മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച സംഭവം: സുരേഷ് ഗോപിക്കെതിരെ KUWJ വനിതാ കമ്മീഷന് പരാതി നല്‍കി

മീഡിയവണ്‍ സ്പെഷ്യല്‍ കറസ്പോണ്ടന്റ് ഷിദാ ജഗത്തിനെ അപമാനിച്ച നടനും മുന്‍ എം.പിയുമായ സുരേഷ് ഗോപിക്കെതിരെ കെ.യു.ഡബ്ല്യു.ജെ വനിതാ കമ്മീഷന് പരാതി നല്‍കി.

തൊഴിലെടുക്കുന്ന സ്ത്രീകളെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്ന നടപടിയാണ് സുരേഷ് ഗോപിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഇതിനെതിരെ കമ്മീഷന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കെ.യു.ഡബ്ല്യു.ജെ പരാതിയില്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം കോഴിക്കോട് കെ.പി.എം ട്രൈസെന്‍ഡ ഹോട്ടലിന് മുന്നില്‍ വാര്‍ത്തക്കായി ബൈറ്റ് എടുക്കുമ്പോഴായിരുന്നു സുരേഷ് ഗോപി ഷിദയെ അപമാനിക്കുന്ന രീതിയില്‍ പെരുമാറിയത്. സുരേഷ് ഗോപിക്ക് ഇഷ്ടപ്പെടാത്ത ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ കൈവെക്കുമ്പോള്‍ അവര്‍ ഒഴിഞ്ഞുമാറുകയും കൈ തട്ടിമാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ സമാന പ്രവൃത്തി അദ്ദേഹം വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ കൈ പിടിച്ചു മാറ്റേണ്ടിവരികയായിരുന്നു.

സുരേഷ് ഗോപിക്കെതിരെ ഷിദ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശത്തോടെ പെരുമാറുകയും ചെയ്ത സുരേഷ് ഗോപിക്കെതിരെ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. നടക്കാവ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവമായതിനാല്‍ പരാതി നടക്കാവ് പൊലീസിന് കൈമാറിയതായി പൊലീസ് പറഞ്ഞു.