23 ലക്ഷം തീർന്നതോടെ യാത്രപ്പടിക്കായി 10 ലക്ഷം കൂടി വേണമെന്ന് ഷംസീർ; അനുവദിച്ച് ബാലഗോപാൽ

സ്പീക്കർ എ.എൻ. ഷംസീറിന് യാത്രപ്പടി നൽകാൻ 10 ലക്ഷം അനുവദിച്ചു. ഈ മാസം 21 ന് ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് അധിക ഫണ്ടായി 10 ലക്ഷം അനുവദിച്ചത്.

23 ലക്ഷം രൂപയായിരുന്നു സ്പീക്കർക്ക് യാത്രപ്പടി നൽകാൻ ബജറ്റിൽ വകയിരുത്തിയിരുന്നത്. ഈ തുക യാത്രപ്പടി ഇനത്തിൽ ചെലവായതോടെയാണ് 10 ലക്ഷം രൂപ അധിക ഫണ്ടായി ധനവകുപ്പ് അനുവദിച്ചത്.

ഇതോടെ ഷംസിറിന്റെ യാത്രപ്പടിയുടെ ആകെ ചെലവ് 33 ലക്ഷമായി ഉയരും.ഘാനയിൽ നടന്ന കോമൺവെൽത്ത് പാർലമെന്ററി കോൺഫറൻസിൽ പങ്കെടുക്കാൻ ഒക്ടോബർ 1 ന് ഷംസീർ പോയതു കുടുംബ സമേതം ആയിരുന്നു. തുടർന്ന് ഇറ്റലി, സ്വിറ്റ്സർലണ്ട്, ജർമ്മനി എന്നി രാജ്യങ്ങൾ സന്ദർശിച്ച് ഒക്ടോബർ 16 നാണ് ഷംസിറും കുടുംബവും തിരിച്ചെത്തിയത്.

വിദേശസന്ദർശനം നടത്തുമ്പോൾ മുഖ്യമന്ത്രി കുടുംബ സമേതം യാത്ര ചെയ്യുന്ന മാതൃകയിലായിരുന്നു ഷംസിറിന്റെ യാത്രയും. അടുത്തിടെ പുതിയ ഇന്നോവ ക്രിസ്റ്റയും ഷംസിറിനായി വാങ്ങിയിരുന്നു.

ഷംസീർ സ്പീക്കറായതിനു ശേഷം നിയമസഭയിൽ നടക്കുന്ന പല കാര്യങ്ങളും കേട്ട് കേൾവിയില്ലാത്തതും ഖജനാവിന് ഭാരിച്ച ചെലവ് വരുന്നതുമാണ്. അന്താരാഷ്ട്ര പുസ്തകമേളയാണ് അതിലൊന്ന്. മുൻകാല സ്പീക്കർമാർ ആരും പുസ്തകമേള നിയമസഭയിൽ സംഘടിപ്പിച്ചിട്ടില്ല.

2 കോടി രൂപയാണ് നവംബർ 1 മുതൽ നിയമസഭയിൽ നടക്കുന്ന പുസ്തകമേളക്ക് ധനവകുപ്പ് അനുവദിച്ചത്. ചിന്ത പബ്ളിക്കേഷൻസിലെ ആരും വായിക്കാത്ത കെട്ടി കിടക്കുന്ന പുസ്തകങ്ങൾ പുസ്തകമേളയുടെ മറവിൽ വിറ്റഴിക്കപ്പെടുന്നു എന്ന ആരോപണങ്ങളും ഉയരുന്നു.

ജീവനക്കാർക്ക് ഖജനാവിൽ നിന്ന് പണം ചെലവഴിച്ച് ഷംസിർ ഓണസദ്യ നൽകിയതും വിവാദമായിരുന്നു. ഓണ സദ്യ തികയാതെ വന്നതാണ് വിവാദത്തിന് കാരണം. കൊടിയേരി ബാലകൃഷ്ണന്റെ ശുപാർശയിലായിരുന്നു ഷംസീർ സ്പീക്കർ ആയത്. പുതിയ കാറും കുടുംബ സമേതം ഉള്ള വിദേശ യാത്രയും യാത്രപ്പടി ഇനത്തിലെ ലക്ഷങ്ങളും ധൂർത്തും ആയി പിണറായി ശൈലിയിലാണ് ഷംസിറിന്റെ നിയമസഭ ഭരണവും.