Breaking
18 Sep 2024, Wed

‘സഖാവായതിന്റെ പ്രിവിലേജാണോ’; വിനായകനെ ജാമ്യത്തില്‍ വിട്ടതില്‍ ഉമാ തോമസ്; ഒരു സ്വാധീനത്തിനും വഴങ്ങുകയില്ലെന്ന് ഡിസിപി

കൊച്ചി: പൊലീസ് സ്റ്റേഷനിലെത്തി ബഹളം വെക്കുകയും പൊലീസുകാര്‍ക്ക് നേരെ അസഭ്യം പറയുകയും ചെയ്ത നടന്‍ വിനായകനെതിരെ ഉമ തോമസ് എംഎല്‍എ. അന്തസായി പണിയെടുക്കുന്ന ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നതാണ് വിനായകന്റെ പ്രവര്‍ത്തിയെന്ന് ഉമാ തോമസ് എഫ് ബിയിൽ വിമര്‍ശിച്ചു. ‘ഇത്രയും മോശമായി സ്റ്റേഷനില്‍ വന്ന് പെരുമാറിയിട്ടും, ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയിട്ടും ജാമ്യത്തില്‍ വിട്ടത് ‘സഖാവായതിന്റെ പ്രിവിലേജാണോ’, അതോ ക്ലിഫ് ഹൗസില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശത്തെ തുടര്‍ന്നാണോ’ എന്നും ഉമാ തോമസ് ചോദിച്ചു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.

ഉമാ തോമസിന്‍റെ പ്രതികരണത്തിന്‍റെ പൂർണ്ണരൂപം: എറണാകുളം നോർത്ത് സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എസ് എച്ച് ഒ – ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരെ ലഹരിയ്ക്ക് അടിമയായ വിനായകൻ ചീത്ത വിളിച്ച് നടത്തിയ പേക്കൂത്തുകൾ മാധ്യമങ്ങളിലൂടെ നമ്മൾ എല്ലാവരും കണ്ടുകൊണ്ടിരിക്കുകയാണ്..

ഇത്രയും മോശമായി സ്റ്റേഷനിൽ വന്ന് പെരുമാറിയിട്ടും, ഉദ്യോഗസ്ഥരുടെ ഡ്യുട്ടി തടസ്സപ്പെടുത്തുകയും ചെയ്തിട്ടും ദുർബലമായ വകുപ്പുകൾ ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ പറഞ്ഞ് വിട്ടത് ‘സഖാവായതിന്റെ പ്രിവിലേജാണോ’, അതോ ക്ലിഫ് ഹൗസിൽ നിന്ന് ലഭിച്ച നിർദേശത്തെ തുടർന്നാണോ എന്ന് അറിയാൻ താല്പര്യമുണ്ട്..

അത് എന്ത് തന്നെയായാലും അന്തസായി പണിയെടുക്കുന്ന ഒരു വിഭാഗം പൊലിസ് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നത് കൂടിയാണ് എന്ന് പറയാതെ വയ്യ.

കഴിഞ്ഞ ദിവസം എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയ വിനായകനെ വൈദ്യപരിശോധനയ്ക്ക് ശേഷം ജാമ്യത്തില്‍ വിടുകയായിരുന്നു. പിന്നാലെയാണ് ഉമാ തോമസിന്റെ പ്രതികരണം. ഉച്ചയ്ക്ക് സ്റ്റേഷനില്‍ വിളിച്ച് കുടുംബ പ്രശ്‌നങ്ങളില്‍ പരാതിപ്പെട്ട വിനായകന്‍ വൈകിട്ട് സ്റ്റേഷനില്‍ എത്തി പ്രശ്‌നം ഉണ്ടാക്കുകയായിരുന്നു. ലഹരി ഉപയോഗിച്ചാണ് വിനായകന്‍ എത്തിയതെന്ന് പൊലീസ് പറഞ്ഞു.

പൊലീസ് സ്റ്റേഷനിലെത്തി ബഹളം വെച്ച നടൻ വിനായകന് പരമാവധി ശിക്ഷയാണ് വിനായകന് നൽകിയതെന്ന് കൊച്ചി ഡി സി പി ശശിധരൻ പറഞ്ഞു. പൊലീസ് ഒരു തരത്തിലുള്ള സ്വാധീനത്തിനും വഴങ്ങുകയില്ല. മുമ്പും വിനായകൻ സ്റ്റേഷനിൽ വന്ന് പ്രശ്നമുണ്ടാക്കിയിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *