബൈക്കുകള്‍ രാത്രികളില്‍ മോഷണം നടത്തുന്ന മൂന്നംഗ സംഘം പെരിന്തല്‍മണ്ണയില്‍ പോലീസിന്‍റെ പിടിയില്‍. പിടിയിലായത് നിരവധി ബൈക്ക് മോഷണക്കേസുകളിലെ പ്രതി ചെര്‍പ്പുളശ്ശേരി ചലവറ സ്വദേശി കൊട്ടുതൊടി മുഹമ്മദ് ബിലാല്‍ (23), താനാളൂര്‍ വട്ടത്താനി സ്വദേശി കൊല്ലടത്ത് മുഹമ്മദ് ഫസലു (23), കോട്ടയം അറനൂറ്റിമംഗലം സ്വദേശി പാറശ്ശേരി അനന്തു (25) എന്നിവരെയാണ് പെരിന്തല്‍മണ്ണ സി.ഐ. പ്രേംജിത്ത്, എസ്.ഐ. ഷിജോ.സി.തങ്കച്ചന്‍ എന്നിവരും സംഘവും അറസ്റ്റ് ചെയ്തത്.

ഒരു മാസത്തിനിടെ പെരിന്തല്‍മണ്ണ ടൗണിലും പരിസരപ്രദേശങ്ങളിലെ വീടുകളിലും നിര്‍ത്തിയിട്ട വിലകൂടിയ ബൈക്കുകള്‍ രാത്രികളില്‍ മോഷണം പോയതായി കേസുകള്‍ റിപ്പോര്‍ട്ടായതിനെ തുടര്‍ന്ന് മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ്ന്റെ നിര്‍ദ്ദേശപ്രകാരം പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.സന്തോഷ് കുമാറിന്‍റെ നേതൃത്വത്തില്‍ സി.ഐ.പ്രേംജിത്ത്, എസ്.ഐ. ഷിജോ.സി.തങ്കച്ചന്‍, എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെകുറിച്ച് വ്യക്തമായ സൂചന ലഭിക്കുന്നത്.

അന്വേഷണത്തിനിടയില്‍ ജില്ലയില്‍ പല ഭാഗങ്ങളില്‍ നിന്നും ഇത്തരത്തില്‍ ബൈക്കുകള്‍ മോഷണം പോയതായും മോഷണ ബൈക്കുകളില്‍ വ്യാജ നമ്പര്‍പ്ലേറ്റുകള്‍ വച്ചും രൂപഘടനയില്‍ മാറ്റംവരുത്തിയും കറങ്ങിനടന്ന് രാത്രിയില്‍ പെട്രോള്‍ പമ്പുകളില്‍ നിന്ന് ഫുള്‍ടാങ്ക് പെട്രോള്‍ അടിക്കുകയും പണം കൊടുക്കാതെ പോവുകയും ചെയ്തതായി പെട്രോള്‍ പമ്പ് ഉടമകളില്‍ നിന്ന് പരാതികളും വന്നിരുന്നു. തുടര്‍ന്ന് പെരിന്തല്‍മണ്ണ ടൗണില്‍ രാത്രികളില്‍ പ്രത്യേക പട്രോളിംഗ് ഏര്‍പ്പെടുത്തുകയും പ്രതികള്‍ ബൈക്കില്‍ പെരിന്തല്‍മണ്ണ ഭാഗത്തേക്ക് വരുന്ന സമയം കഴിഞ്ഞദിവസം രാത്രിയില്‍ മൂന്നുപേരെ പോലീസ് സംഘം പിടികൂടുകയുമായിരുന്നു.

കൂടുതല്‍ ചോദ്യം ചെയ്തതില്‍ നിന്നും മോഷണം നടത്തിയ ബൈക്കുകളില്‍ കറങ്ങിനടന്ന് ക്ഷേത്രങ്ങളിലും റോഡരികില്‍ സ്ഥാപിച്ചിട്ടുള്ള പള്ളികളുടേയും മറ്റും ഭണ്ഡാരങ്ങളുടെ പൂട്ട് തകര്‍ത്ത് പണം മോഷണം നടത്തിയതായും വ്യക്തമായിട്ടുണ്ട്. കൂടാതെ കോഴിക്കോട് , പാലക്കാട് , കോങ്ങാട്, കോട്ടക്കല്‍, വളാഞ്ചേരി, പെരിന്തല്‍മണ്ണ, താനൂര്‍,പൊന്നാനി, എന്നിവിടങ്ങളില്‍ നിന്നായി വില കൂടിയ പതിനഞ്ചോളം ബൈക്കുകള്‍ പ്രതികള്‍ മോഷണം നടത്തിയതായും വ്യക്തമായിട്ടുണ്ട്.

മോഷണം നടത്തിയ ബൈക്കുമായി കൊയമ്പത്തൂരിലേക്ക് കടക്കുകയാണ് പതിവ്. മുഹമ്മദ് ബിലാലിന്‍റെ പേരില്‍ തൃശ്ശൂര്‍, കോഴിക്കോട്, പാലക്കാട്, മലപ്പുറം, ജില്ലകളിലായി ഇരുപത്തഞ്ചിലധികം മോഷണക്കേസുകള്‍ നിലവിലുണ്ട്. മുഹമ്മദ് ഫസലു തൃശ്ശൂരില്‍ ഒരു ബൈക്ക് മോഷണക്കേസും അനന്തു കോട്ടയത്ത് ലഹരിക്കേസിലും പ്രതിയാണ്‌. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണെന്നും സംഘത്തില്‍ കൂടുതല്‍പേരുള്‍പെട്ടിട്ടുണ്ടോ എന്നും മറ്റുമുള്ള അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങുമെന്നും ഡിവൈഎസ്പി എം.സന്തോഷ്കുമാര്‍, സി.ഐ.പ്രേംജിത്ത് എന്നിവര്‍ അറിയിച്ചു.