വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്‌ടോപ്പ്, 15 ലക്ഷത്തിന്റെ ആരോഗ്യ ഇൻഷുറൻസ്; രാജസ്ഥാനിൽ വമ്പൻ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ്

രാജസ്ഥാനിൽ തുടർഭരണം ലക്ഷ്യമിട്ട് ജനങ്ങൾക്ക് വമ്പൻ വാഗ്ദാനങ്ങളുമായി കോൺഗ്രസ്. നിയമസഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ജനങ്ങൾക്കായി അഞ്ച് ഉറപ്പുകളാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.

കഴിഞ്ഞ ദിവസം കോൺഗ്രസ് ഇലക്ഷൻ വാർ റൂമിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്‌ടോപ്പുകൾ അടക്കം കോൺഗ്രസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ബിജെപിയെ ഇത്തവണയും പ്രതിരോധിച്ച് വീണ്ടും അധികാരം എന്ന ലക്ഷ്യം മാത്രമാണ് കോൺഗ്രസിനുള്ളത്.

സർക്കാർ കോളേജുകളിൽ പഠിക്കുന്ന ആദ്യ വർഷ ബിരുദ വിദ്യാർത്ഥികൾക്ക് സൗജന്യമായി ലാപ്‌ടോപ്പ് വിതരണം ചെയ്യുമെന്നാണ് അശോക് ഗെഹ്ലോട്ട് പ്രഖ്യാപിച്ചത്. ഇതോടൊപ്പം എല്ലാ വിദ്യാർത്ഥികൾക്കും ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം നേടിയെടുക്കാനുള്ള അവസരമുണ്ടാക്കുമെന്നും കോൺഗ്രസ് പുറത്തുവിട്ട പ്രകടന പത്രികയിൽ വ്യക്തമാക്കുന്നു.

പഴയ പെൻഷൻ പദ്ധതി ശക്തിപ്പെടുത്തുന്നതിനുള്ള ഒരു നിയമ ചട്ടക്കൂട് നടപ്പിലാക്കും. ചാണക സംഭരണത്തിന് കിലോയ്ക്ക് രണ്ട് രൂപ നിരക്ക് ഉറപ്പാക്കും. അടിയന്തര സാഹചര്യത്തിൽ 15 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന ചിരഞ്ജീവി ഹെൽത്ത് ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കും എന്നിങ്ങനെയാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ മുന്നോട്ടുവയ്ക്കുന്ന ഉറപ്പുകൾ.

വാർത്താ സമ്മേളനത്തിൽ കഴിഞ്ഞ കോൺഗ്രസ് കാലത്തെ ഭരണ നേട്ടങ്ങൾ അശോക് ഗെഹ്ലോട്ട് എടുത്തുപറഞ്ഞു. കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുമെന്ന രാഹുൽ ഗാന്ധിയുടെ ഉറപ്പ് സമയബന്ധിതമായി നടപ്പാക്കിയെന്നും ഗെഹ്ലോട്ട് വ്യക്തമാക്കി. ഏഴ് ദിവസങ്ങൾ കൊണ്ട് കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുമെന്നാണ് പ്രഖ്യാപിച്ചത്. അത് അതുപോലെ തന്നെ നടപ്പാക്കിയെന്നും ഗെഹ്ലോട്ട് പറഞ്ഞു.