‘ക്ഷമ’ ചോദിച്ച് സുരേഷ് ഗോപി; കേസ് നൽകി മാധ്യമ പ്രവർത്തക

‘ഏതെങ്കിലും രീതിയിൽ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ താൻ ക്ഷമ ചോദിക്കുന്നതായി സുരേഷ് ഗോപി.

വനിതാ മാധ്യമപ്രവര്‍ത്തകയോട് അപര്യാദയായി പെരുമാറിയ സംഭവത്തില്‍ മാപ്പു ചോദിച്ച് നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി. മാധ്യമങ്ങളുടെ മുന്നിൽ വെച്ചു വാത്സല്യത്തോടെ തന്നെയാണ് പെരുമാറിയതെന്നും ഏതെങ്കിലും രീതിയിൽ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ താൻ ക്ഷമ ചോദിക്കുന്നതായും സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.

ഇന്നലെ കോഴിക്കോടു വെച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മീഡിയവൺ കോഴിക്കോട് ബ്യൂറോയിലെ സ്പെഷ്യല്‍ കറസ്പോണ്ടന്‍റിനോട് മോശമായി പെരുമാറിയത്. ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയുടെ തോളില്‍ വെച്ച കൈ അവർ അപ്പോള്‍ തന്നെ തട്ടിമാറ്റിയിരുന്നു. താന്‍ നേരിട്ട മോശം നടപടിയില്‍ നിയമനടപടി സ്വീകരിക്കുമെന്ന് മാധ്യമ പ്രവർത്തക അറിയിച്ചു. സുരേഷ് ഗോപിക്കെതിരെ വനിതാ കമ്മീഷനില്‍ പരാതി നല്കുമെന്നും സുരേഷ് ഗോപി മാപ്പ് പറയണമെന്നും കേരള പത്രപ്രവർത്തക യൂണിയന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ സുരേഷ് ഗോപിയെ വേട്ടയാടുകയാണെന്ന വാദവുമായി ബി ജെ പി ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. Kuwj സംസ്ഥാന ജനറൽ സെക്രട്ടറി കിരൺ ബാബു വിനെതിരെ മാധ്യമ പ്രവർത്തക നൽകിയ മുൻ പീഡന പരാതിയുടെ FIR കോപ്പി പ്രചരിപ്പിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ചലച്ചിത്ര മേഖലയിൽ വർഷങ്ങളുടെ പാരമ്പര്യമുള്ള സുരേഷ് ഗോപിക്കെതിരെ ഒരു തരത്തിലുമുള്ള സ്ത്രീ വിരുദ്ധ ആക്ഷേപവും മുമ്പുണ്ടായിട്ടില്ല എന്ന സാഹചര്യത്തിൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന വിവാദം രാഷ്ട്രീയ ലക്ഷ്യത്തോടെ ആണെന്നും അവർ പറയുന്നു. സുരേഷ് ഗോപി ക്ഷമ ചോദിച്ച സാഹചര്യത്തിൽ തുടർ നിയമ നടപടികളിലേക്ക് കടക്കേണ്ടതില്ല എന്നും അവർ ആവശ്യപ്പെടുന്നു.